ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, June 6, 2019

ലോകാ സമസ്താ സുഖിനോ ഭവന്തുഃ




     "ലോകാ സമസ്താ സുഖിനോ ഭവന്തുഃ " എന്തൊരു വിശാലമായ ചിന്താഗതിയാണ് നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നു തന്നിട്ടുള്ളത് !! നമ്മുടെ ഭാരതീയ സംസ്ക്കാരത്തിൽ മാത്രം കാണാൻ കഴിയുന്ന ഗംഭീരമായ ഒരു പ്രാർത്ഥന !! ലോകത്തിലുള്ള സർവ്വതിനും സുഖം ലഭിക്കാനായിട്ടുള്ള പ്രാർത്ഥന !!


    നമ്മിൽ പലരും പ്രാർത്ഥിക്കുമ്പോൾ ഈ ഒരു പ്രാർത്ഥന ചൊല്ലാറുണ്ടെങ്കിലും, അത് എങ്ങിനെ പ്രാവർത്തികമാക്കണം എന്ന് ചിന്തിക്കാറുണ്ടോ എന്ന കാര്യം സംശയമാണ്. നമ്മുടെ പുരാണേതിഹാസങ്ങളായാലും, മറ്റു വിശിഷ്ട ഗ്രന്ഥങ്ങളായാലും വായിക്കുകയും, കാണാപ്പാഠം ചൊല്ലുകയും ചെയ്യുന്നവരാണ് ജ്ഞാനികൾ എന്ന് കരുതിയാൽ അത് തെറ്റാണ്.അതിൽ ഓരോന്നിലും അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾ മനസ്സിലാക്കുകയും, നന്നായി മനനം ചെയ്യുകയും, അത് കഴിയുന്നതും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ജ്ഞാനികൾ !!
അല്ലാതെ ഇതൊക്കെയും വായിച്ചു മനസ്സിലാക്കിയ ശേഷം സഹജീവികളോട് പരുഷമായി പെരുമാറുകയും, വിദ്വേഷം വെച്ചു പുലർത്തുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല തന്നെ!

   

     നമ്മുടെ ഏതൊരു പുരാണ ഗ്രന്ഥങ്ങളിലെയും തത്ത്വങ്ങൾ വിശകലനം ചെയ്തുനോക്കിയാൽ എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എത്തിച്ചേരുന്നത് ഒരേ ഒരു സത്യത്തിലേക്കാണ് ! ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നു തന്നെയാണ്! അതു തന്നെയാണ് ഈശ്വരൻ !! അതല്ലാതെ മറ്റൊന്നും ഈ പ്രപഞ്ചത്തിലില്ല എന്നാണ്.
അപ്പോൾ നമുക്ക് ആരോടാണ് ദ്വേഷ്യപ്പെടാൻ സാധിക്കുക? എല്ലാം എല്ലാം ഈശ്വരനാണ്, നാം എന്തിനെയാണ് സ്നേഹിക്കാതിരിക്കുക?
ഇവിടെയാണ് "ലോക സമസ്ത സുഖിനോ ഭവന്തു :" എന്ന പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്ന സാരം

നാം മനസ്സിലാക്കേണ്ടത്. നമ്മിൽ നിന്ന് വേറിട്ട് ഒന്നുമില്ലെങ്കിൽ പിന്നെ നമുക്ക് എല്ലാത്തിനേയും ഒരു പോലെ സ്നേഹിക്കാൻ സാധിക്കണം ! അപ്പോൾ നാം കൊടുത്ത സ്നേഹം ഇരട്ടിയായിട്ട് നമുക്കും തിരിച്ച് കിട്ടുകയും ചെയ്യും!


     ക്ഷണികമായ നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരെയും, മനസ്സറിഞ്ഞ്, യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ സ്നേഹിക്കുക! ഭഗവാൻ, ഗീതയിൽ പറയുന്നത്, പ്രതിഫലേച്ഛയൊന്നുമില്ലാതെ ,ഭഗവാനുള്ള സമർപ്പണമായിട്ട് നാം  ഓരോ കർമ്മവും ചെയ്യണം എന്നാണല്ലൊ! അതുപോലെ തന്നെയാണ് നാം നമ്മുടെ പെരുമാറ്റത്തിലും കാണിക്കേണ്ടത്. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹവും, നല്ല വാക്കുകളും, നല്ല പ്രവർത്തികളും ചെയ്യുക!

ഫലം നാം ഇച്ഛിക്കേണ്ട ,ഭഗവാൻ നൽകുന്നത് സന്തോഷമായി സ്വീകരിച്ചാൽ മതി.


    ഒരാൾക്ക് മറ്റൊരു വ്യക്തിയോട് നിസ്സാര കാര്യത്തിന് ക്രോധം തോന്നിയെന്നിരിക്കട്ടെ. അത് തന്നെയും, തനിക്ക് ചുറ്റിലുമുള്ള അടുപ്പമുള്ളവരെയുമടക്കം മനഃസംഘർഷത്തിലേക്ക് എത്തിക്കും. മനഃസമാധാനം നഷ്ടപ്പെടുകയും, അവിവേകം പ്രവർത്തിക്കുകയും,
നേരായ ബുദ്ധിക്ക് കോട്ടം തട്ടുകയും, സ്വയം നാശം സംഭവിക്കുകയും ചെയ്യും. ഇതും ഭഗവാന്റെ ഗംഭീരമായ ഒരു ഉപദേശമാണ്! സത്യമതല്ലെ ! ക്രോധം കൊണ്ട് എന്തു നേട്ടമാണുണ്ടാവുന്നത്?
മറിച്ച് ഒരു സദസ്സിൽ എത്തി സ്നേഹപൂർവ്വം എല്ലാവരോടും ഇടപഴകുമ്പോൾ നമ്മിൽ അറിയാതെ തന്നെ ഒരു പോസിറ്റീവ് എനർജി ഉടലെടുക്കും. അത് നമുക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാക്കും.


    ഒരമ്മ തന്റെ പിഞ്ചുകുഞ്ഞിനോട്  സംസാരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെ? എത്ര സൗമ്യമായാണ് വാത്സല്യത്തോടെ സംസാരിക്കുന്നത്, അല്ലെ? വളരെ മൃദുവായും, ചെറിയ ശബ്ദത്തിലുമാണ് കുഞ്ഞിനോട് സംസാരിക്കുക. അതാണ് സ്നേഹം ഉള്ളിടത്ത് മൃദുവായ ശബ്ദം മതിയാവും.മറിച്ച് രണ്ടുപേർ ശണ്ഠകൂടുന്നതാണെങ്കിലോ, എത്ര സമീപത്താണെങ്കിലും ശബ്ദം ഉയർന്നു കൊണ്ടേയിരിക്കും. നമ്മുടെ പുരാണങ്ങളിലെ അസുരന്മാരെപ്പറ്റി കേട്ടിട്ടില്ലെ? അവർ ഗർജ്ജിക്കുകയാണ് ചെയ്യുന്നത്, അവരെ അമർച്ച ചെയ്യാനും, അവരെ ഇല്ലാതാക്കാനും, ധർമ്മ സംസ്ഥാപനത്തിനുമായി ഭഗവാൻ അവതരിക്കേണ്ടിയും വരുന്നു.അതുപോലെ നമുക്കും ക്രോധം വരുമ്പോൾ നമുക്കും ആസുരികഭാവം കൈവരും. ആ ഭാവം നമ്മെ നാമറിയാതെ തന്നെ നാശത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. അതു കൊണ്ട് ക്രോധം ഒഴിവാക്കി, എല്ലാവരെയും സ്നേഹിക്കാനാണ് ശ്രമിക്കേണ്ടത്.


 വാസ്തവത്തിൽ
ധൃതരാഷ്ട്ര മഹാരാജാവിന്റെയും, ദുര്യോധനന്റെയും ഞാൻ, എന്റെത് എന്നുള്ള ഭാവമാണ് ,കുരുക്ഷേത്രയുദ്ധത്തിന് തന്നെ കാരണം എന്ന് പറയാം. ആ ഭാവത്തെ എപ്പോൾ ത്യജിക്കുന്നുവോ അപ്പോൾ അവിടെ ധർമ്മം പാലിക്കപ്പെടും. കഥകൾ വായിച്ച് ധൃതരാഷ്ട്രരുടെയും, ദുര്യോധനന്റെയും സ്വഭാവദൂഷ്യം പറയുകയല്ല നാം വേണ്ടത്, നമ്മിൽ ഓരോരുത്തരിലും ധൃതരാഷ്ട്രത്വവും, ദുര്യോധനത്വവും അൽപ്പമെങ്കിലുമുണ്ടെങ്കിൽ അത് മനസ്സിലാക്കി, അതിനെ ഇല്ലായ്മ ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്.


  സ്നേഹം എന്നത് ഒരു പുഞ്ചിരിയിലൂടെയോ, ഒരു നോട്ടത്തിലൂടെയോ,  നല്ല വാക്കുകളിലൂടെയോ, ഒരു നല്ല പ്രവർത്തിയിലൂടെയോ, ഒരു അഭിനന്ദനത്തിലൂടെയോ നമുക്ക് മറ്റുള്ളവർക്ക് നൽകാനാവും .സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.

കാരണം, എത്ര കൊടുത്താലും തീരാത്ത അക്ഷയഖനി പോലെ നമുക്കുള്ളിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം കൊടുക്കുന്തോറും ഇരട്ടിയായി നമുക്ക് തിരിച്ചു കിട്ടുകയും ചെയ്യും!

നമുക്ക് സ്നേഹിക്കാം!

ഈ പ്രകൃതിയേയും, വൃക്ഷങ്ങളേയും, പുഴകളെയും, പക്ഷിമൃഗാദികളെയും, സർവ്വ ചരാചരങ്ങളെയും മനസ്സറിഞ്ഞ്, ഹൃദയം നിറഞ്ഞ് സ്നേഹിക്കാം!
ക്രോധത്തെയും, ദ്വേഷത്തേയും ആട്ടിയോടിക്കാം!

സ്നേഹം ഉള്ളിടത്ത് ഞാൻ എന്ന ഭാവം ത്യജിക്കപ്പെടും. അവിടെ ധർമ്മമുണ്ടാവും!ധർമ്മമുണ്ടായാൽ അവിടെ ഭഗവാനുണ്ടാവും!
ലോകാ സമസ്താ സുഖിനോ ഭവന്തുഃ


ചിന്താമണി വിശ്വനാഥൻ
സദ്ഗമയ സത്സംഗവേദി

No comments:

Post a Comment