ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 24, 2017

മഹാഭാരത കഥകൾ



ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനുമായി യമുനാതീരത്തെത്തി. യമുനയുടെ കുളിര്‍ കാറ്റേറ്റപ്പോള്‍, കൃഷ്ണനില്‍ തന്‍റെ പ്രണയിനിയായ രാധയുടെയും, ഗോപികമാരുടെയും ഗതകാലസ്മരണയുണ്ടായി. സ്മരണകളില്‍ നിന്ന് കൃഷ്ണനെ വിമുക്തനാക്കാന്‍, അര്‍ജ്ജുനന്‍ കൃഷ്ണനു മായി യമുനാതീരത്തു കൂടി ഏറെ ദൂരം നടന്നു. യാത്രയ്ക്കൊടുവില്‍ അവര്‍ ഖാണ്ഡവവനമെന്ന ഘോര വനത്തിലെത്തി. ഒരു വൃക്ഷ കൊമ്പില്‍ അവരിരുവരും ഇരുന്നു.


സ്വര്‍ണ്ണ നിറമുള്ള തേജസ്വിയായ ഒരു ബ്രാഹ്മണന്‍ അപ്പോള്‍ അവിടെ എത്തി. അദ്ദേഹം മുഖവുര കൂടാതെ കാര്യത്തിലേയ്ക്ക് കടന്നു. ഞാന്‍ അഗ്നിയാണ്. ക്ഷുത്തൃപീഡിതനായ ഞാന്‍ ഏറെ നാളായി ഈ വനം ദഹിപ്പിച്ചു എന്‍റെ വിശപ്പടക്കാന്‍ ശ്രമിയ്ക്കുന്നു. അപ്പോഴെല്ലാം ഇന്ദ്രന്‍ തന്‍റെ സുഹൃത്തായ തക്ഷകന്‍റെ ആവാസ കേന്ദ്രമായ ഈ വനം ദഹിപ്പിയ്ക്കുന്ന ഉദ്യമത്തില്‍ നിന്ന് എന്നെ തടയുന്നു. എന്‍റെ ആഗ്രഹം നിങ്ങള്‍ നിറവേറ്റിത്തരണം. അര്‍ജ്ജുനന്‍ പ്രതികരിച്ചു. അസ്ത്രങ്ങള്‍ തൊടുക്കാനുള്ള ധനുസ്സ് എന്‍റെ പക്കലില്ല. മാത്രമല്ല, വേഗത കൂടിയ തേരും ലഭ്യമാക്കിയാല്‍ അങ്ങയുടെ ആഗ്രഹം ഞാന്‍ നിറവേറ്റാം. അഗ്നി, വരുണന്‍റെ സഹായത്താല്‍ ഗാണ്ഡീവം എന്ന ശ്രേഷ്ഠമായ ധനുസ്സും, എണ്ണിയാല്‍ ഒടുങ്ങാത്ത അമ്പുകള്‍ നിറച്ച തൂണിരവും പാര്‍ത്ഥന് നല്‍കി. കൂടാതെ നാലു കുതിരകളെ പൂട്ടിയ വേഗത ഏറിയ തേരും. നാരായണ ദത്തമായ സുദര്‍ശനവും , കൌമേദകം എന്ന ഗദയും അഗ്നി ശ്രീകൃഷ്ണനു നല്‍കി. നോക്കി നില്‍ക്കെ അഗ്നി താണ്ഡവമാടി. ഇന്ദ്രന്‍ വാര്‍ത്ത അറിഞ്ഞു. അദ്ദേഹം പേമാരി പെയ്യിച്ചു അഗ്നിയെ കെടുത്താന്‍ ശ്രമം നടത്തി. അര്‍ജ്ജുനന്‍ അസ്ത്രത്താല്‍ മേഘങ്ങളെ തടഞ്ഞുനിര്‍‍ത്തി. ഈ സമയം തക്ഷക പുത്രനായ അശ്വസേനന്‍ തന്‍റെ അമ്മയുടെ സാഹസ പ്രവര്‍ത്തി മൂലം രക്ഷപ്പെട്ടു . ഇന്ദ്രന്‍ പുഷ്ക്കല, ആവര്‍ത്തക എന്നീ മേഘജാലങ്ങളെ ആഹ്വാനം ചെയ്തു. അര്‍ജ്ജുന ശരപേടകം തകര്‍ക്കാന്‍, മേഘങ്ങള്‍ വര്‍ഷിച്ച പേമാരിക്കായില്ല. തോല്‍വി സമ്മതിയ്ക്കാന്‍ തയ്യാറല്ലാത്ത ഇന്ദ്രന്‍ വായ വ്യാസ്ത്രം പ്രയോഗിച്ച് അതി ഭയങ്കരമായ കാറ്റു സൃഷ്ടിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. അര്‍ജ്ജുനന്‍ പ്രത്യസ്ത്രത്താല്‍ ഇന്ദ്രനെ പാരാജയപ്പെടുത്തി. ഇന്ദ്രന്‍ വജ്രായുധം ചുഴറ്റിയപ്പോള്‍ ആകാശത്ത് നിന്ന് അശരീരി ഉണ്ടായി.


ഇന്ദ്രാ! അങ്ങയുടെ സുഹൃത്ത് തക്ഷകന്‍ ഖാണ്ഡവ വനത്തിലില്ല. തക്ഷക പുത്രനും രക്ഷപ്പെട്ടിരിക്കുന്നു. നരനാരായണന്മാരായ അര്‍ജ്ജുനനോടും കൃഷ്ണനോടും യുദ്ധത്തില്‍ ജയിയ്ക്കാന്‍ താങ്കള്‍ക്കാവില്ല. അവര്‍ അജയ്യരാണ്. ഇന്ദ്രന്‍ തോല്‍വി സമ്മതിച്ചു അവരുടെ മുന്നിലെത്തി. ദിവ്യങ്ങളായ അസ്ത്രശസ്ത്രങ്ങള്‍ വേണ്ട അവസരത്തില്‍ പുത്രന് നല്‍കാമെന്ന് ഇന്ദ്രന്‍ വാഗ്ദാനം ചെയ്തു. പുത്രനെ അനുഗ്രഹിച്ചു. കൃഷ്ണനെ വണങ്ങി തിരിച്ചു പോയി. അഗ്നിയും സംതൃപ്തിയോടെ വിടവാങ്ങി. ഖാണ്ഡവ വനത്തില്‍ പടര്‍ന്ന അഗ്നിയില്‍ നിന്ന് അര്‍ജ്ജുനന്‍ രക്ഷപ്പെടുത്തിയ മയന്‍ എന്ന അസുര ശില്പി അവരുടെ മൈത്രി സ്വീകരിച്ചു.



തന്‍റെ ജീവന്‍ രക്ഷിച്ച അര്‍ജ്ജുനനു വേണ്ടി, എന്തെങ്കിലും ചെയ്യണമെന്നു മയന്‍ ആഗ്രഹിച്ചു. ജ്യേഷ്ഠനു വേണ്ടി നല്ലൊരു രാജസഭ നിര്‍മ്മിയ്ക്കണമെന്ന ആഗ്രഹം അര്‍ജ്ജുനന്‍ പ്രകടിപ്പിച്ചു. അസുര ശില്പിയായ മയന്‍ ആ ദൌത്യം സന്തോഷപ്പൂര്‍വ്വം സ്വീകരിച്ചു. നാലുമാസത്തിനുള്ളില്‍ മയന്‍ രമ്യമായ സഭാതലം പൂര്ത്തിയാക്കി. കൈലാസ പര്‍വ്വതത്തിനും, മൈനാക പര്‍വ്വതത്തിനും ഇടയിലുള്ള ബിന്ദു സരസ്സില്‍ അനേകം പാത്രങ്ങളിലായി വിശിഷ്ട രത്നങ്ങള്‍ ഉണ്ടെന്നും, അതുകൊണ്ട് സഭാതലം മോടിപിടിപ്പിച്ചാല്‍ ആകര്‍ഷകമാകുമെന്നും മയന്‍ അറിയിച്ചു. അര്‍ജ്ജുനനുമായി ബിന്ദു സരസ്സില്‍ എത്തിയ മയന്‍ രത്നങ്ങള്‍ക്കൊപ്പം കിട്ടിയ ദേവദത്തം എന്ന ശ്രേഷ്ഠമായ ശംഖു അര്‍ജ്ജുനന് ദാനം ചെയ്തു. വിഖ്യാതമായ ഒരു ഗദ കൂടി അവിടുന്ന് കണ്ടെടുത്തു. ഈ ഗദ, മയന്‍ ഭീമന് നല്‍കി. ഈ ബിന്ദു സരസ്സില്‍ വെച്ചാണ്‌ ശിവന്‍റെ ജടയില്‍ നിന്നും ഗംഗാനദി ബിന്ദുക്കളായി ഭൂമിയില്‍ പതിച്ചത്. ഈ സരസ്സില്‍ നിന്നും ഗംഗാ നദി പശ്ചിമത്തിലേയ്ക്കും, പൂര്‍വ്വത്തിലേയ്ക്കുമായി മുമൂന്നായ്‌ പിരിഞ്ഞു. ശേഷിച്ച ഗംഗാ ജലത്തെ ഭഗീരഥന്‍ തന്‍റെ രാജ്യത്തിലേയ്ക്ക് കൊണ്ടു പോയി. അതിനാല്‍ ബിന്ദു സരസ്സ് സപ്ത നദികളുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്നു.


യമ നിര്‍മ്മിതമായ യുധിഷ്ഠിരന്‍റെ രാജസഭ ഇന്ദ്രസഭാതലമായ സുധര്‍മ്മ യെ പോലും വെല്ലുന്നതായിരുന്നു.


No comments:

Post a Comment