ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, December 22, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (22)

ayappa

സുന്ദരമഹിഷവും മഹിഷിയുമായുള്ള സംയോഗവും, ദുര്‍വാസാവിന്റെ ശാപം മൂലം ദേവാദികള്‍ അമൃതമഥനം നടത്തുന്നതും മോഹിനീ അവതാരവുമാണ് ഭൂതനാഥോപാഖ്യാനം രണ്ടാം അദ്ധ്യായത്തിലെ പ്രതിപാദ്യം.


സൂതന്‍മഹര്‍ഷിമാരോടു പറയുന്നു: ‘മഹാവിഷ്ണുവിന്റെ വാക്കുകള്‍കേട്ട്‌ സുന്ദരമഹിഷം ബ്രഹ്മാവിനേയും ശിവനേയും വിഷ്ണുവിനേയും പ്രദക്ഷിണംചെയ്തു വന്ദിച്ചു. അതിനുശേഷം സുന്ദരമഹിഷം ദേവലോകത്തെത്തി.


കാമാര്‍ത്തനായി സന്തോഷത്തോടെ സുന്ദരമഹിഷം ചെയ്ത ഗര്‍ജ്ജനം കേട്ട് മഹിഷി മഹിഷത്തിനു മുന്നിലെത്തി. കാമദേവന്റെ ഇടപെടലുകളാല്‍ മഹിഷി മഹിഷത്തില്‍ അനുരക്തയായി.


പ്രേമവിവശയായി തന്നത്താന്‍ മറന്നു നില്‍ക്കുന്ന മഹിഷിയിലേക്ക് അവളില്‍ നിന്നു മുന്‍പ് ഉത്ഭവിച്ച മഹിഷഗണങ്ങളെല്ലാം ലയിച്ചു ചേര്‍ന്നു.


സുന്ദരമഹിഷവുമായി പ്രണയത്തിലായ മഹിഷി കുറച്ചുകാലം സ്വര്‍ഗ്ഗത്തില്‍തന്നെ കാമകേളികളാടി വസിച്ചു. പിന്നെ സ്വര്‍ഗ്ഗലോകംവിട്ട് ഭൂമിയില്‍ വനങ്ങളില്‍ മദിച്ചു നടന്ന ആ മഹിഷ ദമ്പതിമാരില്‍ നിന്നും മഹിഷവംശം ഉണ്ടായി.


സ്വര്‍ഗ്ഗലോകത്തില്‍ നിന്നും മഹിഷി പോയതിനു ശേഷം ബ്രഹ്മദേവന്റെ ആജ്ഞാനുസാരം ദേവേന്ദ്രാദികള്‍ അമരാവതിയില്‍ എത്തി പഴയതു പോലെ സുഖിച്ചു വസിച്ചു.


ഒരുദിവസം വീണാപാണിയായ നാരദമഹര്‍ഷി ദേവേന്ദ്രനെ കാണുവാനെത്തി. മഹര്‍ഷിയെക്കണ്ടു ഇന്ദ്രന്‍ സിംഹാസനത്തില്‍നിന്നും ഇറങ്ങി ആദരപൂര്‍വംഅദ്ദേഹത്തെ വന്ദിച്ച് പൂജിച്ചു സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുത്തി.


ഇന്ദ്രന്‍ ചോദിച്ചു. ‘ഹേ, മുനിപുംഗവാ, എന്നെ ധന്യനാക്കുവാന്‍ ഭവാന്‍ എവിടെ നിന്നാണു എഴുന്നള്ളിയത്? വിശേഷങ്ങളെല്ലാം ദയവായി അരുളിച്ചെയ്താലും.


അതുകേട്ട് നാരദമഹര്‍ഷി പറഞ്ഞു ദേവേന്ദ്രാ, അങ്ങയുടെ സല്‍ക്കീര്‍ത്തി പ്രകീര്‍ത്തിച്ചു കൊണ്ട് എല്ലാവരും സുഖമായി വസിക്കുന്നു.


എന്നിരുന്നാലും ഗര്‍വ്വോടുകൂടി പറന്നു നടക്കുന്ന പര്‍വതങ്ങള്‍മൂലം ജനങ്ങള്‍ക്കു കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നു. ചിറകുകള്‍ ഉളളതിനാല്‍ പര്‍വ്വതങ്ങള്‍ അങ്ങും ഇങ്ങും പറന്നു നടക്കുകയും എവിടെങ്കിലും പറന്നുവീഴുകയും ചെയ്യുന്നു.


അതിന്റെ ആഘാതത്താല്‍ ഭൂതലം വിറയ്ക്കുന്നു. പര്‍വ്വതങ്ങളുടെ ചിറകുകള്‍ അരിയുക. എങ്കില്‍ ഭവാന്‍ പര്‍വതാരിയെന്ന് അറിയപ്പെടും. മൈനാകം, മന്ദരം, ഗന്ധമാദനം, കൈലാസം, മഹാമേരു, ഹിമവാന്‍ എന്നീ ആറു പര്‍വതങ്ങളെ പീഡിപ്പിക്കരുത്.


അവര്‍ മറ്റുള്ളവര്‍ക്ക് ഒരു ദോഷവും ഉണ്ടാക്കുന്നവരല്ല.മഹാദേവനെ ധ്യാനിച്ച് അവര്‍ നിലകൊള്ളുന്നു. സമയംകളയാതെ പര്‍വ്വതങ്ങളുടെ അഹങ്കാരം തീര്‍ക്കാന്‍ വേണ്ടതുചെയ്യുക’. ഇത്രയും പറഞ്ഞശേഷം നാരദന്‍ അപ്രത്യക്ഷനായി.


നാരദന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്ദ്രന്‍ ഭൂമിയിലെത്തി. പറന്നു നടക്കുന്ന  പര്‍വ്വതങ്ങളുടെ ചിറകുകള്‍ തന്റെ ഖഡ്ഗത്താല്‍ വെട്ടി വീഴ്ത്തി ഇന്ദ്രന്‍ സഞ്ചരിച്ചു.

ഇന്ദ്രനെ ഭയന്നു പര്‍വ്വതങ്ങള്‍ ചിറകുകള്‍ ഒതുക്കി വനങ്ങളിലും മറ്റും ചലിക്കാതെ നിലയുറപ്പിച്ചു. അന്നുമുതല്‍ പര്‍വ്വതങ്ങള്‍ അചലമെന്നും അറിയപ്പെട്ടു തുടങ്ങി. പര്‍വ്വതങ്ങളെ ജയിച്ചവനാണു താന്‍ എന്ന അഹങ്കാരത്തോടെ ഇന്ദ്രന്‍ കൈലാസത്തിലെത്തി.


നാരദന്റെ വാക്കുകള്‍ വിസ്മരിച്ച്‌ കൈലാസത്തിന്റെ ചിറകരിയാന്‍ ശ്രമിച്ച ഇന്ദ്രനെ നന്ദികേശന്‍ തന്റെ യോഗബലത്താല്‍ സ്വര്‍ഗ്ഗലോകത്തിലെത്തിച്ചു
.

നന്ദികേശന്റെ ശക്തിയില്‍ വിസ്മയം പൂണ്ട ഇന്ദ്രന്‍ തന്റെ അഹങ്കാരം വെടിഞ്ഞ് ഗുരുവായ ബൃഹസ്പതിയെ കണ്ടു വന്ദിച്ചു. നടന്നതെല്ലാം ജ്ഞാനദൃഷ്ടിയാല്‍ അറിഞ്ഞ ബൃഹസ്പതി ഇന്ദ്രനെ നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു. അഹങ്കാരത്താല്‍ നീ നാരദന്‍ പറഞ്ഞതു മറന്ന് ശിവനെ ദ്വേഷിക്കുവാന്‍ ശ്രമിച്ചു.


താപസപത്‌നിയായ അഹല്യയെ പ്രാപിച്ചതിന്റെ പാപം തീരത്തതിനാലാണു മഹാദേവനെ ദ്വേഷിക്കുവാന്‍ നിനക്കു തോന്നിയത്. നല്ലതു നല്ലവര്‍ക്കേ തോന്നുകയുള്ളൂ എന്നത് ഉറപ്പാണ്.


നല്ലതും ചീത്തയും തിരിച്ചറിയുവാനാണു വേദശാസ്ത്രാദികള്‍ അഭ്യസിക്കുന്നത്. ശാസ്ത്രങ്ങള്‍ പഠിക്കുമ്പോള്‍ ഗുരുവിന്റെ കാരുണ്യത്താല്‍ അതിന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന തത്വം അറിയണം
.

നല്ലതുചെയ്യാനുള്ള ശക്തികിട്ടാനായി എല്ലാവരും ജഗദീശ്വരനെ സേവിക്കണം. പിന്നെ തന്റെ ഗുരുവിനേയും സന്തോഷിപ്പിക്കണം. അപ്പോള്‍ നല്ലതുചെയ്യാനുള്ള കഴിവുണ്ടാകും.


തനിക്കുണ്ടായ ദുഃഖം അന്യര്‍മൂലമാണെന്നു വിചാരിക്കരുത്. തന്റെതന്നെ കര്‍മ്മദോഷത്താലാണു ദുഃഖം ഉണ്ടാവുന്നത്. ധന്യരായ ജനങ്ങളെല്ലാം ഈ സത്യം അറിയുന്നവരാണ്.


മലിനജലത്തില്‍ മുങ്ങിയവര്‍ക്കു പലതരം രോഗങ്ങള്‍ ഉണ്ടായാല്‍ അതുജലത്തിന്റെ ദോഷമെന്നതിനെക്കാള്‍ നിജദോഷം(തന്റെദോഷം) എന്നു പറയുന്നതാണു നല്ലത്.


ഡംഭ്, അസൂയ, ക്രോധം, മാന്ദ്യം, പരസ്ത്രീഗമനം, അന്യന്റെ സമ്പത്ത് കയ്യടക്കല്‍ എന്നിവയൊന്നും നന്നല്ല എന്ന തിരിച്ചറിവു നല്‍കുന്ന ബുദ്ധി എല്ലാവര്‍ക്കും ഉത്തമസുഹൃത്താണ്. ഇങ്ങനെ ബൃഹസ്പതി ദേവേന്ദ്രനു ധര്‍മ്മോപദേശം കൊടുത്തുകൊണ്ടിരുന്ന അവസരത്തില്‍ ശൈവാംശജാതനും, അത്രിപുത്രനും അതികോപിയുമായ ദുര്‍വാസ്സാവ് മഹര്‍ഷി അവിടെ വന്നു ചേര്‍ന്നു.


അതീവഹൃദ്യമായ സുഗന്ധം പരത്തുന്നതും സുന്ദരവുമായ പുഷ്പങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച ഒരുമാല അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. ആ മാലയില്‍ നിന്നുള്ള സുഗന്ധം ആസ്വദിച്ച ദേവകളെല്ലാം വിസ്മയിച്ചു.


ഇന്ദ്രന്‍ മഹര്‍ഷിയെ ആദരപൂര്‍വം സ്വീകരിച്ചു പൂജിച്ചുസല്‍ക്കരിച്ചു. പൂമാല നോക്കി വിസ്മയിച്ചു നില്‍ക്കുന്ന ഇന്ദ്രനോട് ദുര്‍വ്വസാവുമഹര്‍ഷി പറഞ്ഞു: ‘കുന്നിന്‍ കുമാരിയായ ശ്രീപാര്‍വ്വതി മുടിയില്‍ചൂടിയിരുന്ന ഈ ദിവ്യമാല്യം ധന്യനായ ഭവാനു തരാനാണു ഞാന്‍ കൊണ്ടുവന്നത്. ഇതുവാങ്ങി ശിരസ്സില്‍ ധരിക്കുക.


ഭവാനു മംഗളമുണ്ടാകും. മഹര്‍ഷി നല്‍കിയ പുഷ്പമാല്യം ആദരവോടെ ഇന്ദ്രന്‍ ഏറ്റുവാങ്ങി തന്റെ സമീപത്തു നിന്നിരുന്ന ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മാലശിരസ്സിലണിയുന്നതിനുമുന്‍പായി തന്റെ മുടി ഒതുക്കിവെക്കാന്‍ ഇന്ദ്രന്‍ കണ്ണാടിയില്‍ നോക്കി.


ഈ സമയം പൂക്കളിലെ തേന്‍ നുകരാന്‍ എത്തിയ വണ്ടുകളേകൊണ്ട് ശല്യമേറുകയാല്‍ ഐരാവതം മസ്തകത്തിലിരുന്ന മാല തുമ്പിക്കയ്യിലെടുത്തു നിലത്തെറിഞ്ഞു. തുടര്‍ന്ന് കാലുകള്‍ കൊണ്ട് മാല ചവിട്ടിയരച്ചു. ഇതു കണ്ട് ദുര്‍വ്വാസാവുമഹര്‍ഷി കോപിച്ച് ഇന്ദ്രനേയും ദേവകളെയും ശപിച്ചു.


‘അംബികാദേവിയുടെ നിര്‍മ്മാല്യമായ മാലയെ അഹങ്കാരംമൂലം അവഹേളിച്ച ഹേ ഇന്ദ്രാ, നിനക്കും മറ്റ്‌ ദേവന്മാര്‍ക്കും ഭൂമിയിലെ മനുഷ്യര്‍ക്കെന്നപോലെ ജരാനരകള്‍ ബാധിക്കുന്നതാണ്’. ഇങ്ങനെ ശപിച്ച് ദുര്‍വ്വാസാവുമഹര്‍ഷി അപ്രത്യക്ഷനായി. ശാപവാക്കുകള്‍കേട്ട് ദുഃഖിതനായ ദേവേന്ദ്രന്‍ ഇനിയെന്തുചെയ്യേണ്ടൂ എന്നറിയാതെ നിന്നു.


സുകേഷ് പി. ഡി.


No comments:

Post a Comment