ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 3, 2019

ഹരിനാമകീർത്തനം# 02



അദ്ധ്യായം - 2, ശ്ലോകം 2

" ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി -            ലുണ്ടായൊരിണ്ടൽ ബത, മിണ്ടാവതല്ല മമ                     പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-              ളുണ്ടാകയെങ്കിലഹ, നാരായണായ നമഃ "



അർത്ഥം :- ഈ സൃഷ്ടിയിൽ ഉത്പത്തിക്കുമുൻപ് ഓങ്കാരമായിരുന്നു നിന്നെ, ആങ്കാരമെന്നും അതിനിന്നുത്ഭവിച്ച വിഷയവാസനകളും വസ്തുക്കളും രണ്ടായി കാണുന്ന ഈ ജന്മത്തിൽ ഉണ്ടായ എന്റെ ദുരിതദുഃഖങ്ങളെപ്പറ്റിയുള്ള കഷ്ടവും ആശ്ചര്യവും പറഞ്ഞറിയിക്കാവുന്നതല്ല. കാലദേശാവധികളെല്ലാം ഉണ്ടാകുന്നതിന് മുൻപ് ഉണ്ടായിരുന്നതുപോലെ ഒന്നായി വരുവാൻ, നിന്റെ ദയാവായ്പുകൾ എല്ലാ വിധത്തിലും എന്നിൽ ഉണ്ടാകണേ, ജനനമരണങ്ങളിൽ നിന്നും രക്ഷിക്കുന്ന നാരായണാ! അതിനായിക്കൊണ്ട് അങ്ങയെ നമസ്ക്കരിക്കുന്നു.



ഓങ്കാരമായിരുന്ന ഏകതത്ത്വം, സഹജമായ സൃഷ്ടി തുടങ്ങിയപ്പോൾ ഞാനും വിഷയങ്ങളും ഉണ്ടായി. സൃഷ്ടിയിൽ ഞാനും ഭോഗങ്ങളും എന്ന് രണ്ടേ എനിക്കു കാണാനാകുന്നുള്ളൂ. അങ്ങയുടെ പൊടിപോലും കാണാനില്ല. തൂണിലും തുരുമ്പിലും അങ്ങുണ്ടെന്ന എനിക്ക് വഴങ്ങുന്നില്ല. എല്ലാം ദുരിതമയം തന്നെ. അങ്ങയെ വികല്പോപാധിയായമായയിൽ പ്രതിബിംബിച്ചത് കണ്ണാടിയിൽ കാണുന്ന നിഴൽ പോലെയാണ്. അങ്ങനെ ഈശ്വരനെന്നും ജീവനെന്നും രണ്ടായി കണ്ടതിനാൽ ഉണ്ടായിട്ടുള്ള സങ്കടം ഇന്നവണ്ണമെന്നോ ഇത്രമാത്രമെന്നോ പറയുവാൻ പ്രയാസമായിരിക്കുന്നു. ഈ ജനനമരണചക്രമോ എനിക്കു വിധി? കഷ്ടംതന്നെ. അങ്ങ് കൃപ ചെയ്ത് എന്റെ ഈ അവസ്ഥ മാറ്റിത്തന്ന് പണ്ടേപ്പോലെ ജന്മമൃത്യുരഹിതമായ വരുത്തുവാൻ ഈ ജന്മത്തിൽതന്നെ അനുഗ്രഹിക്കണം. ജനനമരണങ്ങൾക്കറുതി വരുത്തുന്നതിനാലല്ലേ അങ്ങ് നാരായണനായത്. അങ്ങ് എനിക്ക് നാരായണനാകണേ ! നമസ്ക്കാരം.



ജനനമരണമാകുന്ന ദുഃഖം ജീവനുണ്ടാകുന്നതിലാകുന്നു. അതിനാൽ ഉണ്ടെന്നു തോന്നുന്നതായും വസ്തുത ഇല്ലാത്തതായുമുള്ള മായ നീങ്ങുമ്പോൾ ജീവൻ ബ്രഹ്മത്തോടു ലയിക്കുന്നു. സാമ്യാവസ്ഥ വിഘടിച്ച് തന്മാത്രകളും ഇന്ദ്രിയങ്ങളും മറ്റുമായിക്കഴിഞ്ഞിട്ട് ശരീരം ഉണ്ടായി, ജീവാത്മാവിനെ പരമാത്മാവ് അതിൽ കർമ്മാനുസൃതം കുട്ടിയിരുത്തിക്കഴിഞ്ഞാൽ ഒന്നേ പ്രാർത്ഥിക്കാനുള്ളൂ. പണ്ടേകണക്കവരുവാൻ നിന്റെ കൃപാവലികൾ ഉണ്ടാകണം. അത്രതന്നെ. ജനനമരണങ്ങൾക്കതീതമായ ഒരവസ്ഥ മുൻപ് ഉണ്ടായിരുന്നു.അതിനി, ഇഹ (ഇവിടെ ) വീണ്ടെടുക്കണമെങ്കിൽ നിശ്ചയമായും നിന്റെ കൃപാവലികൾ തന്നെ വേണം. ബ്രഹ്മപ്രാപ്തി വേണോ? അദ്വൈതവാസന വേണം. അതില്ലാത്തവന് വിഷയപ്രാപ്തിയേ ലഭിക്കൂ.

നാരായണായ നമ:
നാരായണായ നമ:
നാരായണായ നമ്.
നാരായണ
നാരായണ സകലസന്താപനാശന
ജഗദ് നാഥ വിഷ്ണു ഹരി നാരായണായ നമ:


തുടരും...



കടപ്പാട്: ഉ ണ്ണികൃഷ്ണൻ കീശ്ശേരിൽ 
  

No comments:

Post a Comment