ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, July 29, 2019

ശ്രീലളിതാത്രിശതീ - 0 4



ശ്രീലളിതാത്രിശതീ വ്യാഖ്യാനം


4. കല്യാണശൈലനിലയാ


കല്യാണരൂപമായ ശൈലത്തിൽ സ്ഥിതിചെയ്യുന്നവൾ. 'ശൈലം' എന്നതിന് ശിലാമയമായത് എന്ന് പദാർത്ഥം'. മംഗളരൂപമായ ശില ചിന്താമണി. ആഗ്രഹിക്കുന്നതെല്ലാം കൊടുക്കുന്ന ചിന്താമണികൊണ്ടു നിർമ്മിതമായ ഗൃഹത്തിൽ സ്ഥിതിചെയ്യുന്നവൾ. "ചിന്താമണിഗൃഹാന്തസ്ഥാ" എന്ന് ലളിതാസഹസ്രനാമം.

"ശൈലം" എന്നതിന് പർവ്വതം എന്നു പ്രസിദ്ധമായ അർത്ഥം. 'പർവ്വതത്തിൽ സ്ഥിതിചെയ്യുന്നവൾ' എന്ന് ഈ പക്ഷത്തിൽ വ്യാഖ്യാനിക്കാം. പർവ്വതങ്ങളിൽ ശ്രേഷ്ഠം സുമേരു. സ്വർണ്ണമയമായ ഈ പർവ്വതം സർവ്വദേവന്മാരുടേയും ആസ്ഥാനമാണ്. അതിന്റെ മദ്ധ്യശൃംഗത്തിൽ സകല ദേവന്മാരാലും സംസേവിതയായി ദേവി വിരാജിക്കുന്നു. "സുമേരു മധ്യശൃംഗസ്ഥാ" എന്നു ലളിതാസഹസ്രനാമം.


ശ്രീചക്രത്തിന് മേരുരൂപവുമുണ്ട്. മേരുചക്രത്തിന്റെ മദ്ധ്യശൃംഗത്തിൽ ബിന്ദുസ്ഥാനത്ത് വിരാജിക്കുന്നവൾ. പിണ്ഡാണ്ഡത്തിൽ മനുഷ്യശരീരത്തിൽ നട്ടെല്ലിനെ 'മേരു' എന്നു തന്ത്രശാസ്ത്രം നിർദ്ദേശിക്കുന്നു. കുണ്ഡലിനീരൂപത്തിൽ ശരീരവ്യാപാരങ്ങൾക്കു നിയാമകശക്തിയായി സ്ഥിതിചെയ്യുന്ന പരമചൈതന്യം എന്നു വ്യാഖ്യാനം.


ഓം കല്യാണശൈലനിലയായൈ നമഃ



5.കമനീയാ


ആഗ്രഹിക്കപ്പെടേണ്ടവൾ. ആകർഷകമായ ഗുണങ്ങളുള്ളവൾ. ദേവി ത്രിപുരസുന്ദരിയാണ്. പ്രപഞ്ചത്തിൽ സുന്ദരമായും ആകർഷകമായും എന്തൊക്കെയുണ്ടോ അവയിൽ എല്ലാമുള്ള ആകർഷകത്വം ദേവീ ചൈതന്യമാണ്. എല്ലാ സൗന്ദര്യത്തിനും ഐശ്വര്യത്തിനും ആധാരഭൂതയായ ദേവി സർവ്വചരാചരങ്ങൾക്കും അമ്മയാണ്. ശിശുക്കൾ അമ്മയെ കാണാൻ ആഗ്രഹിക്കുന്നതുപോലെ എല്ലാ പ്രപഞ്ചവും ദേവിയുടെ നേർക്ക് ആകൃഷ്ടമാകുന്നു. എല്ലാത്തിനേയും തന്നിലേക്ക് ആകർഷിക്കുന്ന മാതൃവാത്സല്യം കൊണ്ട് ദേവി ഏവർക്കും കമനീയയാണ്.


ഓം കമനീയായൈ നമഃ


കടപ്പാട്   ശ്രീവത്സം 

No comments:

Post a Comment