ഡി കെ. എം. കർത്താ (published in Yajn^Opaveetam, August 2016)
കൃഷ്ണനൃത്യം
ഉണ്ണിക്കണ്ണന്റെ നൃത്യം -- വ്രജകുലതനയാചിത്തചോരന്റെ ഹൃദ്യം
യജ്ഞം -- കാണുന്നതിന്നായ് അഹമിഹമികയാലെത്തിപോൽദ്ദേവവൃന്ദം;
ശങ് ഖം ഗോപാലകണ്ഠം മധുരതയൊഴുകുംവണ്ണമൂതുന്ന നേരം
കണ്ണൻ രങ് ഗത്തുവന്നൂ, യവനിക പിറകിൽപ്പൂവനം വിന്യസിപ്പൂ !
കൃഷ്ണരോഹിണി
നിന്നെക്കാണാൻ വരുന്നൂ നവമധു, ഘൃതവും, നൽക്കരിന്പിന്റെ തണ്ടും
പട്ടും പൂവും മരത്തിൽപ്പണിതൊരു ഗജവും പേറിയീ ഗോപഗോത്രം ;
പന്തും പിന്നെക്കളിയ് ക്കാൻ യമുനയിലൊഴുകിത്തേഞ്ഞുരുണ്ടുള്ള കല്ലും
കിട്ടുന്പോൾ പുഞ്ചിരിത്തേൻമലരുകൾ തരുമോ നീ പിറന്നാളിലുണ്ണീ ?
കൃഷ്ണതത്വം
ഗോപസ്ത്രീകളുറങ്ങിടുന്പൊഴുതൊരേ രൂപം കിനാവിൽസ്സദാ
കാണ്മൂ; സൂരജതന്റെ വീചികളൊരേ നാമം ജപിപ്പൂ മുദാ;
ഗോവൃന്ദങ്ങളൊരേ പരാഗസുരഭീഗന്ധം സ്മരിപ്പൂ സദാ;
രാധാചിത്തമതേ മഹസ്സിലലിയാനെന്നും കൊതിപ്പൂ മുദാ.
കൃഷ്ണസന്നിധി
വാത്സല്യം തനിയേ ചുരന്നൊഴുകിടും സർവസ്ഥലത്തും ഭവാൻ
മൂർത്തീരൂപമെടുത്തു നിൽപ്പു കനിവായ്, ക്കണ്ണാ, നിരന്നെപ്പോഴും;
ഗോശാലാഭുവി; യന്പലങ്ങളഗതിയ് ക്കന്നം വിളന്പുന്നിട, —
ത്താരാദ്ധ്യൻ ഗുരു വിദ്യയേകിടുമിടത്തെല്ലാം ഭവത്സന്നിധി !!
കൃഷ്ണമുരളി
നിന്നിൽച്ചേർന്നെൻ മനസ്സാ മധുരിമപകരും വംശി തൻ താരനാദം
തന്നെത്താൻ വിസ്മരിച്ചീപ്പുഴയുടെ കരയിൽക്കേട്ടിരുന്നൂ, മുരാരേ !
എന്തെൻ പേ; രേതു നാടാ; ണിതു പനിമതിയോ ? രാത്രിയും വന്നുവോ ? നീ--
യെന്നെപ്പാടേ മയക്കീ; യിനി മമ രജനീയാപനം നിന്റെ കാൽക്കൽ !!
കൃഷ്ണസ്തംഭം
സർവം ചഞ്ചലമാ; ണതീവ പരിണാമാവിഷ്ടമല്ലോ നരൻ
സൃഷ്ടിയ് ക്കുന്നൊരവസ്ഥകൾ; പ്രകൃതിയും ചാപല്യമായാമയം !
ചുറ്റുന്നൂ പരിവർത്തനച്ചുഴലിയിൽബ്ബോധം; ഹരേ, വീഴ്ച്ചയിൽ--
ച്ചുണ്ടിൽനിന്നുയരുന്ന നിന്നഭിധയാണേകാവലംബോദ് ഗമം !
കൃഷ്ണദാസി
കാതോർക്കൂ, ഗോപതന്വീ, ഹരിയിത വരവായ് ക്കൈയിലുണ്ടത്യസങ് ഖ്യം
പൂമൊട്ടും പൂർണ്ണപുഷ്പക്കുലകളും ഇലയും വട്ടിയിൽക്കണ്ടുവോ നീ ?
മാലാകാരീ, തുടങ്ങാം പണി, ഹരിയണിയും ദാമവും രാസകേളീ--
ലോലർക്കൊക്കെദ്ധരിയ് ക്കാൻ നിരവധി സുമഹാരങ്ങളും കോർത്തിടാം നാം !
കൃഷ്ണപര്യടനം
ഗോഷ്ഠത്തിന്നങ് കണങ്ങൾ വ്രജജനബഹുലം -- കണ്ണിനിന്നുത്സവം താ--
നാദ്യത്തെപ്പിച്ചവെയ് പ്പിന്നമൃതസുഖരസം പെയ്തു നീങ്ങുന്നു കണ്ണൻ;
വീഴുന്നൂ മുട്ടുകുത്തി, ദ്രുതതരമിഴയുന്നുണ്ടു പിന്നീടെണീറ്റാ--
ക്കാലിന്മേൽ നിന്നു വീണ്ടും നടവരനടികൾ വെയ് ക്കുവാൻ നോക്കിടുന്നൂ !!
കൃഷ്ണസൌരി
കാളിന്ദിപ്പുഴ നിന്നെ നീരലകളാൽത്തൊട്ടിന്നു വാത്സല്യമാം
പീയൂഷം നുകരുന്നു; തന്റെ ഗതിയും ദിക്കും മറക്കുന്നിതാ !!
നീയോ തൻ ജലകേളിയെത്ര സമയം മുന്പേ തുടങ്ങീ ? യിതിൻ
നേരാമുത്തരമോർത്തിടാത്ത ജലധീശയ് യാവിലോലൻ, ഹരേ !!
കൃഷ്ണനാകം
തോഷാശ്രുക്കളൊഴുക്കിനിൽപ്പു ഭഗവൻ, ഞങ്ങൾ ഭവത്സന്നിധീ--
നാകത്തിൽ; ത്തിരുനാമമോതിയഴലിന്നൂറ്റം കുറയ് ക്കുന്നിതാ !
നാമം തീരെ മറക്കലാണു നരകം; നാകം ഭവന്നാമമാം
നാദബ്രഹ്മലയശ്രുതീയമുനതന്നോളത്തിലാപ്ലാവനം !
No comments:
Post a Comment