ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, September 11, 2014

പ്രബോധനം

പ്രബോധനം

മഹാകവി ഉള്ളൂർ 

അവിരതം സുഖ, മവികലം ശുഭ-
  മെവിടെയുണ്ടതീയുലകിൽ മാനുഷ ?
ചിലേടം പൊങ്ങുന്നു, ചിലേടം താഴുന്നു,
  മലയുമാഴിയുമിയലുമീ മന്നിൽ.

പകലുമാവശ്യം   ഇരവുമാവശ്യം 
  അഹസ്സിൻ ജീവിതമഖണ്ഡമാക്കുവാൻ.
നിഴലുമേൽക്കണം, വെയിലുമേൽക്കണം
  വഴിയിൽ മുന്നോട്ടു നടന്നുപോകുവാൻ.

ജലസമം സൃഷ്ടിക്കുതകിടും ഭൂതം
  ജ്വലനനും ;--ഒന്നു തണുത്ത, തൊന്നുഷ്ണം.
അചലമാം മൃത്തും ചലമാം വായുവു-
  മജന്നു തൻപണിക്കവശ്യമമ്മട്ടിൽ.

അഴുകിപ്പോയതായ് നമുക്കു തോന്നുന്ന--
  തഴകിൻ മറ്റൊന്നിന്നമൃതമാകുന്നു ;
അതിനെയും നമ്മെപ്പടച്ച കയ് യാൽത്താൻ
  വിധി ചമച്ചതെന്നറിയണം നമ്മൾ.

തടിപ്പിലെന്തുള്ളൂ കൊതിച്ചുകൊള്ളുവാൻ ?
  ചടപ്പിലെന്തുള്ളൂ വെറുത്തുതള്ളുവാൻ?
മധുരഗാത്രിമാർക്കഴകല്ലീ തുല്യം
  പൃഥുനിതംബവും പ്രതനുമധ്യവും ?

                           II

നമുക്കു കണ്ടിടാം ജയത്തിൽപ്പോലവേ
  സമഗ്രമാം മെച്ചം പരാജയത്തിലും.
പകയ്പതെന്തിന്നു ? പതിപ്പതു ധാത്രീ--
  ഭഗവതിയുടെ മടിയിലല്ലയോ ?

അവിടുന്നാശ്വാസമരുളുമപ്പുറം :
  നിവർന്നുയർന്നു നാം നിലകൊള്ളും വീണ്ടും.
ഒരുമലർമാതുണ്ടുലകി, ലദ്ദേവി-
  ക്കൊരിടത്തെപ്പൊഴുമിരുന്നാൽപ്പോരുമോ ?

ഭവനം തോറുമാ പ്രമദ പോകട്ടെ
  നവനവാപാങ്ഗചലനലോലയായ്.
ഒരുദിനം നമുക്കരികിലുമവൾ
  വരും ; വരം തരുമുണർന്നിരിക്കുകിൽ.

അമൃതിലോഹരി നമുക്കുമു,ണ്ടതിൻ
  ക്രമത്തിലായതു വിളന്പും  മോഹിനി.
ഒടുവിലാകിലെന്തതു ? തൽ പാത്രത്തി-
  ന്നടിയിൽ വായ് ക്കുവതുറഞ്ഞ സത്തല്ലീ ?

ദിതിജരായിടാതിരിക്കുകിൽ നമ്മെ-
  ത്രിദശപങ് ക്തിയിലിരുത്തിടും.കാലം.
അതുവരെ നമുക്കഴലിലാഴാതെ
  മധുരമാമാശാഫലം ഭുജിച്ചിടാം.        (40)

                         III

ഗണിച്ചിടേണ്ട നാമഥവാ മറ്റൊന്നും ;
  മനസ്സല്ലീ സാക്ഷാന്മനുഷ്യസാമ്രാജ്യം ?
അതു നമുക്കു നാമധീനമാക്കിയാ-
  ലതിന്നു മേലെന്തുണ്ടധീശ്വരപദം ?

വൃഥയാമീയത്തെസ്സുഖമാം പൊന്നാക്കാൻ
  വിദഗ്ദ്ധൻ താൻ മർത്ത്യ,നവൻ രസസിദ്ധൻ.
വിഷത്തെയും നല്ല മരുന്നാക്കാമെന്നു
  ഭിഷക് പ്രവരന്മാർ തെളിച്ചുകാട്ടുന്നു.

ധനത്തിൻ നേട്ടത്താൽ വരാത്തതാം സുഖം
  ധനത്തിൻ ഗത്യാത്താൽ ചിലർക്കു കിട്ടുന്നു;        (?)   Error?    
എഴുനിലമേട തരാത്തൊരാനന്ദ-
  മെളിയ പുൽക്കുടിൽ ചിലർക്കു നൽകുന്നു ;

തനിശ്ശൃങ്ഗാരത്തിൽ ചെടിപ്പു തോന്നിടും
  മനം കരുണത്തിൽപ്പുളകം കൊള്ളുന്നു.
ഇതിന്റെയൊക്കെയും രഹസ്യമോർക്കുകിൽ
  മതി ; നരൻ സുഖി, കുശലി,യപ്പുറം.

ക്ഷണനേരത്തേയ് ക്കു  കുപിതനായ്ത്തോന്നാ-
  മനുഗ്രഹിപ്പതിന്നണയുമീശ്വരൻ ;
ചെറിയ നുള്ളൊന്നു തരാം ദയാബ്ധി, തൻ-
  തിരുവടിയെയൊന്നുയർന്നു നാം നോക്കാൻ,

അലറുന്നു മുഖം കറുപ്പിച്ചും കൊണ്ടു
  മഴപൊഴിക്കുവാനുഴറിടും മേഘം ;
ശുഭമാശ്ശബ്ദമോ കൃഷീവലന്മാർക്കു
  വിപഞ്ചിയിൽനിന്നു പൊഴിയും കാകളി.       (64)

                      IV

ജനനം--എന്തോന്നുണ്ടതിങ്കൽ മോദിപ്പാൻ ?
  മരണം--എന്തോന്നുണ്ടതിങ്കൽ ഖേദിപ്പാൻ ?
ഇവിടത്തെജ്ജനിക്കിതരലോകത്തി-
  ലെവിടെയോ പെടും മൃതിയല്ലീ ബീജം ?

ഒരിടം മുങ്ങലുമൊരിടം പൊങ്ങലും--
  ഒരു നീർമുക്കിളിക്കളിയിതോർക്കുകിൽ,
പ്രപഞ്ചജീവിതതടിനിക്കീറ്റില്ലം
  പ്രഭവമ,ല്ലന്തം ശ്മശാനവുമല്ല.

ഇരുകതകെഴും മുറിയൊന്നീയൂഴി,-
  യൊരുവശം ജനി, മറുവശം മൃതി.
തുറന്നതിലൊന്നുമടച്ചുമറ്റൊന്നു-
  മിരുന്നിടുന്നീല വിധി സമദർശി.

എവിടെയോനിന്നു പറന്നുവന്ന നാ-
  മെവിടെയോ നോക്കിപ്പറക്കും പക്ഷികൾ.
വിശാലമായിടും വിഹായസത്തിന്റെ
  വിഭാഗമാമിരുവശവും വിട്ടു നാം

നെടുനാളിക്കൂട്ടിലടിയുവാനെങ്കി-
  ലുടയവനെന്തിന്നരുളി പക്ഷങ്ങൾ ?
പെരുമഴയിലും കൊടുവെയിലിലു-
  മൊരേ കുടതന്നേ തുണ--ശമം--ശമം.        (84)

                    V

അവിരതം സുഖ, മവികലം ശുഭ-
  മിവയെനൽകും പോൽ ചില ജഗത്തുകൾ !
എനിക്കു മോഹമില്ലശേഷമെങ്ങും വെൺ-
  മണൽ പരക്കുമമ്മരുക്കളിൽപ്പാർക്കാൻ.

തിരകളറ്റൊരക്കടലുകളിലെൻ
  തരി നയിപ്പതിൽത്തരിമ്പുണ്ടോ രസം ?
അവനി, പെറ്റമ്മേ, ഭവദുത്സങ്ഗംതാൻ
  നവനവക്രീഡയ് ക്കുചിതമാം രങ്ഗം.

ഭവതിതൻ മേന്മ മുഴുവൻ വായ്പതു
  വിവിധതയിലും വികലതയിലും.
തലയിൽ സർവജ്ഞനണിവതു തിങ്കൾ-
  ക്കലയെത്താൻ, മുഴുമതിയെയല്ലല്ലോ.

പ്രതിക്ഷണം മോദമരുളുന്നു സുഖ-
  പ്രതീക്ഷയാം സുധ പകർന്നു നൽകി നീ.
പ്രവൃത്തിക്കെന്നെ നീയൊരുക്കുന്നു പേർത്തും
  പ്രവൃദ്ധമായിടും പ്രചോദനത്തിനാൽ

തൊഴിലാളിക്കുള്ളോരുലകം നീ മാത്രം ;
  മുതലാളിക്കുള്ളോരുലകം മറ്റെല്ലാം.
അശിപ്പതൊന്നല്ലെൻ പിറവിതൻ ലക്ഷ്യം ;
  നശിപ്പതില്ല ഞാനൊരിക്കലുമെങ്ങും.

ഇരുകൈകൊണ്ടുമെൻ ജനനി, നിൻ പരി-
  ചരണം ചെയ്യുവാൻ തരം വന്നാൽപ്പോരും--
അവിതഥമെനിക്കതൊന്നിനാൽ നേടാ-
  മവിരതം സുഖ,മവികലം ശുഭം.

No comments:

Post a Comment