ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, June 10, 2017

സുദാമാവേ നീയാണ് എന്റെ പ്രിയപ്പെട്ട ചങ്ങാതി


സാന്തീപനി മഹർഷിയുടെ ഗുരുകുലത്തിൽ വിദ്യാഭ്യാസത്തിന് വന്നതായിരുന്നു സുദാമാവ്. ഒരു സാധു ഗൃഹത്തിലെ ബ്രാഹ്മണ ബാലൻ. 

ഗുരുവിന് ശുശ്രൂഷ ചെയ്തിരിക്കുമ്പോൾ ഗുരുനാഥന്‍ കൃഷ്ണന്റെയും രാമന്‍റെയും കഥകൾ പറയും. കണ്ണൻ വെണ്ണ തിന്നതും പാലുകുടിക്കുന്നതും ഗോപികമാരുടെ ഗൃഹത്തിൽ പോകുന്നതും എല്ലാം കേൾക്കുമ്പോൾ സുദാമാവിന് പറയാനാവാത്ത ആനന്ദം. കണ്ണൻ ഗോപക്കുട്ടികളുടെ കൂടെ കളിക്കുന്നതും പശുക്കളെ മേയ്ക്കാൻ അവരോടൊപ്പം പോകുന്നതും അത്ഭുതത്തോടെ കേട്ടിരിക്കും. ദാരിദ്ര്യത്തില്‍ വളർന്ന ആ ബാലന് കണ്ണൻ ധാരാളം വെണ്ണയും പാലും പഴങ്ങളും കഴിക്കുന്നത് കേട്ടപ്പോള്‍ ഒരിക്കൽ പോലും കൊതിച്ചില്യ തനിക്ക് അതുപോലെ വെണ്ണയും പാലും പഴങ്ങളും കഴിക്കണം ന്ന്. പിന്നെ ഗുരുനാഥനോടു ചോദിച്ചതോ?


"ഗുരുനാഥാ ആ കണ്ണൻ എന്നാ എനിക്ക് ചങ്ങാതിയായി വരുന്നത്? എന്നാ അതുപോലെ എന്റെ കൂടെ കളിക്കുക? എന്നെങ്കിലും കണ്ണനെ കെട്ടിപ്പിടിച്ചു ഉറങ്ങാന്‍ എനിക്കും കഴിയോ?

കണ്ണനെ ഒന്നു കാണാനെങ്കിലും കഴയുമോ?" ചോദിക്കുക മാത്രല്ല  എന്നും സുദാമാവ് ഇതു തന്നെ ചിന്തിച്ചു. സദാ കൃഷ്ണാ കൃഷ്ണാ എന്ന് മനസ്സില്‍ വിളിച്ചു. ഗോപന്മാരുടെ കൂടെ താനും കണ്ണന്റെ കൂടെ കളിക്കുന്നത് സ്വപ്നം കണ്ടു. അങ്ങിനെ ഒരു നാൾ അതാ കണ്ണനും രാമനും സാന്തീപനീ ഗൃഹത്തിൽ
കണ്ണനെക്കാണാൻ എല്ലാ കുട്ടികളും ഗുരുനാഥനോടൊപ്പം നിന്നു. സുദാമാവിന്റെ ഹൃദയം പട പടാ മിടിച്ചു. ഒടിച്ചെന്ന് ഒന്ന് നമസ്ക്കരിക്കണോ. അതോ കെട്ടിപ്പിടിക്കണോ. കൃഷ്ണാ ന്ന് ഒന്നു ഉറക്കെ വിളിക്കണോ. എന്താ ചെയ്യണ്ടേ ന്നറിയാതെ ആ സച്ചിദാനന്ദ രൂപം കണ്ണുകൊണ്ട് കുടിച്ച് ആനന്ദത്തിൽ എല്ലാം മറന്നു നിന്നു. കണ്ണനോ ഒരു ചാരുസ്മിതത്തോടെ മുന്നോട്ടു ചെന്ന് ഗുരുനാഥനെ നമസ്ക്കരിച്ചു.

Image result for സുദാമാവ് കൃഷ്ണൻ
ഗുരുനാഥന്‍റെ തൊട്ടടുത്താണ് സുദാമാവ് നിന്നിരുന്നത്. സുദാമാവിന്റെ ശരീരം അടിമുടി വിറച്ചു. ഹാ ! സച്ചിദാനന്ദ ഗന്ധം.താൻ ആനന്ദത്താൽ താഴേ വീണുപോകുമോ എന്ന് സുദാമാവിന് തോന്നി. ആ സമയം കണ്ണൻ എഴുന്നേററ് സുദാമാവിന്റെ കരം പിടിച്ചു. ആനന്ദം പരമാനന്ദം. കണ്ണന്റെ സ്പർശം. സുദാമാവ് വിറയലോടെ കൃഷ്ണാ എന്ന് വിളിച്ചു. പക്ഷേ തൊണ്ടയിടറി ശബ്ദം പുറത്തു വന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണനെ കാണാൻ പറ്റാതായി


കണ്ണൻ പ്രേമത്തോടെ തന്റെ കരങ്ങളാൽ സുദാമാവിന്റെ കണ്ണുനീര്‍ തുടച്ചു. രണ്ടു കരങ്ങൾ കൊണ്ടും സുദാമാവിന്റെ മുഖം കവർന്ന് ആ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. സുദാമാവേ നീയ്യാണ് എന്നും എന്റെ പ്രിയപ്പെട്ട ചങ്ങാതി. അന്ന് ചേർത്തുപിടിച്ച കണ്ണൻ പിന്നീട് ഒരിക്കലും സുദാമാവിനെ കൈവിട്ടില്ല. അതാണ് കൃഷ്ണ കൃപ. 


കടപ്പാട്   സുദർശന രഘുനാഥ്

No comments:

Post a Comment