ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, August 22, 2019

ശ്രീലളിതാത്രിശതീ - 28



ശ്രീലളിതാത്രിശതീ വ്യാഖ്യാനം



28. ഏകാഗ്രചിത്തനിർധ്യാതാ


ഏകാഗ്രമായ ചിത്തത്തോടെ ധ്യാനിക്കപ്പെടേണ്ടവൾ. 'ഏകഭക്തി'  എന്നു മുൻ നാമത്തിൽ പറഞ്ഞതിന്റെ പ്രയോഗം ഈ നാമം ഉൾക്കൊള്ളുന്നു.


_ഉപാസന ഫലത്തിലെത്താൻ മനസ്സിന് ഏകാഗ്രത കൈവരണം. ഏതു വിദ്യയിലും ഏകാഗ്രത ഫലസിദ്ധിക്ക്  ആവശ്യമാണ്. മഹാഭാരതത്തിൽ കൗരവ പാണ്ഡവർ ആയുധവിദ്യ അഭ്യസിക്കുന്ന ഘട്ടത്തിലെ ഒരു സംഭവം വ്യാസഭഗവാൻ വിവരിക്കുന്നുണ്ട്. ഒരു മരക്കൊമ്പിൽ ഒരു കൃത്രിമക്കിളിയെ ആചാര്യൻ വച്ചു. അതിനെ എയ്തു താഴെ വീഴ്ത്തുകയാണു വേണ്ടത്. പാണ്ഡവ ജ്യേഷ്ഠനായ ധർമ്മപുത്രർ വില്ലേന്തി അമ്പു തൊടുത്തു. ലക്ഷ്യത്തിൽ കണ്ണുറപ്പിച്ച് അതു തൊടുത്ത ശിഷ്യനോടു ഗുരു ചോദിച്ചു 'നീ എന്തു കാണുന്നു?' ശിഷ്യൻ പറഞ്ഞു ''ആചാര്യ, ഞാൻ അങ്ങയെ കാണുന്നു. എന്റെ സഹോദരന്മാരെ കാണുന്നു, ഈ കാനനം കാണുന്നു, കിളി ഇരിക്കുന്ന മരവും കിളിയും എനിക്കു കാണാം  ''  - " അമ്പു തിരികെ ആവനാഴിയിൽ ഇടൂ" എന്നായിരുന്നു ദ്രോണാചാര്യരുടെ നിർദ്ദേശം. അർജ്ജുനന്റെ ഊഴം വന്നപ്പോഴും ചോദ്യം ആചാര്യൻ ആവർത്തിച്ചു. " നീ എന്തു കാണുന്നു? " "ഞാൻ ലക്ഷ്യമായ കിളിയെ കാണുന്നു ". "എന്നെ കാണുന്നുണ്ടോ?" "ഇല്ല . കിളി ഇരിക്കുന്ന മരം കാണുന്നുണ്ടോ?" "ഇല്ല. കിളിയെ മാത്രമേ കാണുന്നുള്ളു" " കിളിയെ മുഴുവൻ കാണുന്നുണ്ടോ ?" '' ''ഇല്ല. ശരവേധ്യമായ അതിന്റെ കഴുത്തു മാത്രമേ കാണുന്നുള്ളു" . ''ശരി  അമ്പയയ്ക്കൂ ". വില്ലിൽ നിന്നു പുറപ്പെട്ട അമ്പ് കിളിയുടെ  കഴുത്തിൽ തറച്ചു.


പ്രപഞ്ചവ്യവഹാരങ്ങളിൽ കുടുങ്ങിയ മനസ്സിന് അർജ്ജുനന്റെ ഏകാഗ്രത ക്ഷിപ്രസാധ്യമല്ല. എങ്കിലും ഏകാഗ്രതക്കുവേണ്ടിയുള്ള നിരന്തരമായ അഭ്യാസം ഉപാസകനു വേണം. ഭഗവദ്ഗീതയിൽ ഏകാഗ്രത നേടാനുള്ള മാർഗ്ഗം ശ്രീകൃഷ്ണ ഭഗവാൻ നിർദ്ദേശിക്കുന്നുണ്ട്.


" യോഗീ യുഞ്ജീത സതതമാത്മാനം രഹസി സ്ഥിതഃ
ഏകാകീ യതചിത്താത്മാ നിരാശീരപരിഗ്രഹഃ
ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിര മാനസ മാത്മനഃ
നാത്യു (ച്ഛിതം നാതി നീചം ചൈലാജിനകുശോത്തരം
തത്രൈകാഗ്രം മനഃ ക്യത്വാ യതചിത്തേന്ദ്രിയ ക്രിയഃ
ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മ വിശുദ്ധയേ
സമം കായശിരോഗ്രീവം ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയൻ
പ്രശാന്താത്മാ വിഗതഭീർ ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനസ്സംയമ്യ മച്ചിത്തോ യുക്ത ആസീത മത്പരഃ
യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ
ശാന്തിം നിർവാണ പരമാം മത്സംസ്ഥാമധിഗച്ഛതി


ഏകാകിയായി മറ്റാളുകൾ ഇടപെടാൻ ഇടയില്ലാത്ത ഗൂഡസ്ഥലത്ത് മനസ്സും ദേഹവും ഇന്ദ്രിയങ്ങളും അടക്കി ആശ്രയമില്ലാത്തവന്നായി ഒന്നും പരിഗ്രഹിക്കാത്തവനായി ഒതുങ്ങിക്കൂടണം. ശുചിയായ പ്രദേശത്ത് അധികം ഉയരമില്ലാതെയും അധികം താഴാതെയും കുശപ്പുല്ല്, മാന്തോൽ, വസ്ത്രം എന്നിവ വിരിച്ച് ഇരിക്കാനുള്ള ആസനം ഒരുക്കണം.ആ ആസനത്തിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കി, ഇന്ദ്രിയവ്യാപാരങ്ങൾ അടക്കി, ആത്മശുദ്ധിക്കായി ധ്യാനിക്കണം. ദേഹം, കഴുത്ത്, തല എന്നിവയെ നേരേയാക്കി ചലിക്കാതെ നിശ്ചലനായിരുന്ന് നാസികാഗ്രത്തിൽ നോട്ടമുപ്പിച്ച് മറ്റു ദിക്കുകളിൽ നോക്കാതെ ശാന്ത മാനസനായി 'നിർഭയനായി' ബ്രഹ്മചര്യവ്രതത്തോടെ മനസ്സിനെ വിഷയങ്ങളിൽ വ്യാപരിക്കാതെ നിയന്ത്രിച്ച് എന്നിൽ ചിത്തത്തെ ഉറപ്പിച്ച് എന്നെത്തന്നെ ധ്യാനിക്കണം. ഇങ്ങനെ നിയതമനസ്സായി യോഗം ചെയ്യുന്നവൻ മോക്ഷാനുഭത്തിനുതകുന്നതും എന്റെ സ്വാധീനത്തിലുള്ളതുമായ ശാന്തിയെ പ്രാപിക്കും. യോഗി ദീക്ഷിക്കേണ്ട ചര്യകൾ ഭഗവാൻ തുടർന്നു പറയുന്നുണ്ട്. ഗീത ആറാം അദ്ധ്യായം നോക്കുക.

_ഇങ്ങനെ മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിക്കുന്നവർക്ക് ദേവിയെ പ്രാപിക്കാനാകും. ക്ലിഷ്ടമായ ആത്മനിയന്ത്രണം കൊണ്ടു മാത്രം പ്രാപിക്കാവുന്നവളാകയാലാണ് ദേവിയെ 'ദുർഗ' എന്നു കീർത്തിക്കുന്നത്. ഏകഭക്തിയും ഏകാഗ്രചിത്തത്തോടെയുള്ള ധ്വാനവും ജഗത്മാതാവ് അർഹിക്കുന്നു.


ഓം ഏകാഗ്രചിത്തനിർധ്യാതായൈ നമഃ


ശ്രീവത്സം കടപ്പാട് 

No comments:

Post a Comment