ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 1, 2017

ശ്രീ മുകാംബികാ സഹസ്രനാമ സ്‌തോത്രം - 01

ഓം അകാതാദി ക്ഷകാരാന്ത മന്ത്രവര്‍ണ്ണവിരാജിതാം
ശ്രീവിദ്യാം സര്‍വതന്ത്രശീം ബാലാം വന്ദേ സദാശിവാം
മഹാലക്ഷ്മീം മഹാകാളീം വാണീം ത്രിപുരസുന്ദരീം
മൂകാംബികാം പരാം വന്ദേ ജ്ഞാനൈശ്വര്യപ്രദായിനീം

അകാരം തൊട്ട് ക്ഷകാരംവരെയുള്ള മന്ത്രവര്‍ണ്ണങ്ങളാല്‍ ഉജ്ജ്വലിതയായവളും എല്ലാ തന്ത്രങ്ങള്‍ക്കും ഈശ്വരിയും ശ്രീവിദ്യയും സദാശിവയും ആയ ബാലാദേവിയെ വന്ദിക്കുന്നു. മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും ആയി രൂപം പൂണ്ടവളും ഭക്തര്‍ക്ക് ജ്ഞാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്നവളും സര്‍വ്വാതീതയുമായ മൂകാംബികയെ ഞാന്‍ വന്ദിക്കുന്നു.

കേരളത്തിന്റെ വിദ്യാദേവതയായ മൂകാംബികാദേവിയുടെ അപദാനങ്ങളും വിഭൂതികളും വിശദമാക്കുന്ന ആയിരം നാമങ്ങള്‍ കോര്‍ത്തിണക്കിയ സഹസ്രനാമം ആരംഭിക്കുന്നതിനുമുമ്പ് ദേവിയുടെ നാമസാകല്യരൂപമായ ധ്യാനശ്ലോകം അര്‍ത്ഥബോധത്തോടെ സ്മൃതിയില്‍ ഉറപ്പിക്കുന്നത് നന്ന്. അ മുതല്‍ ക്ഷ വരെയുള്ള മന്ത്രവര്‍ണ്ണങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ടതാണ് ദേവിയുടെ ദിവ്യരൂപം. സര്‍വതന്ത്രങ്ങള്‍ക്കും ഈശ്വരിയായ ദേവി ബാല എന്നപേരുകൊണ്ടു വിശ്രുതയാണ്. ശ്രീവിദ്യാതന്ത്രത്തിന്റെയും മന്ത്രത്തിന്റെയും രൂപം പൂണ്ടവളും സര്‍വമംഗളകാരിയായ സദാശിവന്റെ ശക്തിയുമാണ്. മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും ത്രിപുരസുന്ദരിയുമായ മൂകാംബിക സര്‍വാതീതയായ പരാശക്തിയാണ്. ഭക്തര്‍ക്ക് ജ്ഞാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന മൂകാംബികയെ വന്ദിക്കുന്നു.

ഈ ശ്ലോകത്തില്‍ ഉപയോഗിച്ചിട്ടുള്ള പദങ്ങളെല്ലാം തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ അതു ചേര്‍ക്കുന്നില്ല.

മൂകാംബികാ മൂകഹന്ത്രീ മുകാനാം വാശ്വിഭൂതി ദാ
മുഖ്യശക്തിര്‍മഹാലക്ഷ്മീര്‍മൂലമന്ത്ര സ്വരൂപിണി

1. മൂകാംബികഃ – ദക്ഷിണകര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ എന്ന തീര്‍ത്ഥഭൂമിയിലുള്ള മൂകാംബികാ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ മഹാദേവിയുടെ ആയിരം നാമങ്ങളുള്ള സ്‌തോത്രം മൂകാംബികാ എന്ന നാമംകൊണ്ടു തുടങ്ങുന്നു. കേരളീയരായ ദേവീഭക്തര്‍ക്ക് മൂകാംബിക എന്ന പദം ക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയെ കുറിക്കുന്ന പദവും അവിടെ കുടികൊള്ളുന്ന ദേവീചൈതന്യത്തെ കുറിക്കുന്ന പദവും ക്ഷേത്രത്തെ കുറിക്കുന്ന പദവുമാണ്.

മൂകാംബിക എന്ന നാമവും തുടര്‍ന്നുവരുന്ന രണ്ടു നാമങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. അവയെ ചേര്‍ത്തു വ്യാഖ്യാനിക്കുകയാണ് യുക്തം.

‘മൂക’എന്ന പദത്തിന് ‘മൂ’ എന്നു ശബ്ദിക്കാനല്ലാതെ സംസാരിക്കാന്‍ കഴിയാത്ത എന്നര്‍ത്ഥം. മൂകയായ അംബിക എന്നാണുപദാര്‍ത്ഥമെങ്കിലും സ്‌തോത്രത്തില്‍ അതിനു പ്രസക്തിയില്ല. മൂകനാല്‍ ആരാധിക്കപ്പെട്ട അംബിക, മൂകനെ അനുഗ്രഹിച്ച അംബിക എന്ന അര്‍ത്ഥം ഉചിതമാണ്. തുടര്‍ന്നുവരുന്ന നാമങ്ങള്‍ ഈ വ്യാഖ്യാനത്തെ സാധൂകരിക്കുന്നു. സ്‌തോത്രത്തിനുകാരണമായ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ചു പല ഐതിഹ്യങ്ങളുള്ളവയില്‍ പ്രധാനപ്പെട്ടവ ഇവിടെ പ്രയോജനപ്പെടുത്താം

ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികള്‍ മൈസൂരിലുള്ള ശ്രീചാമുണ്ഡേശ്വരീക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയെ കേരളത്തിന്റെ നന്മയ്ക്കായി കേരളത്തിലേയ്ക്കു ക്ഷണിച്ചു. ഭക്തവത്സലയായ ദേവി ആ ക്ഷണം സ്വീകരിച്ചു. ദേവി കേരളത്തിലേക്ക് ഭഗവത്പാദരെ അനുഗമിക്കാന്‍ തയ്യാറായി. യാത്ര തിരിക്കുമ്പോള്‍ താന്‍ പിന്നാലെ ഉണ്ടാകുമെന്നും യാതൊരു കാരണത്താലും തിരിഞ്ഞുനോക്കാതെ മുന്നോട്ടുപോകണമെന്നും ദേവി നിര്‍ദ്ദേശിച്ചു. കേരളത്തിലെത്തുന്ന ഒരു മൂലമന്ത്രം മനസ്സില്‍ ഉറപ്പിച്ചു ജപിച്ചുകൊണ്ട് ആചാര്യസ്വാമികള്‍ കേരളത്തിലേയ്ക്കു തിരിച്ചു. അദ്ദേഹത്തിനു കേള്‍ക്കത്തക്കവണ്ണം ദേവിയുടെ കാല്‍ത്തളകള്‍ കിലുങ്ങുന്ന ശബ്ദം പുറപ്പെട്ടിരുന്നതുകൊണ്ട് ദേവി പിന്‍തുടരുന്നുണ്ടെന്ന് ആചാര്യര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള കുടജാദ്രിയിലെത്തിയപ്പോള്‍ അവിടെ വസിച്ചിരുന്ന മുകന്‍ എന്ന അസുരന്‍ തട്ടകത്തില്‍ കടന്നുവന്ന സന്ന്യാസിയെ വധിക്കാനായി ആയുധമുയര്‍ത്തിക്കൊണ്ട് ആചാര്യരുടെ പിന്നിലെത്തി. ആയുധമുയര്‍ത്തിയ മൂകാസുരനെ ചാമുണ്ഡേശ്വരി തന്റെ ശൂലംകൊണ്ടു വധിച്ചു. അതിനായി ഒരുനിമിഷം ദേവിക്കു നില്‍ക്കേണ്ടിവന്നു. ദേവിയുടെ കാല്‍ച്ചിലമ്പിന്റെ കിലുക്കത്തിന്റെ താളത്തിനൊത്ത് ആചാര്യര്‍ നടത്തിയിരുന്ന മന്ത്രജപം തടസ്സപ്പെട്ടു. അദ്ദേഹം ദേവിയുടെ നിര്‍ദ്ദേശം ഓര്‍ക്കാതെ തിരിഞ്ഞുനോക്കിയപ്പോള്‍ മൂകാസുരന്റെ ജഡം ശൂലത്തില്‍ കോര്‍ത്തുനില്‍ക്കുന്ന മഹാദേവിയെ പ്രത്യക്ഷമായി കണ്ടു. കരാര്‍ ലംഘിച്ചതുകൊണ്ട് ഇനി മുന്നോട്ടില്ലെന്നും അവിടെത്തന്നെ കൂടികൊള്ളുകയാണെന്നും ദേവി ആചാര്യരെ അറിയിച്ചു.


കേരളത്തെ അനുഗ്രഹിക്കാനായി കേരളത്തിലേയ്ക്കുനോക്കി ഇരിക്കാമെന്നും അവിടെയിരുന്നു കേരളത്തിന്റെ വിദ്യാദേവതയായി വര്‍ത്തിക്കാമെന്നും ദേവി ആചാര്യസ്വാമികളെ അറിയിച്ചു. താന്‍ തിരിഞ്ഞുനോക്കാനിടയായതു ദേവീഹിതമാണെന്നറിഞ്ഞ ആചാര്യര്‍ ദേവിയെ അടുത്തുകണ്ട ശിവലിംഗാകൃതിയുള്ള ശക്ഷണശിലയില്‍ താന്‍ ജപിച്ചിരുന്ന മൂലമന്ത്രംകൊണ്ടു പ്രതിഷ്ഠിച്ചു പ്രതിഷ്ഠ കഴിഞ്ഞ് അടുത്തുണ്ടായിരുന്ന ഒരു ശിലാസ്ഥകത്തിലിരുന്ന് മൂലമന്ത്രംകൊണ്ട് ആചര്യര്‍ ദേവിയെ ആരാധിച്ചു. ആചാര്യര്‍ ഇരുന്ന ശിലാഫലകം ഇപ്പോഴും ക്ഷേത്രത്തിനുള്ളില്‍ കാണാം. പ്രതിഷ്ഠ കഴിഞ്ഞ ഉടന്‍ കേരളത്തില്‍ നിന്ന് ഒരു യോഗി അവിടെയെത്തി ദേവിയെ പൂജിച്ചുവെന്നും കേരളത്തിന്റെ വിദ്യാദേവതയായി ദേവി എപ്പോഴും അവിടെയുണ്ടാകുമെന്നും വിദ്യാവ്യസനികളായ കേരളീയര്‍ എന്നും അവിടെ ഉണ്ടാകുമെന്നും കേരളീയരായ ആരും ദര്‍ശനത്തിനെത്താത്ത ദിവസമുണ്ടായാല്‍ അന്നു ദേവി കേരളത്തിലെത്തുമെന്നും യോഗി പ്രവചിച്ചു എന്നാണ് കഥ. കേരളീയരായ ഭക്തര്‍ എത്തിച്ചേരാത്ത ദിവസം ഉണ്ടാകാത്തതുകൊണ്ട് ദേവി അവിടെയിരുന്നു കേരളത്തെ അനുഗ്രഹിക്കുന്നു. മൂകാസുരനെ വധിച്ചതുകൊണ്ട് മൂകാംബിക എന്നു ദേവിക്കു പേരുണ്ടായി എന്ന് ഒരു വ്യാഖ്യാനം.

No comments:

Post a Comment