ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, June 10, 2017

രാമായണത്തിലെ സ്ത്രീരത്നങ്ങൾ


പഞ്ചകന്യകമാരായി അറിയപ്പെടുന്ന സ്ത്രീകളില്‍ രാമായണത്തില്‍ നിന്നുള്ളവര്‍ അഹല്യ, താര, മണ്ഡോദരി എന്നിവരത്രെ. എന്തുകൊണ്ടാണ് ഈ മൂന്നു സ്ത്രീരത്‌നങ്ങളെ ഈ പദവിയിലേക്കുയര്‍ത്തിക്കാട്ടിയിരിക്കുന്നത്?



അഹല്യ ലോകത്തിലെ ഏറ്റുവും സുന്ദരിയായ സ്ത്രീയും ഗൗതമ മഹര്‍ഷിയുടെ ഭാര്യയുമായിരുന്നു. ഇന്ദ്രന്‍ അഹല്യയില്‍ ആകൃഷ്ടനായി ഗൗതമനോട് സാദൃശ്യം തോന്നുന്ന തരത്തില്‍ രൂപം ധരിച്ച് ആശ്രമത്തിലെത്തി, സന്ന്യാസി സന്ധ്യാവന്ദനത്തിന് പോയ തക്കം നോക്കി അഹല്യയെ പ്രാപിക്കുന്നു. ഒരു സ്ത്രീക്ക് എത്രയായാലും തന്റെ ഭര്‍ത്താവല്ലാത്ത പുരുഷനെ തിരിച്ചറിയാതിരിക്കാനാകുമോ? ഒരു പക്ഷേ, തന്റെ സ്ത്രീത്വത്തിന്റെ പരിപൂര്‍ണതയ്ക്കായി അഹല്യ അത്തരമൊരു സമാഗമത്തിനു മൗന സമ്മതമേകിയതാകുമോ? ഏതായാലും കുപിതനായ മഹര്‍ഷി അഹല്യയെ ഉപേക്ഷിക്കുന്നു. യുഗങ്ങളോളം ഭര്‍ത്താവിന്റെയോ മറ്റാരുടെയെങ്കിലുമോ തുണയില്ലാതെ നിരന്തര തപസ്സിലേര്‍പ്പെട്ട അഹല്യ ആത്മീയതയുടെ ഒരുപാട് ഉയരങ്ങളിലെത്തിച്ചേര്‍ന്നു.

അഹല്യാശ്രമത്തിനരികിലൂടെ കടന്നു പോയ ശ്രീരാമചന്ദ്രന്‍ ആ പുണ്യമാതാവിനെ വന്ദിച്ചു. ശ്രീരാമനു വന്ദ്യയായ ആ സ്ത്രീരത്‌നത്തെ സ്വാഭാവികമായും ഗൗതമമഹര്‍ഷി സ്വീകരിക്കുന്നു. സ്വന്തം തപസ്സിലൂടെ, ജീവിതത്തിലൂടെ അതിജീവനത്തിന്റെ ഉദാത്തമാതൃക ലോകത്തിനു കാണിച്ചു കൊടുത്ത അഹല്യ അങ്ങനെ ആരാധ്യയാകുന്നു.



ലോകത്തിലെ ഏറ്റവും ബലവാനായ പുരുഷനായി എണ്ണപ്പെട്ടുവരുന്ന ബാലിയുടെ ഭാര്യയായിരുന്നു താര. അനുജന്‍ സുഗ്രീവനെ പിണക്കി വിടേണ്ട എന്ന താരയുടെ ഉപദേശം ശ്രവിക്കാതിരുന്നതിനാലാണ് ബാലിക്ക് രാമനുമായി യുദ്ധം ചെയ്യേണ്ടി വന്നതും ജീവന്‍ തന്നെ നഷ്ടപ്പെടാനിടയായതും. ജീവന്‍ നഷ്ടപ്പെടുന്ന സമയത്ത് സുഗ്രീവന്‍ പറയുന്നതു കേള്‍ക്കാന്‍ ബാലി മകന്‍ അംഗദനെ ഉപദേശിക്കുന്നു. സ്വന്തം മകന്റെ ജീവനും ഭാവിയും ഓര്‍ത്ത് താര സുഗ്രീവന്റെ ഭാര്യയാകുന്നു. മദ്യാസക്തനായ സുഗ്രീവനെ മുന്‍നിര്‍ത്തി രാജ്യകാര്യവിചാരം ചെയ്യുന്നതും ലക്ഷ്മണന്റെ കോപത്തെ അടക്കി, സീതാന്വേഷണത്തിനായുള്ള തയ്യാറെടുപ്പിലാണ് കിഷ്‌കിന്ധ എന്ന പ്രതീതി ലക്ഷ്മണനില്‍ ഉണ്ടാക്കാനും താരയ്ക്കു കഴിയുന്നു. അച്ഛനെ കൊന്നവനോടുള്ള പകയടക്കി സീതാന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ മകന്‍ അംഗദനു താര നിര്‍ദേശം നല്കുന്നു. കൗമാരം വിടാത്ത മകനും മദ്യാസക്തനായ ഭര്‍ത്താവും മാത്രം ഉള്ളപ്പോഴും നയകോവിദത്വത്തോടെ യുദ്ധപ്പുറപ്പാടു നടത്തുന്നതും കിഷ്‌കിന്ധയെ തങ്ങള്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത ഒരു കാര്യത്തിനായി യുദ്ധ സജ്ജരാക്കുന്നതും താരയുടെ രാജ്യ തന്ത്രജ്ഞതയുടെ വിജയമല്ലാതെ മറ്റെന്താണ്? ഭര്‍ത്താവിന്റെ മരണത്തോടെ വൈധവ്യത്തെ വരിച്ചു കരഞ്ഞുകഴിയുന്ന ഒരു സ്ത്രീയായിരുന്നു താരയെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രാതസ്മരണീയയാകുമായിരുന്നില്ല. മറിച്ചു വിധിയെ മറികടന്ന് മകനു കിരീടവും രാജ്യത്തിനു ശ്രേയസ്സും നേടുന്നതില്‍ വിജയിച്ചവളായതിനാല്‍ താര ആരാധിക്കപ്പെടേണ്ടവളായി മാറി.

No comments:

Post a Comment