ദീപാവലിയുടെ ദേശത്തനിമകള്‍ - 2
അമ്മയും കുഞ്ഞും തമ്മിലുള്ള ദിവ്യമായ സ്‌നേഹത്തിന്റെ അടയാളമെന്നോണം പശുവിനെയും കിടാവിനെയും ആരതിയുഴിഞ്ഞുകൊണ്ടാണ് മഹാരാഷ്ട്രയില്‍ ചിലേടങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത്. ധനത്രയോദശിദിനം ബിസിനസ്സുകാര്‍ക്ക് പ്രിയപ്പെട്ട ദിവസമാണ്. സ്വര്‍ണവും വെള്ളിയുമടങ്ങിയ ലോഹങ്ങളും അടുക്കള ഉപകരണങ്ങളുമൊക്കെ വാങ്ങാന്‍ ശുഭകരമായ നാളുകളാണ് മഹാരാഷ്ട്രക്കാര്‍ക്ക് ദീപാവലി. നരകചതുര്‍ദശിക്ക് അതിരാവിലെ എണീറ്റ് എണ്ണയും സുഗന്ധദ്രവ്യങ്ങളും സമൃദ്ധമായുപയോഗിച്ചുള്ള സ്‌നാനം.
തുടര്‍ന്ന്, പുരുഷന്മാര്‍ക്ക് സ്ത്രീകള്‍ ആരതിയുഴിയുന്നു; അമ്മയോ ഭാര്യയോ ആകാം. അമാവാസിദിവസം ലക്ഷ്മീപൂജയുമുണ്ട്. വീടുകളിലും റോഡുകളിലും ദീപങ്ങളുടെ നിലയ്ക്കാത്ത നിര. വെടുക്കോപ്പുകളുടെ ചെകിടടപ്പിക്കുന്ന ഒച്ച. പൂജയ്ക്കുശേഷം ബിസിനസ്സുകാര്‍ പുതിയ അക്കൗണ്ട് ബുക്കുകള്‍ തുറക്കുന്നു. അന്ന് പണം കൊടുക്കല്‍ ഇല്ല. (ലക്ഷ്മി പുറത്തേക്ക് പോകാനുള്ള തല്ല, അകത്തേക്ക് വരാനുള്ളതാണെന്ന സങ്കല്‍പ്പം). മിക്കവാറുമെല്ലാ വീടുകളിലും പണം, സ്വര്‍ണം, ലക്ഷ്മിയുടെ ബിംബം എന്നിവ വച്ച് പൂജിക്കുന്നു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയുമെല്ലാം ക്ഷണിച്ചുവരുത്തി ആഘോഷത്തെ സാമൂഹികതലത്തിലേക്കുയര്‍ത്തുന്നു. വീട് വൃത്തിയാക്കാനുപയോഗിച്ച ചൂലുപോലും ചിലേടങ്ങളില്‍ പൂജിക്കപ്പെടുന്നു എന്നതിലെ ‘സര്‍വേശ്വരമയ’മെന്ന ഭാവന ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഭാര്യ ഭര്‍ത്താവിന്റെ നെറ്റിയില്‍ സ്‌നേഹത്തിന്റെയും ആദരിവന്റെയും തിലകം ചാര്‍ത്തുന്നു. ഭര്‍ത്താവ് ഭാര്യയ്ക്ക് സംരക്ഷണ ബോധത്തിന്റെയും സമഭാവനയുടെയും സമ്മാനം നല്‍കുന്നു. സഹോദരീസഹോദരബന്ധം കൂടുതല്‍ ദൃഢതരമാക്കുന്നതിന്റെ ദിനങ്ങള്‍കൂടിയാണ് മഹാരാഷ്ട്രക്കാര്‍ക്ക് ദീപാവലി. ആങ്ങളമാരുടെ വിജയകരമായ ജീവിതത്തിനും ദീര്‍ഘായുസ്സിനും വേണ്ടി സഹോദരിമാര്‍ പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തുന്നു. സഹോദരന്മാര്‍ സഹോദരിമാര്‍ക്ക് കൈനിറയെ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നു.
ദീപനിര കൊളുത്തിവയ്ക്കലും പടക്കം പൊട്ടിക്കലും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യലുമെല്ലാം ഒറീസ്സയിലുമുണ്ട്. ചിലര്‍ കുടുംബപരദേവതയായ ‘മഹാവിദ്യ’യെ പൂജിക്കുന്നു. ദീപാവലി ദിവസം അതിരാവിലെ ചിലര്‍ തര്‍പ്പണം നടത്തുന്നു. മറ്റു ചിലര്‍ വീട്ടുമുറ്റത്ത് ഒരു ബോട്ടിന്റെ കോലം വരച്ചുവയ്ക്കുന്നു. ഈ ബോട്ടിന് ഏഴ് അറകളുണ്ടായരിക്കും. ഓരോ അറയിലും പഞ്ഞി, കടുക്, ഉപ്പ്, ചീരയിലത്തണ്ട്, മഞ്ഞള്‍, ഒരുതരം കാട്ടുവള്ളിച്ചെടി എന്നിവകൊണ്ട് നിറയ്ക്കുന്നു. മധ്യഭാഗത്തുള്ള അറയില്‍ പ്രസാദത്തിനുവേണ്ടിയുള്ള വഴിപാടു സാധനങ്ങളായിരിക്കും ഉണ്ടായിരിക്കുക. വഴിപാടിനുമുകളില്‍ വിളക്കുതിരി ചുറ്റിയ ഒരു കമ്പ് വച്ചിട്ടുണ്ടാകും. കുടുംബാംഗങ്ങള്‍ ചെറിയൊരു കെട്ട് കമ്പുകള്‍ കൈയില്‍ പിടിച്ചിരിക്കും. പൂജ തുടങ്ങും മുന്‍പ് പ്രസാദത്തിനുമേല്‍ വച്ചിരിക്കുന്ന തിരി കൊളുത്തും. കുടുംബാംഗങ്ങള്‍ തങ്ങളുടെ കൈയിലിരിക്കുന്ന കമ്പുകളിലേക്ക് അതില്‍നിന്ന് തീ പകരും. മന്ത്രങ്ങളുരുവിട്ട് അത് ആകാശത്തേക്കുയര്‍ത്തിപ്പിടിക്കും. ചിലര്‍, കാര്‍ഷികോപകരണങ്ങളും പൂജയ്ക്ക് വിധേയമാക്കും.
ബീഹാറിലെ ആദിവാസികള്‍ അന്ന് കാളീപൂജ ചെയ്യുന്നു. മലയാളികള്‍ കാര്‍ത്തികനാളില്‍ ചെയ്യുന്നതുപോലെ അവര്‍ അന്ന് ഇളനീര്‍ കഴിക്കുന്നു.
ബംഗാളിലും അസമിലും ദീപാവലിക്ക് കാളിയെ പൂജിക്കുന്നു. അറുപത്തിനാലായിരം യോഗിനിമാരോടൊത്ത് മഹാകാളി പ്രത്യക്ഷയായ ദിവസമാണവര്‍ക്ക് ദീപാവലി. മണ്‍മറഞ്ഞ പിതൃക്കളുടെ സ്മരണയ്ക്കായും ഇവിടങ്ങളില്‍ ദീപങ്ങള്‍ തെളിയുന്നു. രാത്രി മുഴുവന്‍ വെടിക്കെട്ടിന്റെ പൂരമായിരിക്കും.
നരകചതുര്‍ദശിക്കാണ് ഗോവയില്‍ ദീപാവലിയാഘോഷം നടക്കുന്നത്. വീടുകള്‍ ശുചീകരിച്ച് മെഴുകുതിരി, മണ്‍വിളക്കുകള്‍, മാവിലകള്‍, പൂക്കള്‍ എന്നിവകൊണ്ട് അലങ്കരിക്കുന്നു. ഗൃഹോപകരണങ്ങള്‍ തേച്ചുമിനുക്കി വെടിപ്പാക്കുന്നു. അടുത്ത ദിവസത്തെ സമൃദ്ധമായ സ്‌നാനത്തിനാവശ്യമായ ജലം, അലങ്കരിച്ച വലിയ പാത്രങ്ങളില്‍ നിറച്ചുവയ്ക്കുന്നു. പുല്ലും വെടിക്കോപ്പുകളും നിറച്ച് കടലാസുകൊണ്ട്, നിഷ്ഠുരതയുടെ മൂര്‍ത്തീഭാവമായ നരകാസുരന്റെ കോലമുണ്ടാക്കിവയ്ക്കുന്നു, തലേദിവസംതന്നെ. അതിരാവിലെ നാലുമണിയോടുകൂടി എല്ലാവരും ചേര്‍ന്ന് അതിന് തീകൊളുത്തുന്നു. അധര്‍മത്തിന്റെ വിനാശവും, തിന്മയുടെ ചാരവുകൊണ്ട് സമാധാനചിത്തരായ ജനങ്ങള്‍ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ത്തിയ അഭ്യംഗസ്‌നാനത്തിനായി വീടുകളിലേക്ക് മടങ്ങുന്നു. അജ്ഞതയുടെയും അഹങ്കാരത്തിന്റെയും അന്ധകാരരൂപമാര്‍ന്ന നരകാസുരനെ നിഗ്രഹിക്കുന്നതിനെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് കയ്‌പ്പേറിയ കായ്കനികളെ നിലത്തിട്ട് ചവിട്ടിയരയ്ക്കുന്നൊരു ചടങ്ങുമുണ്ട് അവിടങ്ങളില്‍. ഇവിടെയും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ആരതി അര്‍പ്പിക്കുന്നു. പകരം പുരുഷന്മാര്‍ സൗഹാര്‍ദ്ദത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നു.
രാജസ്ഥാനില്‍ ദീപാവലിനാളില്‍ പൂച്ചയെ പൂജിക്കുന്നു. മഹാലക്ഷ്മിയായി സങ്കല്‍പ്പിച്ച് പൂച്ചയ്ക്ക് സ്വാദിഷ്ഠവിഭവങ്ങള്‍ കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. പൂച്ച അതു മുഴുവന്‍ ഭക്ഷിക്കുന്നത് മംഗളകരമാണത്രേ.
ഭാരതമെങ്ങും പൊതുവേ നാലുനാള്‍ നീളുന്ന ആഘോഷമാണ് ദീപാവലി. ആശ്വിനമാസത്തിലെ കൃഷ്ണപക്ഷത്രയോദശി മുതല്‍ ശുക്ലപക്ഷപ്രഥമവരെ നാലു ദീപ്തദിനങ്ങള്‍.
ആത്മീയതയുടെയും അകളങ്കമായ ഭൗതികതയുടെയും വെളിച്ചത്തിനുവേണ്ടിയുള്ള ഭാരതീയന്റെ അദമ്യമായ അന്തര്‍ദാഹത്തില്‍നിന്നുയിര്‍ക്കൊണ്ട ദിവ്യസങ്കല്‍പ്പമാണ് ദീപാവലി. ആസുരികതയുടെ തമസ്സില്‍പ്പെട്ടുപോകുന്ന ബോധമണ്ഡലത്തെ പ്രകാശത്തിന്റെ സുരപഥത്തിലേക്കാനയിക്കാന്‍ ജീവന്റെ ചെരാതില്‍ പ്രേമദീപങ്ങള്‍ കൊണ്ടൊരാരതി. ജീവിതദേവതയുടെ എഴുന്നള്ളത്തിനെ എതിരേല്‍ക്കാന്‍ വെടിവഴിപാടുകളുടെ ചില ദിനരാത്രങ്ങള്‍.
ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും വ്യത്യസ്തമെങ്കിലും ദീപാവലിയുടെ അന്തസ്സത്ത ഒന്നുതന്നെ, ആത്യന്തികവിജയം നന്മയ്ക്ക്, ധര്‍മത്തിന്, സത്യത്തിന്!
No comments:
Post a Comment