വിദ്യ, അവിദ്യ എന്നിങ്ങനെ ശക്തിക്കു രണ്ടു നാമങ്ങളുണ്ട്. വിദ്യയും ശക്തിയും ഭക്തിയുംകൊണ്ട് ഞാന്‍ മുന്‍പു പറഞ്ഞ സിദ്ധികള്‍ ലഭിക്കും. അവിദ്യയോടുചേര്‍ന്നുള്ള ഭക്തികൊണ്ട് കോട്ടമേറിയ ജന്മങ്ങള്‍ വന്നുചേരും. ശുദ്ധസാത്വിക ഗുണത്തോടുചേര്‍ന്നതാണു വിദ്യ.
തമോരജസ്സുകള്‍ ചേര്‍ന്നതാണു അവിദ്യ. മുന്‍പില്‍ നില്‍ക്കുന്ന അവിദ്യ ബുദ്ധിരൂപിണിയും പിന്നില്‍ നില്‍ക്കുന്ന വിദ്യ മനോരൂപിണിയുമാണ്. ചിത്തത്തില്‍ നിന്ന് ബുദ്ധിയെ താഴ്ത്തണമെന്നു ഞാന്‍ മുന്‍പ് പറഞ്ഞത് ഇതുകൊണ്ടാണ്.
ചിത്തം ബ്രഹ്മത്തിലൊട്ടിയാല്‍ അപ്പോള്‍ത്തന്നെ വിദ്യയും പോയി അവന്‍ നിര്‍ഗുണനായിവരും. പുണ്യകര്‍മ്മയുതമാണു വിദ്യ. പാപകര്‍മ്മയുതമാണു അവിദ്യ. ദൃഢനിശ്ചയവും, ധൈര്യവും, ഈശ്വരനുണ്ടെന്നുള്ള വിശ്വാസവും, നല്ല സന്തോഷവും, കാരുണ്യവുമെല്ലാമാണു നല്ല സാത്വികലക്ഷണങ്ങള്‍.
ഗര്‍വ്, അസൂയ, താന്‍ മറ്റുള്ളവരേക്കാളെല്ലാം യോഗ്യനെന്ന ചിന്ത, നല്ലവന്‍ എന്ന പേരുകേള്‍ക്കുവാന്‍ നല്ലകര്‍മ്മങ്ങള്‍ ഓരോന്നുചെയ്യുക, ഡംഭം ഇത്യാദികളാണു രാജസലക്ഷണം. അജ്ഞാനം, പകല്‍ നേരത്തുള്ള ഉറക്കം, വിജ്ഞാനസിദ്ധി ഇല്ലാതിരിക്കല്‍, ചാപല്യം, അതിമോഹം, എപ്പോഴും പാപകര്‍മ്മങ്ങളില്‍ ഉറച്ച ബുദ്ധി ഇത്യാദികളെല്ലാമാണു തമോഗുണലക്ഷണം. അധികം വിസ്തരിക്കാതെ ഇവയെല്ലാം ഞാന്‍ അങ്ങയോടുചുരുക്കിപ്പറഞ്ഞു.
ഉത്തമം, മധ്യമം, അധമം എന്നിങ്ങനെ ഭക്തി മൂന്നുവിധത്തിലുണ്ട്. നിഷ്‌കാമചേതസ്സോടെഎന്നെ സര്‍വനാഥനെന്നു എപ്പോഴും ചിന്തിച്ച് ജീവവൃന്ദങ്ങളില്‍ കാരുണ്യത്തോടെകഴിയുന്നതും, എല്ലാകാലത്തും തന്നാല്‍കഴിയുന്ന ഉപകാരങ്ങള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ അന്യര്‍ക്കു ചെയ്തുകൊടുക്കുകയും, എന്റെ കഥകള്‍ കേള്‍ക്കുകയും, ഗര്‍വ് ഡംഭ് ആദിയായദോഷങ്ങള്‍ നീക്കിയും, സദാ എന്റെ ഭക്തരെ ബഹുമാനിക്കുകയും, തന്റെചിത്തത്തെ എന്റെ ക്ഷേത്രമാക്കിയും, സത്യമെന്ന വ്രതം തെറ്റാതെ കാക്കുകയും, മിത്ഥ്യാ പ്രലാപങ്ങളോക്കെ ത്യജിക്കുകയും, ഭോഗങ്ങളിലുള്ള ആസക്തി നീക്കിയും, ദുഃഖമേതുംകൂടാതെ സദാ എന്റെ നാമം ജപിക്കുകയും, നിത്യവൃത്തിക്കുവേണ്ട കര്‍മ്മങ്ങളെല്ലാം സത്യമായും ന്യായമായും ചെയ്യുകയും ചെയ്യുന്നവരാണു ഉത്തമഭക്തി ലക്ഷണങ്ങളോടുകൂടിയ ധന്യന്മാര്‍.
അവരുടെ സംസാരദുഃഖം ഇല്ലാതെയാക്കുവാന്‍ അവരുടെ മനസ്സില്‍ ഗുരുവായി നിന്ന്‌വേണ്ടുന്ന ഉപദേശങ്ങള്‍ ഞാന്‍ സംശയമെന്യേ നല്‍കുന്നതാണ്. നിര്‍ഗ്ഗുണരായി അവര്‍ ഞാനായിരിക്കുന്ന ചില്‍ഘനാനന്ദമായിത്തീരുന്നതാണ്.
സമ്പത്തില്‍ ആശമൂത്തും പുത്രകളാത്രാദികള്‍ ലഭിക്കുന്നതിനായും ലോകത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുന്നതിനായും മറ്റും ചിലര്‍ എന്നെ ഭജിക്കുന്നു. അവര്‍ക്ക് അതുകിട്ടുമെങ്കിലും ഈ ജന്മത്തിലെ പ്രാരബ്ധകര്‍മ്മങ്ങള്‍ തീരുകയില്ല എന്നത് ഉറപ്പാണ്. അല്ലെങ്കില്‍ അത് അന്യ ജന്മത്തില്‍ അനുഭവിക്കേണ്ടി വരും.
തമോഗുണയുക്തരായവര്‍ അന്യര്‍ക്കു നാശം സംഭവിക്കുവാനായി എന്നെ ഭജിക്കുന്നു. അത് അവര്‍ക്ക് സാധിക്കുമെങ്കിലും അതില്‍ഭേദമുണ്ട്. ആരെ നശിപ്പിക്കുവാന്‍ ചിന്തിക്കുന്നുവോ അവര്‍ സല്‍ഗുണങ്ങളോടുകൂടിയവരാണെങ്കില്‍ അവരെ നശിപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നവരില്‍തന്നെ എന്റെ കോപം വന്നുചേരുന്നതാണ്.
മഹാരാജാവേ, ഭൂമിയിലെ സാത്വികി, രാക്ഷസി, താമസിഎന്നിങ്ങനെയുള്ള മൂന്നുവിധം ഭക്തിയെക്കുറിച്ചും ഞാന്‍ ചുരുക്കിപ്പറഞ്ഞു. അങ്ങേയ്ക്ക് ഇനിയും അറിയേണ്ടതെന്താണ് എന്നു പറയുക.
പന്തളരാജാവ് ധന്യനായ മണികണ്ഠനോടു പറഞ്ഞു. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തി നിത്യവൃത്തിക്കുവേണ്ടുന്ന കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുവന്‍ ശക്തനാകുന്നതെങ്ങിനെ എന്നു പറഞ്ഞാലും.
ധന്യമതേ, വൈരാഗ്യം വന്നുകൂടുന്നത് എങ്ങിനെയെന്നും എന്റെ സംശയം തീരുംവിധം പറഞ്ഞുതന്നാലും.
അപ്പോള്‍ പരമദയാപരനായ ഭൂതനാഥന്‍ പറഞ്ഞു: ഉയരമേറിയ ഒരുകൊടിമരത്തിനു മുകളില്‍ക്കയറി ഒരു മനുഷ്യന്‍ അഭ്യാസം നടത്തുന്നു എന്നുകരുതുക. തന്റെഅഭ്യാസത്തില്‍മാത്രം മനസ്സുറപ്പിച്ചുകൊണ്ടാണു അവന്‍ അതുചെയ്യുന്നത് എന്നുകാണാം. ബ്രഹ്മത്തില്‍ ചിത്തത്തെ നിര്‍ത്തിയാലും കര്‍മ്മങ്ങള്‍ ചെയ്യാന്‍ തടസ്സം ഒന്നുമില്ല.
ജനകമഹാരാജാവും, ഖട്വാംഗനും, ശ്രീശുകനാദിയായയോഗികളും സംസാരികളെപ്പോലെ കാണപ്പെട്ടിരുന്നുവെങ്കിലും സംശയമെന്നിയേമോക്ഷം പ്രാപിച്ചു. ഇക്കാണുന്നതൊന്നും നിലനില്‍ക്കുന്നതല്ല. നിലനില്‍ക്കുന്നത് ഏകമായ ആനന്ദം ഒന്നുമാത്രമാണ്.
കല്ലും മരവും ഇരുമ്പുമെല്ലാം കാലക്രമത്തില്‍ ഇല്ലാതായിത്തീരുന്നു. എല്ലുംതൊലിയും ചോരയും മാംസവും മലമൂത്രങ്ങളുമെല്ലാം കലര്‍ന്ന മനുഷ്യശരീരം പിന്നെ നിലനില്‍ക്കുമോ?. ഇതെല്ലാം മായാവികാരങ്ങളാണെന്ന് ഓര്‍ത്തുനോക്കുകയാണെങ്കില്‍ അതില്‍ അപ്പുറമായ മറ്റെന്ത് അത്ഭുതമാണുള്ളത്?.
ജനിച്ച ഉടന്‍ തന്നെ പശുക്കുട്ടി തള്ളപ്പശുവിന്റെ അകിടില്‍ പാലുതേടിചെന്നുതപ്പുന്നു. ആ അകിടില്‍ പാലുണ്ട് എന്ന് അതിനു പറഞ്ഞുകൊടുത്തത് ആരാണെന്ന് ഓര്‍ക്കുക. മായാവികാരങ്ങളെക്കുറിച്ച് ഇതിലധികം ഞാന്‍ എന്തുപറയേണ്ടൂ.
സുകേഷ് പി. ഡി.
ജന്മഭൂമി
No comments:
Post a Comment