ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, June 12, 2019

വാജിവാഹനൻ ശ്രീ ധർമ്മശാസ്താവ്



ദേവന്റെ അല്ലെങ്കിൽ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തർക്കു സ്പഷ്ടമാകുന്നുവോ (ഭക്തരിൽ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളിൽ ഒന്നായിരിക്കും വാഹനമായി പറയുക.

ധ്വജസ്തംഭത്തിൻ്റെ ഏറ്റവും മുകളിൽ ക്ഷേത്രത്തിലെ ദേവൻ്റെയോ ദേവിയുടെയോ വാഹനമായി സങ്കൽപ്പിക്കുന്ന മൃഗത്തിൻ്റെയോ പക്ഷിയുടെയോ ഒരു പ്രതിബിംബം ഉണ്ടായിരിക്കും. പ്രപഞ്ചത്തെ സംബന്ധിച്ച് പരിണാമ വികാസപരമായ ഒരു ദർശനത്തിൽ അധിഷ്ഠിതമാണ് ഈ തത്ത്വചിന്ത. വസ്തുക്കളിൽ ലീനമായിരിക്കുന്ന ബോധതത്ത്വം ജീവജാലങ്ങളിലൂടെ ആവിഷ്ക്കരിക്കപ്പെട്ട് വികസിച്ച് മനുഷ്യൻ്റെ ബോധാവസ്ഥയിലെത്തുന്നു. ജീവചൈതന്യം മനുഷ്യനിലൂടെ വസ്തുവിൻ്റെ പരിമിതികളെ ലംഘിച്ച് വസ്തുവിനും ജിവനും നിദാനമായ അദ്ധ്യാത്മ ഉണ്മയുടെ സ്വതന്ത്രത്തെ പുൽകാൻ ശ്രമിക്കുന്നു. ജീവവികാസത്തിലെ ഓരോഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ-ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂക്ഷിക്കുന്നത്. ജീവൻ്റെ എല്ല വികാസഘട്ടങ്ങളും ദൈവീകസാദ്ധ്യതകളും പർസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഓരോ ദേവഭാവവും അനന്തസാദ്ധ്യതകളുടെ കേദാരമായ ഉണ്മയുടെ - ബ്രഹ്മത്തിന്റെ - ചില പ്രത്യേക സാധ്യതകളെയും പ്രഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യമനസ്സിന് പരമമായ ചൈതന്യവുമായി ബന്ധപ്പെടാനുള്ള വാതായനങ്ങളാണ് ഉദാത്തമായ ദേവഭാവങ്ങൾ. ജീവവികാസത്തിലെ ഓരോ ഘട്ടവും ഉൾക്കൊള്ളുന്ന അദ്ധ്യാത്മസാധ്യതകളെയാണ് ദേവീ- ദേവവാഹനങ്ങളായ മൃഗങ്ങളും പക്ഷികളും സൂചിപ്പിക്കുന്നത് ജീവന്റെ എല്ലാ വികാസഘട്ടങ്ങളും ദൈവികസാദ്ധ്യതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദേവചൈതന്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും മറ്റും അതാതു ദേവഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാദ്ധ്യതകളുമായി പ്രതീകാത്മകമായ ബന്ധമുണ്ട്.

വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പ്രതീകത്മകത്വം:- വിഷ്ണു എന്ന വാക്കിന് സർവ്വവ്യാപകത്വം എന്നാർത്ഥം. - വിശ്വത്തിനാധാരമായ അന്തമായ പ്രപഞ്ചപ്രജ്ഞ വിഷ്ണുവിന്റെ ശരീരത്തിന് നീലനിറമാണ്- അനന്തമായ ആകാശത്തിന്റെ നീലനിറം. ആകാശത്തെ വെറും ശൂന്യതയായി കാണാതെ, കാരണം എല്ലാം അതിൽ നിന്നും ഉൾഭവിക്കുന്നു എല്ലാം അതിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്നു. അവിജ്ഞേയമായ ആകശത്തിന്റെ ജീവനുള്ള ഒരു ആവിഷ്കാരമെന്നവണ്ണം ഗരുഡൻ അതിൽ യഥേഷ്ടം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു. ആകാശവുമായി ഇത്രയേറെ ബന്ധപ്പെട്ടു കഴിയുന്നു മറ്റൊരു പക്ഷിയെ നമുക്ക് കാണനവില്ല. അങ്ങനെയുള്ള ഗരുഡനെ , ആകാശം തന്നെ സ്വന്തം ശരീരമായിരിക്കുന്ന ഗഗനസദൃശനായ, സർവ്വവ്യപിയായ, വിഷ്ണുവിന്റെ വഹനമായി സങ്കൽപ്പിച്ചിരിക്കുന്നത് എത്രയോ ചിന്തോദ്ദീപകമായിരിക്കുന്നു . വീണ്ടും ആഴത്തിൽ തിരക്കി ചെല്ലുമ്പോൾ നിലാകാശത്തിൽ എപ്പോഴും വട്ടമിട്ട് പറക്കുന്നുകൊണ്ടിരിക്കുന്ന ഗരുഡന്റെ പ്രതീകാത്മക ഭാവം കൂടുതൽ വ്യക്തമാകും. അതിസൂക്ഷമമായ പരമാണുകണങ്ങളുടെയും, അതി ബൃഹത്തായ ഗൃഹങ്ങളുടെയും സൗരയൂഥങ്ങളുടെയും നിരന്തരമായ ചലനത്മകത്വത്തിൽ നിന്നാണല്ലൊ കാലവും പ്രപഞ്ചപ്രതിഭാസങ്ങളും സൃഷ്ടിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതും. ചലനമില്ലങ്കിൽ കാലവുമില്ല ഭൗതീകവസ്തുക്കളുടെ ആവിഷ്ക്കാരവുമില്ല. ഗരുഡൻ ചലനത്തെ പ്രതിനിദാനം ചെയ്യുന്ന പ്രതീകമാണ്. ഈ ചലനത്തിന്റെ പശ്ചത്തലമാകട്ടെ മാറ്റമില്ലാത്ത ഉണ്മയാണ് - വിഷ്ണുവാണ്. അതിനാൽ ചലനത്തിന്റെ പ്രതീകമായിരിക്കുന്ന ഗരുഡൻ വിഷ്ണുവിന്റെ വാഹനമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രാമായണത്തിൽ വിഷ്ണുവിന്റെ അവതരമായ ശ്രീരാമനെ രാവണനുമായുള്ള യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഗരുഡൻ സമീപിക്കുന്ന രംഗമുണ്ട്. ആരാണ് ആ സന്ദർശകൻ എന്ന് ശ്രീരാമൻ ചോദിക്കുമ്പോൾ ശ്രീരാമന്റെ തന്നെ ചലനാത്മകശക്തിയാണ് താനെന്ന് ഗരുഡൻ മറുപടി പറയുന്നു. പ്രതിഭാസിക പ്രപഞ്ചത്തിന് നിദാനമായ ചലനതത്ത്വത്തെയാണ് വിഷ്ണു വാഹനമായ ഗരുഡൻ പ്രതിനിദാനം ചെയ്യുന്നത്.

ഹംസവാഹിനിയാണ് വിദ്യയുടെ അധിദേവതയായ സരസ്വതീദേവീ. വിവേകത്തിന്റെ പ്രതീകമാണ് ഹംസം. ചില ദേവവാഹനങ്ങളാകട്ടെ ആദ്ധ്യാത്മബോധത്തിലേക്ക് വികസിക്കുവാൻ മനുഷ്യന് അതിലംഘിക്കേണ്ടിരിക്കുന്ന പരിമിതികളെയാണ് സൂചിപ്പിക്കുന്നത്.

പരിണാമവികാസത്തിന്റെ അധിദേവതയായ ഗണപതിയുടെ വാഹനം എലിയാണ്. താണനിലയിൽ നിന്ന് ബോധതത്ത്വം അതിന്റെ പരമോന്നത ഉണ്മയിലേക്ക് വികാസിക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗത്തെയാണ് ഗണപതിയുടെ ദിവ്യരൂപം പ്രതിനിധാനം ചെയ്യുന്നത്. വാഹനമായ എലി വളരെ ഒരു ബോധതലത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ബോധസത്ത ക്രമേണ താണപടികളിൽ നിന്ന് ഉയർന്ന് സ്വന്തം സർവ്വാതീത സത്തയെ പുൽക്കുന്നതാണ് എലി വാഹനമായിരിക്കുന്ന ശ്രീ ഗണപതി രൂപത്തിന്റെ പ്രമേയം സൂചിപ്പിക്കുന്നത്.

ശിവന്റെ വാഹനം കാളയാണ് നിയന്ത്രിക്കാൻ ബുദ്ധുമുട്ടുള്ള ഊർജ്ജസ്ഥിതിയുടെ ഒരു പ്രതീകമാണല്ലോ ഋഷഭം. ലക്ഷ്യമറ്റ് ചിതറിപ്പോകുന്ന മാനസികവും ശാരീരികവുമായ ശക്തികളെ യോഗസാധനയിലൂടെ നിയന്ത്രിച്ച് മനുഷ്യശരീരത്തെ ഈശ്വരചൈതന്യത്തിന്റെ ആവിഷ്ക്കാര രംഗമാക്കിത്തീർകാനുള്ള ഉദ്ബോധനമാണ് ഈ പ്രതീകത്തിലൂടെ നൽകപ്പെടുന്നത്. മനുഷ്യൻ തന്നെ പിന്നോക്കം വലിക്കുന്ന വാസനകളെ നിയന്ത്രിച്ച് മയപ്പെടുത്തി ജീവിതത്തെ വിശുദ്ധമാക്കുമ്പോൾ അവന് ഈശ്വരചൈതന്യത്തിന്റെ വൈഭവങ്ങളും സ്വതന്ത്രാവബോധവും അനുഭവവേദ്യമകുന്നു.

ശാസ്താവിന്റെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനൻ, തുരഗവാഹനൻ, തുരംഗവാഹനൻ, ഹയാരൂഢൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങൾക്കെല്ലാമുള്ള സാമാന്യാർത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധർമ്മമൂർത്തിയായ ശാസ്താവിന്റെ വാഹനമായി കൽപ്പിച്ചിരിക്കുന്നത്.

അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാൺ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാൺ. ഭക്തന്റെ ചിന്തകളെ നേർവഴിക്കുനയിക്കുന്നവൻ എന്നു സൂചിപ്പിക്കുവാനാണ് പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂർവ്വികർ അവതരിപ്പിച്ചത്.

കാറ്റിനെ വെല്ലുന്ന വേഗത്തിൽ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടിൽ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാൻ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് ..

വേദങ്ങളിൽ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോൾ വാജിവാഹനൻ ജീവാത്മാവിനോടു ചേർന്ന പരമാത്മാവ് എന്ന ആശയവും ഉൾക്കൊള്ളുന്നു...

No comments:

Post a Comment