ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, June 21, 2017

രാമായണ കഥയില്‍ സ്ത്രീയുടെ ആസുരവും ദൈവികവുമായ മുഖങ്ങള്‍



രാമായണകഥയില്‍ ശ്രദ്ധേയമായ വഴിത്തിരിവുണ്ടാക്കുന്ന പല സംഭവങ്ങളും വിവരിച്ചിട്ടുള്ളത് ആരണ്യകാണ്ഡത്തിലാണ്. ഇവയില്‍ ആദ്യത്തേതാണ് പഞ്ചവടിയിലേക്കുള്ള ശൂര്‍പ്പണഖയുടെ പ്രവേശം.


കാമരൂപിണിയായ ആ രാവണഭഗിനി ആശ്രമമുറ്റത്ത് രാമലക്ഷ്മണന്മാരുടെ കാല്പാടുകള്‍ കണ്ട് അവര്‍ ഇരുവരും പുരുഷസൗന്ദര്യത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളാണെന്ന് അഭ്യൂഹിക്കുന്നു. കാമപൂരണത്തിനായി അവരെ ലജ്ജയെന്യേ സമീപിക്കുകയും ചെയ്യുന്നു. ഒടുവില്‍ അപമാനിതയായി മുറിവുകളേറ്റ് ആ മനോഹരി സാക്ഷാല്‍ രാക്ഷസീയരൂപത്തില്‍ അലറിവിളിച്ചുകൊണ്ട് അവിടെനിന്ന് നിഷ്‌ക്രമിക്കുന്നു.


അപമാനിതയായ സഹോദരിയെക്കണ്ട് ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നീ രാക്ഷസന്മാര്‍ പതിനാലായിരത്തോളം പോന്ന പടയുമായി രാമലക്ഷ്മണന്മാരെ ആക്രമിക്കുകയും രാമബാണങ്ങളേറ്റ് ജീവന്മുക്തരാവുകയും ചെയ്യുന്നു.


പ്രതികാരദുര്‍ഗയായി മാറിയ ശൂര്‍പ്പണഖ ബീഭത്സരൂപിണിയായി ഭ്രാതാവായ രാവണനെ സമീപിക്കുന്നു. രാവണനെ പ്രലോഭിപ്പിക്കാന്‍ മറ്റൊരു തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. രാവണന്‍ സ്ത്രീജിതനാണെന്ന് അവള്‍ക്കറിയാം. സീതാദേവിയുടെ അലൗകികമായ സൗന്ദര്യത്തെക്കുറിച്ച് വര്‍ണിച്ച് അവള്‍ രാവണനെ കാമപരവശനാക്കുന്നു. നേരിട്ടുള്ള യുദ്ധത്തില്‍ അവരെ കീഴ്‌പ്പെടുത്താനാവില്ലെന്നും മായാപ്രയോഗംകൊണ്ടേ ലക്ഷ്യം സാധ്യമാകൂ എന്നും ഓര്‍മപ്പെടുത്തുന്നു. അങ്ങനെ ശൂര്‍പ്പണഖ ലക്ഷ്യം സാധിച്ചു. മാരീചന്റെ സഹായത്തോടെ ലങ്കേശ്വരന്‍ സീതയെ അപഹരിച്ച് ലങ്കയിലെത്തിച്ച് അശോകവനികയില്‍ ഭദ്രമായി സംരക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയും ചെയ്തു.


അപമാനിതയായ സ്ത്രീയുടെ പ്രതികാരം എത്ര കരുത്തുറ്റതും വിനാശകാരിയുമാണെന്നാണ് ശൂര്‍പ്പണഖാവൃത്താന്തം നമ്മെ അറിയിക്കുന്നത്.


സൈ്ത്രണചിത്തത്തിന്റെ മറ്റു ചില അവസ്ഥാഭേദങ്ങളാണ് പഞ്ചവടിയില്‍ കഴിയുന്ന സാധ്വിയായ മൈഥിലീദേവിയിലൂടെ പ്രകാശിതമാകുന്നത്.


മാരീചനെന്ന മായാവി മനോഹരമായൊരു പൊന്മാനായി ആശ്രമമുറ്റത്തുനിന്ന് ഓരോരോ ലീലകള്‍ കാട്ടുമ്പോള്‍ ആ സൗന്ദര്യപ്പൊലിമ കണ്ട് സീത വ്യാമുഗ്ധയാകുന്നു. ദൂരെ വനാന്തര്‍ഭാഗത്തെങ്ങോ നിന്നുയരുന്ന നിലവിളി രാമന്റേതാണെന്ന് ഭ്രമിച്ച് മനഃസ്ഥൈര്യം നഷ്ടപ്പെട്ട അവള്‍ പരിഭ്രാന്തയാകുന്നു, പോകാന്‍ മടിച്ചുനിന്ന ലക്ഷ്മണന്റെ നേര്‍ക്ക് കൊള്ളിവാക്കുകള്‍ പ്രയോഗിക്കുന്നു. ജ്യേഷ്ഠപത്‌നിയുടെ കല്പന അനുസരിക്കാതെ ലക്ഷ്മണന് മറ്റു നിവൃത്തിയൊന്നുമില്ല. ഈ ഘട്ടത്തിലാണ് ചഞ്ചലചിത്തയായ ജാനകിയുടെ മുന്നില്‍ ഭിക്ഷുവേഷധാരിയായി രാവണന്‍ അവതീര്‍ണനാകുന്നത്.


സത്യവചസ്സായ ദേവി തന്റെ കഥകള്‍ മുഴുവന്‍ ആ കപടയോഗിയെ ധരിപ്പിച്ചു. തുടര്‍ന്ന് കാമാതുരനായ രാവണന്‍ പ്രലോഭനങ്ങളിലേക്ക് കടന്നു.


പ്രണയചപലനായ അയാളുടെ വാക്കുകള്‍ സീതയെ ക്ഷുഭിതയാക്കി. സാക്ഷാല്‍ ജഗദീശ്വരിയായി അവള്‍ മാറി. ''കേവലമടുത്തിതുമരണം നിനക്കിപ്പോള്‍'' എന്ന് അയാളെ ശപിച്ചു. ''തൊട്ടുകൂടുമോ ഹരിപത്‌നിയെ ശശത്തിന്'' എന്ന് അയാളെ പരിഹസിച്ചു. അഞ്ജനശൈലാകാരംപൂണ്ട രാവണന്‍ സീതയെ പുഷ്പകവിമാനത്തില്‍ ബലമായി കയറ്റി ആകാശമാര്‍ഗത്തേക്കുയര്‍ന്നപ്പോള്‍ വനദേവതമാര്‍പോലും ഭയവിഹ്വലരായി. വിമാനത്തിലിരുന്ന് സീതാദേവി വിലപിക്കവേ ജടായു പറന്നുയര്‍ന്ന് രാവണനെ നേരിട്ടു, ചിറകറ്റ് വീഴുകയും ചെയ്തു.


ഈ ഘട്ടത്തില്‍പ്പോലും സീതയ്ക്ക് മനസ്സാന്നിധ്യം നഷ്ടപ്പെട്ടില്ല. ''ലക്ഷ്മണ, നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ'' എന്ന് പശ്ചാത്താപത്തോടെ അവള്‍ വിലാപം തുടര്‍ന്നു.


സീതാദേവി താഴേക്കു നോക്കിയപ്പോള്‍ കണ്ടത് സുഗ്രീവാദിപഞ്ചവാനരന്മാരെയാണ്. തന്റെ വിഭൂഷണങ്ങള്‍ ഉത്തരീയഖണ്ഡത്തില്‍ പൊതിഞ്ഞ് അവള്‍ ഭൂമിയിലേക്ക് നിക്ഷേപിച്ചു, രാമചന്ദ്രന് അവ കാണാന്‍ യോഗം വരട്ടെ എന്ന പ്രാര്‍ഥനയോടെ.


അശോകവനികയില്‍ ആഹാരനീഹാരാദികള്‍ വെടിഞ്ഞ് ഒരു പ്രണയതപസ്വിനിയായി സീത മരുവുന്നത് ചിത്രീകരിച്ചുകൊണ്ട് കവികുലാചാര്യന്‍ ''മായാസങ്കടം മനുഷ്യജന്മത്തിലാര്‍ക്കില്ലാത്തു'' എന്ന സാന്ത്വനവചസ്സോടെ സീതാപഹരണവൃത്താന്തം ഉപസംഹരിക്കുന്നു.


ഇങ്ങനെ സ്ത്രീമനസ്സിന്റെ ആസുരവും ദൈവികവുമായ രണ്ടു മുഖങ്ങളാണ് ആരണ്യകാണ്ഡത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

No comments:

Post a Comment