ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, July 21, 2017

രാമനും സീതയും പകർന്ന നന്മയുടെ ദീപം...



ശ്രീരാമൻ ഒരു പാഠപുസ്തകമാണ്. ശ്രീരാമന്റെ ജീവിതയാത്രയിൽ പകർന്നു നൽകിയ വെളിച്ചത്തിലൂടെ ആ പുസ്തകം വായിക്കണം. പ്രതിസന്ധികളിൽ വഴികാട്ടിയാവാൻ ആ പാഠപുസ്തകം പകരുന്ന ജ്ഞാനം ധാരാളം.


സീതയോ? സീതയുടെ ജീവിതവും വഴിവിളക്കായി നിൽക്കുന്നു. മിഥിലയിലെ രാജാവായിരുന്ന ജനകന് പുത്രിമാർ നാല്. എന്നാൽ പുത്രിമാരിൽ മൂത്തവൾ ജനകന്റെ പുത്രിയല്ല, വളർത്തുമകളായിരുന്നു. ജനകന് ഏറ്റവും സ്നേഹം ആ വളർത്തുമകളായ സീതയോടായിരുന്നു. നിലം ഉഴുമ്പോൾ ഉഴവുചാലിൽ നിന്നാണ് സീതയെ ജനകനു കിട്ടിയത്. അന്ന് ജനകമഹാരാജാവിന് കുട്ടികൾ ഉണ്ടായിരുന്നില്ല. മണ്ണിൽ നിന്നു കിട്ടിയ ചോരക്കുഞ്ഞിനെ രാജാവ് കൊട്ടാരത്തിൽ കൊണ്ടുപോയി വളർത്തി. വിശാല അർഥത്തിൽ പറഞ്ഞാൽ സീത ഭൂമിയുടെ മകളാണ്. ഭൂമിയിലെ വേദനകൾക്കും കഷ്ടതകൾക്കും പ്രതീകമായവൾ.


സീതയെ കിട്ടിയതിനു ശേഷം രാജാവിന് മൂന്നു പെൺകുട്ടികൾ കൂടിയുണ്ടായി. എന്നാലും സീതയോടു ള്ള സ്നേഹം ഒട്ടും കുറഞ്ഞില്ല. എന്റെ, മറ്റൊരാളുടെ എന്നിങ്ങനെയുള്ള വിവേചനമേറുന്ന ഈ ലോക ത്തിൽ ആ സ്നേഹം പാഠമാക്കേണ്ടതാണ്.


സീതയുടെ വിവാഹം നടത്താൽ ജനകമഹാരാജാവ് മിഥിലയിൽ ധനുർയാഗമെന്ന ഉത്സവം നടത്തി. വില്ലൊടിക്കുന്ന വില്ലാളി വീരനു മാത്രമേ മകളെ കൊടുക്കൂ. അതിനാണ് ധനുർയാഗം. ധനുർയാഗം ഒന്നു കണ്ടാൽ കൊള്ളാമെന്ന് വിശ്വാമിത്ര മഹർഷിക്ക് ഒരു മോഹം. പങ്കെടുക്കാനല്ല, ഒന്നു കാണാൻ മാത്രം. വിശ്വാമിത്രന്റെ ആശ്രമത്തിൽ അപ്പോൾ രാമലക്ഷ്മണൻമാരുണ്ട്. അവരെ അയോധ്യയിലേക്കു തിരിച്ചുകൊണ്ടുപോകേണ്ടത് വിശ്വാമിത്ര മഹർഷിയാണ്. രാമലക്ഷ്മണൻമാരും മിഥിലയിലേക്കു വരട്ടെ എന്ന് വിശ്വാമിത്ര മഹർഷി. അവിടെ നിന്ന് അയോധ്യയിലേക്കു പോകാം.


മിഥിലയുടെ അതിർത്തിയിൽ അവർ എത്തിയപ്പോൾ ഒരു കാട് കണ്ടു. കാടിനു നടുവിൽ ഒരു പർണശാല. പർണശാലയുടെ മുറ്റത്ത് ഒരു കല്ല്. കണ്ടാൽ ഒരു സ്ത്രീ ഇരിക്കുന്നതു പോലെ തോന്നും. ഗൗതമമഹർഷിയുടെ ആശ്രമമായിരുന്നു അത്. പക്ഷേ അദ്ദേഹം അവിടം വിട്ടുപോയിട്ട് അനേകം വർഷങ്ങളായി.


ഈ കൽപ്രതിമ രാമനെ കാത്തിരിക്കുകയാണെന്ന് വിശ്വാമിത്രൻ പറഞ്ഞു. ആശ്ചര്യപ്പെട്ട രാമനോട് വിശ്വാമിത്രൻ പറഞ്ഞു— അതു പ്രതിമയല്ല. പ്രതിമാരൂപത്തിലുള്ള സ്ത്രീയാണ്. രാമന്റെ പാദസ്പർശമാണ് ആ പ്രതിമാരൂപത്തിന്റെ മോക്ഷമാർഗം.


രാമപാദസ്പർശമേറ്റപ്പോൾ പ്രതിമ അഹല്യയെന്ന സ്ത്രീയായി മാറി. രാമൻ അഹല്യയെ നമസ്കരിച്ചു. ലക്ഷ്മണനും ജ്യേഷ്ഠനെ അനുകരിച്ചു.


വിശ്വാമിത്രൻ അദ്ഭുതപ്പെട്ടു. കല്ലായിക്കിടന്ന അഹല്യയ്ക്ക് ജീവൻ കൊടുത്തയാൾ തന്നെ അഹല്യയെ നമസ്കരിക്കുന്നു. ഇത് വിനയത്തിന്റെ അങ്ങേയറ്റമാണ്. അതാണ് ശ്രീരാമന്റെ വ്യക്തിത്വം. ചെറിയ കാര്യങ്ങൾക്കു പോലും അഹങ്കരിക്കുന്ന അനേകരുള്ള ലോകത്തിൽ തന്റെ ജീവിതമെന്ന പാഠപുസ്തകത്തിൽ രാമൻ വിലപ്പെട്ട ഒരു അധ്യായം അവിടെ എഴുതിച്ചേർക്കുകയായിരുന്നു.


ദൈവിക ഭാവവും മാനുഷിക ഭാവവും കലർന്നതായിരുന്നു ശ്രീരാമൻ. അമാനുഷിക പ്രവൃത്തികളിലൂടെ ദൈവിക പരിവേഷമുണ്ടാക്കിയില്ല. ഇതിന് ഉദാഹരണമുണ്ട്— രാമരാവണ യുദ്ധത്തിൽ കുംഭകർണന്റെ മരണം രാവണനെ നടുക്കിയ സമയം. ഇനി യുദ്ധവീരനായിട്ട് രാവണപക്ഷത്ത് രാവണന്റെ മകൻ ഇന്ദ്രജിത്ത് മാത്രം. ഇന്ദ്രജിത്ത് രാമലക്ഷ്മണൻമാരോട് പോരാടി. ആ ഏറ്റുമുട്ടലിൽ രാമന്റെ സൈന്യം തകർന്നു. ഇന്ദ്രജിത്തിന്റെ മായാവലയിൽ കുടുങ്ങി രാമലക്ഷ്ണമൻമാർ മോഹാലസ്യപ്പെട്ടു വീണു. ഇന്ദ്രജിത്തിന്റെ മായാപ്രയോഗം ഏൽക്കാതിരുന്നത് രാമന്റെ പക്ഷത്തെ ഒരാൾക്കു മാത്രം—വിഭീഷണന്. കാരണം വിഭീഷണൻ രാക്ഷസനായിരുന്നു. രാക്ഷസന്മാരുടെ മായാപ്രയോഗം മറ്റൊരു രാക്ഷസനെ ബാധിക്കില്ല.


ദൈവികതയല്ല, മാനുഷികഭാവമാണ് ഈ അവസരത്തിൽ രാമന്. അസുരന്റെ മായാപ്രയോഗത്തിൽ മറ്റേതൊരു മനുഷ്യനെയും പോലെ രാമനും മോഹാലസ്യപ്പെട്ടു വീണു. ഒപ്പം ലക്ഷ്മണനും.


എളിമയുടെ വിജയമാണ് രാമൻ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നത്. ആ എളിമയുടെ തെളിച്ചം കാണാൻ കണ്ണുകൾ തുറക്കണം. സഹനത്തിലൂടെയും ക്ഷമയിലൂടെയും ജീവിതവെളിച്ചം പകരുകയാണ് സീത. രാമനും സീതയും പകർന്ന നന്മയുടെ ദീപം ഇന്നും പ്രഭ ചൊരിയുന്നു.


ഡി.അരുൺകുമാർ

No comments:

Post a Comment