ഇന്ന് ഇന്ത്യയുടെ ആദ്ധ്യാത്മിക നഭസ്സിലെ അമൂല്യ രത്നമായ ശ്രീശങ്കരാചാര്യരുടെ ജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ശങ്കരാചാര്യര്‍ ജനിച്ചത്. 32-വയസ്സിനുള്ളില്‍ത്തന്നെ തന്നിലുറഞ്ഞു കൂടിയ അദ്വൈത വേദാന്തത്തിന്‍റെ ദിവ്യപ്രഭ ഇന്ത്യയുടെ ആത്മാവില്‍ നിറച്ച ആ മഹാനുഭാവന്‍ 32-ആം വയസ്സില്‍ എ.ഡി.820-ല്‍ ഇന്നത്തെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വച്ച് സമാധിയായി.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ശങ്കരജയന്തി ആചരിച്ചു വരുന്നത്. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസം തളര്‍ച്ചയിലായിരുന്ന കാലഘട്ടത്തില്‍, തന്‍റെ അദ്വൈത ദര്‍ശനങ്ങളിലൂടെയും, ഇന്ത്യയുടെ വിശാലഭൂമികയിലുടനീളം സഞ്ചരിച്ചു കൊണ്ടുള്ള വാദപ്രതിവാദ-താത്ത്വിക പ്രഘോഷണങ്ങളിലൂടെയും ഹൈന്ദവ ദര്‍ശനങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കിയ ആദിശങ്കരന്‍ ബ്രഹ്മസൂത്ര ഭാഷ്യം അടക്കമുള്ള പല പ്രശസ്ത ഗ്രന്തങ്ങളുടേയും കര്‍ത്താവാണ്.
ദ്വാരക, പുരി-ജഗന്നാഥ്, ശൃംഗേരി, ബദരിനാഥ് എന്നിവടങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച അദ്വൈത മഠങ്ങള്‍ പ്രമുഖ വേദാന്തകേന്ദ്രങ്ങളായി ഇപ്പോളും തുടരുന്നു.
ജയന്തി ദിനത്തില്‍ ഇന്ത്യയുടെ ആ അനശ്വര ആത്മീയാചാര്യന് പ്രണാമങ്ങള്‍…
No comments:
Post a Comment