ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, September 17, 2016

ദൈവദശകം

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം.       1
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.       2
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.       3
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.       4
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.       5
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.       6
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.       7
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.       8
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.       9
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.  10

No comments:

Post a Comment