ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു
ശ്രീലളിതാത്രിശതീ വ്യാഖ്യാനം.
1. കകാരരൂപാ
'ക' എന്ന അക്ഷരം സ്വരൂപമായവൾ. കകാരം പ്രകാശവാചിയാണ്. ബ്രഹ്മവാചിയുമാണ്. സന്ദർഭാനുഗുണമായി പ്രജാപതി, വിഷ്ണു, സൂര്യൻ, യമൻ, ഗരുഡൻ, ജീവാത്മാവ്, അഗ്നി, മയിൽ ,ശരീരം, കാലം, സമ്പത്ത്, ശബ്ദം, രാജാവ് എന്നീ അർത്ഥങ്ങളും കുറിക്കും. നപുംസകലിംഗ പ്രത്യയമായ 'അം' ചേർത്ത് 'കം' എന്ന് രൂപമായാൽ ആഹ്ലാദം, ആനന്ദം, ജലം, ശിരസ്സ്, കചം എന്നീ അർത്ഥങ്ങളും 'ക' എന്ന പദത്തിനുണ്ട്. ഇതിൽ ഏത് സ്വീകരിച്ചാലും ശ്രീലളിതാദേവി കകാരരൂപയാണ്.
അക്ഷരമാലയിൽ വ്യഞ്ജനങ്ങളുടെ പട്ടികയിൽ ആദ്യത്തെ അക്ഷരം കകാരമാണ്. നാവിന്റെ പിൻഭാഗം ഉയർത്തി മൃദുതാലുവിൽ സ്പർശിച്ച് വായു പ്രവാഹം തടഞ്ഞു വിട്ടുച്ചരിക്കുന്ന ഈ വർണ്ണത്തെ കണ്ഠ്യമായി വ്യാകരണങ്ങൾ നിർദ്ദേശിക്കുന്നു. ശുദ്ധചൈതന്യ രൂപമാണ് സ്വരാക്ഷരം. അതിനോട് ഭൗതികത ചേർന്ന് അക്ഷരങ്ങളുണ്ടാകുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശുദ്ധ ചൈതന്യത്തിൽ മായാസ്പർശം ഉണ്ടാകുന്നു. പിന്നെ പല രൂപങ്ങൾ കൈക്കൊളളുന്നു. ബ്രഹ്മചൈതന്യം വിഖരണം ചെയ്യപ്പെടുന്നതിന്റെ ആദ്യ ഘട്ടമാണ് കകാരത്തിൽ കാണുന്നത്.
പഞ്ചദശാക്ഷരീവിദ്യയ്ക്ക് 'ഹാദി' എന്നും 'കാദി' എന്നും രണ്ടു രൂപങ്ങളുണ്ട്. ഹകാരം കൊണ്ടു തുടങ്ങുന്നത് 'ഹാദി'. 'ക' കാരം കൊണ്ടു തുടങ്ങുന്നത് 'കാദി'. കാദിയായ പഞ്ചദശാക്ഷരീ മന്ത്രത്തിന്റെ ആദ്യക്ഷരം എന്ന നിലയ്ക്കാണ് പ്രകൃതത്തിൽ കകാരരൂപയായി ദേവിയെ അവതരിപ്പിച്ചത്. മന്ത്രത്തിൽ കകാരം പരബ്രഹ്മരൂപിയായ കാമേശ്വരനെ കുറിക്കുന്നു.
ഓം കകാരരൂപായൈ നമ
കടപ്പാട്ശ്രീ വത്സം
No comments:
Post a Comment