ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, June 9, 2019

കൃഷ്ണ മുക്തകങ്ങൾ


ഡി. കെ. എം. കർത്താ (Published in BhaktapRiya mAsika)



കൃഷ്ണകൈതവം 
"അമ്മേ, എൻപ്രിയവേണുവിൽ വരളലേറീടുന്നു  ശീതത്തിനാൽ--
ത്തന്നാലും പുതുവെണ്ണ നീണ്ട കുഴലിന്നുള്ളിൽപ്പുരട്ടീടുവാൻ!"
എന്നീയർത്ഥനയോതി  വെണ്ണയുരുളക്കിണ്ണം  യശോദാംബയിൽ
നിന്നാർജിച്ചു  മരങ്ങൾ തീർത്ത മറവിൽ മായും മുരാരേ! ജയ! 


കൃഷ്ണവിവർത്തം 
ഒറ്റത്തന്ത്രിയണിഞ്ഞ തംബുരു വലംകൈയാലെ മീട്ടി, പ്പുറ--
ക്കണ്ണില്ലാത്തൊരു സൂരദാസനരുളാൽ ചെയ് യുന്നു കൃഷ്ണാർച്ചനം;
മുന്നിൽപ്പുല്ലിലിരുന്നു നീലമിഴിയാൽ നോക്കിസ്മിതം തൂകിടും 
കണ്ണൻ വാങ് മയനായി മാറിയുണരുന്നാ ശുദ്ധസങ് ഗീതിയിൽ !



കൃഷ്ണസമാഗമം 

അങ്ങേകുന്ന പുനസ്സമാഗമസുഖം നെഞ്ചിൽത്തുടിയ് ക്കുന്പൊഴാ--
ണെന്നിൽബ്ബോധമുദിപ്പ; തത്ഭുതമയം ഭാവൽക്കലീലാശതം!
കയ് പെന്തെന്നറിയാതെയെങ്ങിനെയിവന്നാകും സ്വദിയ് ക്കാൻ മധൂ--
നിഷ്യന്ദം ? വിരഹങ്ങളും തവദയാദാനപ്രകർഷം ഹരേ !


കൃഷ്ണരഹസ്യം 

പത്രച്ചാർത്തിനിടയ് ക്കുകൂടിയൊളിവിൽക്കാണുന്നു ശ്രീരാധ നീൾ-
ക്കണ്ണൻ മാല കൊരുക്കുവാൻ മലരുകൾ നുള്ളാതെ നേടുംവിധം---
വൃക്ഷം വന്യസുമപ്രിയന്റെ മിഴികൾ കണ്ടുള്ളിലൻപാർന്നുടൻ 
മെയ് യിൽ നീളെ വിടർന്ന സൂക്ഷ്മപുളകം പെയ് യുന്നു പൂമാരിയായ് !



കൃഷ്ണ വർഷം 

മേഘം കൃഷ്ണദയാഘനം; മഴ സുഖം പൂശുന്ന കൃഷ്ണാങ് ഗുലീ--
ലേപം; കാറ്റിലണഞ്ഞ നേർത്ത കുളിരോ കണ്ണന്റെയാലിങ് ഗനം ;
പേർത്തും പേർത്തുമുദിച്ച മിന്നലഴകിൽപ്പേറുന്നു കൃഷ്ണാധര--
സ്മേരൌജ്ജല്യം; അഖണ്ഡവർഷമഖിലം കൃഷ്ണന്റെ രൂപാന്തരം !! 



കൃഷ്ണമയം 

കാണുന്നില്ലൊരിടത്തുമങ്ങയെയൊഴിച്ചൊന്നും, ഹരേ, സർവദാ 
കേൾക്കുന്നില്ലൊരു നാദവും തവ മഹാനാമങ്ങളല്ലാതെ ഞാൻ;
മൂക്കിൽ വന്നു നിറഞ്ഞ സൗരഭസുഖം ഭാവൽക്കവക്ഷസ്സിലെ--
പ്പൂമാലക്കുളിരിൽക്കുളിച്ച തുളസീനിശ്വാസസൌഗന്ധികം.



കൃഷ്ണപാദരേണു 

ഗോധൂളീശുഭഗന്ധം; ഉർവരമഹീസൌരഭ്യം ഉന്മേഷദം; 
കാടിൻ പൂമണം; ആർദ്രവന്യതുളസീഗന്ധം പരാഗാത്മകം;
കാളിന്ദീജലബിന്ദുവിൻ പരിമളം; സൌഗന്ധികം ധാതുജം --
നാനാഗന്ധമിണങ്ങിയിങ്ങനെ ഹരീശ്രീപാദരേണുക്കളിൽ !



കൃഷ്ണനൃത്യം 
വിഘ്നേശന്റെ മൃദംഗവാദനലയം ശ്രീരുദ്രവീണാസുധാ--
സംപുഷ്ടം കരതാളവാദകഗുഹദ്ധ്വാനത്തൊടൊത്തീടവേ,
ചിന്തിൽഗ്ഗൗരി നിറച്ചിടുന്നു രസമാം പീയൂഷ; മഗ്ഗീതിയെ--
ക്കണ്ണൻ ചാക്ഷുഷയജ്ഞരൂപവതിയായ് ത്തീർക്കുന്നു രാധായുതൻ !! 



കൃഷ്ണപ്രത്യക്ഷം 

ക്ഷേത്രം നിന്റെ തികഞ്ഞ സന്നിധി, യിതാ ഭക്തന്റെ നെഞ്ചോ സദാ 
വേണൂനാദമൊഴുക്കി നീ നിറയുമാ വൃന്ദാവനം പാവനം;
ദേഹം കൊണ്ടു മണത്തു തൊട്ടറിയുമിപ്പ്രത്യക്ഷ വിശ്വം, ഹരേ !
പ്രേമത്തിന്റെ പുനീതസന്നിധി -- ഭവച്ചൈതന്യഗോവർദ്ധനം !!



കൃഷ്ണദാനം 

തന്നൂ നീ, കൃഷ്ണ, ഹസ്തം കമലമുകുളമായ് ക്കൂന്പിടാൻ നിന്റെ മുന്നിൽ,—
ത്തന്നൂ നീയുത്തമാങ് ഗം തിരുനടയിലിതാ സാദരം കുന്പിടാനും;
തന്നൂ നീ നീണ്ട നാവൊന്നഭിധകളുണരും ഭക്തിയോടേ ജപിയ് ക്കാൻ,
തന്നൂ നീ മർത്ത്യപാദം ഖലകലിയിതിലും നിന്നെയോർത്തേ നടക്കാൻ.



No comments:

Post a Comment