ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, July 21, 2017

ഇന്ദ്രജിത്തും ഹനുമാനും


ഭാരതീയ ഇതിഹാസകാവ്യമായ  രാമായണത്തിൽ  ലങ്കാധിപതിയായ  രാവണന്റെ മകനാണ്  മേഘനാദന്‍. രാമരാവണയുദ്ധത്തിൽ സുപ്രധാനപങ്കുവഹിച്ച മേഘനാദന്‍ ലക്ഷ്മണണനുമായി മൂന്നുതവണ ഏറ്റമുട്ടി. ആദ്യത്തെ രണ്ടുവട്ടവും വിജയിച്ചപ്പോൾ മൂന്നാമത്തെ തവണ വിഭീഷണന്റെ സഹായത്തോടെ ലക്ഷ്മണൻ  മേഘനാദനെ പരാജയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു ജനിച്ച നിമിഷം തന്നെ ഇടിമുഴക്കംപോലെ കരഞ്ഞതുകൊണ്ടാണ് മേഘനാദന്‍ എന്നുപേരിട്ടത്.


ശിവനാണ് മേഘനാദന്റെ ഗുരു. ശിവന് മേഘനാഥനോട് പുത്രവാത്സല്യവും ശിഷ്യവാത്സല്യവുമുണ്ടായിരുന്നു. അതിനാല്‍ ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം, ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം, തുടങ്ങിയ വിദ്യകളെല്ലാം അഭ്യസിപ്പിച്ചു. അതിനാല്‍ മായാവിയെന്നും അറിയപ്പെടുന്നു.
ദേവേന്ദ്രനെ യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് ഇന്ദ്രജിത്ത് എന്നും അറിയപ്പെടുന്നു. അതുകഴിഞ്ഞ് ഇന്ദ്രജിത്ത് ബ്രഹ്മാവിനെ തപസ്സുചെയ്തു പ്രസാദിപ്പിച്ചു. അനേകം വരങ്ങളും സമ്പാദിച്ചു. അവ ദാനവര്‍ക്കോ, മാനവര്‍ക്കോ, രാക്ഷസര്‍ക്കോ, മറ്റാര്‍ക്കെങ്കിലുമോ ഇതുവരെ സമ്പാദിക്കാന്‍ കഴിയാത്ത സിദ്ധികളാണ്. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും കാട്ടിലും ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വിമാനം ആയുധമേല്‍ക്കാത്ത ഒരു കഞ്ചുകം, അത്ഭുതകരമായ ചില ആയുധങ്ങള്‍ എന്നിവ സമ്പാദിച്ചു.


രാമരാവണയുദ്ധത്തിൽ മേഘനാദൻ അസംഖ്യം വരുന്ന വാനരപ്പടയെ നിർദ്ദയമായി ആക്രമിച്ചു . അതിക്രുദ്ധരായ രാമഭക്തർ വർദ്ധിതവീര്യത്തോടെ തിരിച്ചടിച്ചു  . നക്തഞ്ചരൻ പകയോടെ അദൃശ്യനായി നിന്ന് കോടാനുകോടി വരുന്ന വാനരസഞ്ചയത്തെ ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രമ്യ്തു ഹാ ഹാ കഷ്ടം . വാനരസൈന്യം ഘോരാസ്ത്രസഞ്ചയമാരിയിൽ കൂട്ടത്തോടെ മരിച്ചുവീണു .കൂടെ രാമലക്ഷ്മണന്മാരും ബ്രഹ്മാസ്ത്രത്തെ മാനിച്ച് ഭൂമിയിലേക്ക് തല ചായ്ചു.
വിഭീഷണനും ഹനുമാനും മാത്രമാണ് അസ്ത്രമേറ്റ് വീഴാത്തത്. അവര്‍ തീപ്പന്തങ്ങളും ഉയര്‍ത്തിക്കൊണ്ട് മുറിവേറ്റു കിടക്കുന്ന വാനരനായകന്മാരുടെയിടയിലൂടെ നടന്നു. സുഗ്രീവന്‍, നീലന്‍, അംഗദന്‍, ജാംബവാന്‍ തുടങ്ങിയവരെല്ലാം ബോധം കെട്ടുകിടക്കുന്നു. രാമലക്ഷ്മണന്മാരും വീണുകിടക്കുന്നത് അവര്‍ കണ്ടു. ആരും ഭയപ്പെടേണ്ട. ബ്രഹ്മദേവന്റെ അസ്ത്രത്തെ മാനിച്ചുകൊണ്ട് അവര്‍ വീണുകിടക്കുകയാണ്. ബലവന്മാരായ അറുപത്തേഴുകോടി വാനരന്മാരെ പകല്‍ അവസാനിക്കാന്‍ അഞ്ചിലൊന്നു സമയം ബാക്കിയുള്ളതിനിടയ്ക്കാണ് മേഘനാഥന്‍ വീഴ്ത്തിയത്. മാരുതിയും വിഭീഷണനും കൂടി ജാംബവാനെ തെരഞ്ഞു കണ്ടുപിടിച്ചു. 

”ഹേ മഹാത്മാവേ അങ്ങേക്കു ജീവഹാനി വന്നിട്ടില്ലല്ലോ?” ”ഹേ രാക്ഷസശ്രേഷ്ഠ, തീക്ഷണങ്ങളായ ബാണങ്ങളേറ്റ് എനിക്ക് കണ്ണുതുറക്കാന്‍ പറ്റുന്നില്ല. ശബ്ദംകൊണ്ടാണ് ഞാന്‍ അങ്ങയെ തിരിച്ചറിഞ്ഞത്. നമ്മുടെ ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോയെന്നനേ്വഷിക്കണം.” ജാംബവാന്‍ പറഞ്ഞു.
”മാരുതി ജീവനോടെയുണ്ടെങ്കില്‍ നാമെല്ലാവരും ജീവിച്ചിരിക്കും. മാരുതി മരിച്ചെങ്കില്‍ നമ്മളെല്ലാവരും മരിച്ചെന്നു കരുതിക്കോളൂ.” അതുകേട്ട് ഹനുമാന്‍ ജാംബവാന്റെ പാദങ്ങള്‍ പിടിച്ച് അഭിവാദനം ചെയ്തു. ”ഞാനിതാ ജീവിച്ചിരിക്കുന്നു” എന്നുപറഞ്ഞു ജാംബവാന്‍ എണീറ്റിരുന്ന് മാരുതിയെ തലോടിക്കൊണ്ട് പറഞ്ഞു ”ഹനുമാനേ, നീ വേഗം ഹിമാലയത്തിലേക്ക് പോകണം. അവിടെനിന്നും ദിവ്യഔഷധങ്ങള്‍ കൊണ്ടുവരണം. നാളെ പ്രഭാതത്തിനുമുമ്പ് മൃതസഞ്ജീവിനി കൊണ്ടുവന്നാല്‍ എല്ലാവരേയും ജീവിപ്പിക്കാം. നിനക്കുമാത്രമേ അതിനു കഴിയൂ.”


അത്യുന്നതമായ ഋഷഭ പര്‍വതത്തിനപ്പുറത്ത് കൈലാസ ശിഖരം. രണ്ടിനും മദ്ധ്യത്തിലായി നിസ്തുല പ്രഭയോടുകൂടിയ ഔഷധി പര്‍വതം കാണാം. വഴി ഞാന്‍ വിശദമാക്കിത്തരാം. ഇവിടെനിന്നും നൂറുയോജന പോയാല്‍ രാമേശ്വരം അവിടെനിന്നും ആയിരം യോജന വടക്കുചെന്നാല്‍ ഹിമാലയം കാണാം. അതിന് രണ്ടായിരം യോജന വിസ്തൃതിയും ആയിരം യോജന ഉയരവുമുണ്ട്. ഹിമവാനില്‍നിന്നും ഒമ്പതിനായിരം യോജന വടക്കുചെന്നാല്‍ ഹേമകൂടം, രത്‌നകൂടം എന്നീ രണ്ടുപര്‍വതങ്ങളുണ്ട്. അവയ്ക്കു മദ്ധ്യത്തിലായി ഋഷഭപര്‍വതം കാണാം. അവിടെയെത്താന്‍ വടക്കോട്ടുതന്നെ സഞ്ചരിക്കണം. ആദ്യം നിഷധപര്‍വതം കാണും.
അതിനുസമീപത്തെ ലക്ഷ്മീതടാകത്തില്‍ കുളിക്കുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ സകല കടാക്ഷവും കിട്ടും. അതിനുമകലെയാണ് മഹാമേരു. മഹാമേരുവിന്റെ ഉത്തരപാര്‍ശ്വത്തില്‍ ഉയരംകൂടിയ ഒരാല്‍മരമുണ്ട്. അതിന്റെ വടക്കുവശത്ത് കാശ്യപന്‍ ശ്വേതവരാഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിനുമപ്പുറത്താണ് ഋഷഭപര്‍വതം. ദിവ്യനായ ഒരു ഋഷഭം (കാള) പര്‍വതമായിത്തീര്‍ന്നതുകൊണ്ട് ഈ പേരുകിട്ടി. കാളയുടെ മുതുകിലെ രണ്ട് പൂഞ്ഞകളാണ് അദ്രശൃംഗങ്ങള്‍. ഇതില്‍ അനേകം ദിവ്യഔഷധങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ശര്യകരണി, വിശല്യകരണി, സന്ധാനകരിണി, മൃതസംഞ്ജീവിനി എന്നിവ. അസുരസൈന്യം ദേവന്മാരെ പരാജയപ്പെടുത്തിയപ്പോള്‍ ശ്രീനാരായണനും ശ്രീപരമേശ്വരനും രണ്ട് ഔഷധസസ്യങ്ങള്‍ നല്‍കി.

ദേവന്മാര്‍ അതിനെ ഋഷഭാദ്രിയില്‍ നട്ട് പാലാഴിയിലെ ജലമൊഴിച്ചു വളര്‍ത്തി. അവയ്ക്ക് ആദിത്യനോളം പ്രഭയുള്ളതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. മറ്റാര്‍ക്കും അതു പറിക്കാന്‍ കഴിയില്ല. ശ്രീനാരായണന്റെ സുദര്‍ശനചക്രവും ശിവന്റെ ഭൂതഗണങ്ങളും അതിനു കാവല്‍ നില്‍ക്കുന്നുണ്ട്. നീ അവിടെയെത്തുമ്പോള്‍ ഉറക്കെ ശ്രീരാമനാമം ജപിക്കണം. അപ്പോള്‍ ഔഷധം കൊണ്ടുവരാന്‍ കാവല്‍ക്കാര്‍ അനുവദിക്കും. ഇനി നീ ഒട്ടും വൈകാതെ രാമകാര്യത്തിനു പോകുന്നുവെന്ന കരുതലോടെപോയി മൃതസംഞ്ജീവിനി കൊണ്ടുവരിക. ഹനുമാന്‍ ”ജയ് ശ്രീരാമന്‍” എന്ന വിളിയോടെ ആകാശത്തിലേക്കുയര്‍ന്നു...!

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ"....ശ്രീരാമജയം.

No comments:

Post a Comment