ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, January 14, 2018

ഇന്ദ്രിയത്തെ പ്രചോദിപ്പിക്കുന്ന പ്രകാശമാണ് ദേവന്‍ - ഗീതാദര്‍ശനം,




അശ്വത്ഥഃ സര്‍വവൃക്ഷാണാം
ദേവര്‍ഷീണാം ച നാരദഃ
ഗന്ധര്‍വാണാം ചിത്രരഥഃ
സിദ്ധാനാം കപിലോ മുനിഃ  (ഭഗവദ്ഗീത 10 /26)



വൃക്ഷകുലത്തില്‍ അരയാലും ദേവര്‍ഷിമാരില്‍ നാരദനും ഗന്ധര്‍വന്മാരില്‍ ചിത്രരഥനും സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്.


ഏറ്റവും ചെറിയ വിത്തില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ മരം അരയാലാണ്. വേടിറക്കി സ്വയം നവീകരിക്കുന്നതിനാല്‍ അത് അനേകനൂറ്റാണ്ടുകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. അതിന്റെ ഓരോ ഇലയും സദാസമയവും ജപയജ്ഞത്തിലാണ്. ഇഴജന്തുക്കള്‍ക്ക് കഴിയാനുള്ള പൊത്തുകള്‍ മുതല്‍ അനേകതരം ജീവജാലങ്ങള്‍ക്ക്, വിശേഷിച്ചും കിളികള്‍ക്ക്, ആവാസവും ആശ്രയവും ഭക്ഷണവും നല്‍കുന്നതിനു പുറമേ വഴിയാത്രക്കാര്‍ക്ക് അത് തണലേകുകയും ചെയ്യുന്നു. ജീവമണ്ഡലത്തിലെ സന്തുലിതാവസ്ഥയുടെ പ്രതീകമാണ് അരയാല്‍. ഇങ്ങനെ അരയാലിന് പരംപൊരുളുമായുള്ള സാധര്‍മ്യങ്ങള്‍ ഏറെയാണ്.ഏഷണി പറഞ്ഞ് കുഴപ്പമുണ്ടാക്കുന്ന ഒരാളായാണ് നാരദനെ കഥകളിലും സിനിമകളിലും സീരിയലുകളിലും കാണുക.



ദേവര്‍ഷി എന്നത് ഒരു സങ്കല്പമാണ്. സത്വഗുണപ്രധാനമായ പ്രകാശത്തിന്റെ ഒരു അവതാരം. ദേവര്‍ഷിമാര്‍ക്കിടയില്‍ നാരദന്‍ ഭക്തിയില്‍ ഒന്നാമനാണ്. അദ്ദേഹം നടത്തുന്ന 'ഏഷണി'കളുടെ പരിസമാപ്തി ഈശ്വരചിന്തയുടെ സംസ്ഥാപനമാണ്. മോക്ഷത്തിനുള്ള ഉപാധികളില്‍ ഏറ്റവും പ്രധാനമായത് ഭക്തിയാണല്ലോ.


ഇന്ദ്രിയത്തെ പ്രചോദിപ്പിക്കുന്ന പ്രകാശമാണ് ദേവന്‍. ആ ദേവന്‍ ഈ ദേവര്‍ഷിയാകുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും രുചിക്കുന്നതും മണക്കുന്നതും തൊട്ടറിയുന്നതുമൊക്കെ പരംപൊരുളായിത്തീരുന്നു. വാക്കും പ്രവൃത്തിയുമെല്ലാം പരമാത്മാരാധനയാവുന്നു.


സ്വര്‍ഗമെന്ന സങ്കല്പത്തിലെ ഗായകരും കലാകാരന്മാരുമാണ് ഗന്ധര്‍വന്മാര്‍. വസ്തുക്കളുടെ ഏറ്റവും സൂക്ഷ്മമായ രസമാണ് ഗന്ധം. സൂക്ഷ്മമായ രസങ്ങള്‍ ആസ്വദിക്കത്തക്കവണ്ണം മനസ്സില്‍ സൗന്ദര്യബോധം വളര്‍ത്തിയെടുത്ത വരാണ് ഗന്ധര്‍വന്മാര്‍. അവരില്‍ മുന്‍നിരക്കാരന്‍ ചിത്രരഥന്‍. അതായത്, ആരാണോ കലകളിലും കലാസ്വാദനത്തിലും അഗ്രഗണ്യര്‍ അവര്‍ ഞാനാകുന്നു എന്നു താത്പര്യം. കാരണം, കലാകാരന്‍ സ്രഷ്ടാവാണ്. ലയമാണ് കലയുടെ സാഫല്യം. അത് തുരീയാവസ്ഥയ്ക്കു തുല്യവുമാണ്.



സഹൃദയരെല്ലാം ചിത്രരഥന്‍മാരാണ്. കല എന്തിനു വേണ്ടി എന്ന ചോദ്യത്തിന് ഇതാ ഉത്തരം: കലയുടെ പരമപ്രയോജനം മനുഷ്യമനസ്സില്‍ പരമാത്മസാരൂപ്യത്തിന് കളമൊരുക്കലാണ്.



ഭൗതികലോകത്ത് പ്രദര്‍ശിപ്പിക്കാവുന്ന അദ്ഭുതസിദ്ധികള്‍ക്കായി പ്രയത്‌നിച്ച് അതു നേടിയവരെയാണ് സാധാരണയായി സിദ്ധന്മാര്‍ എന്നു പറയാറ്. എന്നാല്‍ കപിലമഹര്‍ഷി സാംഖ്യദര്‍ശനത്തിന്റെ ഉപജ്ഞാതാവായ മഹാചിന്തകനാണ്. ആ ദര്‍ശനത്തിന്റെ ലക്ഷ്യമാകട്ടെ അഷ്‌ടൈശ്വര്യസിദ്ധികളല്ല, കൈവല്യമാണ്. ഈ കൈവല്യവും വേദാന്തപ്രസിദ്ധമായ മോക്ഷവും തമ്മില്‍ ഭേദമില്ല. ദര്‍ശനങ്ങളുടെ സാരൂപ്യം സാക്ഷ്യപ്പെടുത്തുന്നതിനു പുറമേ ഈ പ്രഖ്യാപനം മനുഷ്യ ജീവിത ത്തിലെ യഥാര്‍ഥ'സിദ്ധി' എന്തായിരിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.


(തുടരും.....)

കടപ്പാട് : ശ്രീ. സി. രാധാകൃഷ്ണന്‍ - ഗീതാദര്ശനം.

No comments:

Post a Comment