ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, May 11, 2019

രാമായണം ഒരു സൗരോര്‍ജകഥ




രാമ രാമ! മഹാബാഹോ  ശൃണു ഗുഹ്യം സനാതനം യേന സര്‍വ്വാനരീന്‍ വത്സ! സമരേ വിജയിഷ്യസി ആദിത്യഹൃദയം പുണ്യം സര്‍വശത്രു വിനാശനം ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമംശുഭം സര്‍വ്വ മംഗളമാംഗള്യം സര്‍വ്വ പാപപ്രണാശനംചിന്താശോകപ്രശമനം ആയുര്‍ വര്‍ദ്ധനമുത്തമം. രശ്മിമന്തം സമുദ്യന്തം ദേവാസുര നമസ്‌കൃതം പൂജയസ്വ വിവസ്വന്തം ഭാസ്‌ക്കരം ഭുവനേശ്വരം. ''ഹേ,രാമ! ഭുവനത്തിനു മുഴുവന്‍ ഈശ്വരനായ സൂര്യദേവനേ നീ പൂജിച്ചാലും. അതിലൂടെ നിനക്കു ഏതുശത്രുവിനേയും ജയിക്കാന്‍ കഴിയും.'' എന്നു പറഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ ഓടി എത്തുകയാണ്് അഗസ്ത്യ മഹര്‍ഷി. രാവണനെ കൊല്ലാന്‍ വിഷമിച്ചുനില്‍ക്കുന്ന രാമന് അദ്ദേഹം ഒരുമന്ത്രം ഉപദേശിച്ചു.''ആദിത്യ ഹൃദയം''എന്നാണ് അതിന്റെപേര്. ആ മന്ത്രോപാസനയിലൂടെ സൂര്യപ്രീതി നേടിയിട്ടാണ്് രാമന്‍ തമോഭൂതമായ രാവണനെ നിഗ്രഹിക്കുന്നത്. രാമായണതത്വം മുഴുവനും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി പറയാം. കാലാതിവര്‍ത്തിയായ ഒരു സത്യംകൂടിയാണിത്. ഇന്നു നാം സൗരോര്‍ജത്തെ പറ്റിയാണല്ലോ വ്യാപകമായി ചര്‍ച്ചചെയ്യുന്നത്. പക്ഷേ വിപരീത ശക്തിയുടെ, താമസികവും ഹീനവുമായ ശക്തികളുടെ പിടിയിലമരുന്ന ലോകത്തിന്റെ വാര്‍ത്തകളാണ് അധികവും കേള്‍ക്കുന്നത് എന്നതത്രേ ഖേദകരം.അതുമാറ്റിയെടുക്കാന്‍ കഴിയുമോ? സൗരോര്‍ജത്തെ ലോകക്ഷേമകരമായും സത്യസന്ധമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ ഒന്നു മനസ്സില്‍ നന്മയുള്ള ആരും ആശിച്ചുപോകും.ആദിത്യ ഹൃദയ മന്ത്രം ജപിച്ചു, രാമായണതത്വങ്ങള്‍ സ്വജീവിതത്തിലും സമൂഹത്തിലും പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ആശ സാധിച്ചുകൂടായ്കയില്ല. സൗരോര്‍ജവുമായി രാമായണത്തിനു എന്തു ബന്ധം എന്നു ചിലര്‍ ശങ്കിച്ചേക്കാം. ചിരിച്ചു തള്ളിയെന്നും വരാം. അതിനുമുന്‍പ് ഇന്നത്തെ ശാസ്ത്രരീത്യാ അല്ലെങ്കിലും രാമായണത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ പരിശോധിക്കുന്നതു നല്ലതാണ്. സംശയങ്ങള്‍, വിശേഷിച്ചു ആദ്ധ്യാത്മികതലത്തില്‍, ഒഴിഞ്ഞുപോകാനും വിശ്വാസം ശക്തിപ്പെടുത്താനും അതു കാരണമാകും. രാമന്‍ പിറന്നതു സൂര്യ വംശത്തിലാണ്് എന്നതാണ് ഒന്നാമെത്തക്കാര്യം. രാവണനെ നിഗ്രഹിക്കലായിരുന്നു മുഖ്യലക്ഷ്യം. രാവണന്‍ എന്നത് രാവിന്റെ, ഇരുളിന്റെ, താമസിക ശക്തികളുടെ പ്രതീകമാണ്. രാമനാകട്ടേ വെളിച്ചത്തിന്റെ, നന്മയുടെ പ്രതീകവും. സൂര്യവംശത്തില്‍ പിറന്ന രാമനെ ആപല്‍ഘട്ടത്തില്‍ സഹായിയ്ക്കാനെത്തുന്നത് സുഗ്രീവനാണ്. സുഗ്രീവന്‍ സൂര്യ പുത്രനാണ്. സൂര്യന്റെ തേരാളിയായ അരുണനാണ്് അമ്മ. ഒരു പ്രത്യേക സാഹചര്യത്തില്‍ അരുണന്‍ അരുണിയായി മാറി. അപ്പോഴായിരുന്നു സുഗ്രീവന്റെ പിറവി. അച്ഛന്‍ സൂര്യന്‍, അമ്മ സൂര്യസാരഥിയും! സുഗ്രീവന്റെ മന്ത്രിമുഖ്യനായ ഹനുമാനന്റെ കാര്യമെടുത്താലോ? അവിടേയും സൂര്യബന്ധം. സൂര്യന്റെ പ്രിയശിഷ്യനാണ് ഹനുമാന്‍. ഗുരു ദക്ഷിണയെന്ന നിലയില്‍ ഗുരു പുത്രനായ സുഗ്രീവെന സഹായിക്കാമെന്നേറ്റ ഹനുമാന്‍ പിന്നീട് സൂര്യ വംശോത്തമനായ ശ്രീരാമന്റെ ഉത്തമ ഭക്തനും ദാസനുമായി മാറുന്നു. രാവണന്‍ സീതയെ കട്ടുപോകുമ്പോള്‍ എതിര്‍ത്തു ചെല്ലുന്ന ജടായുവിനും സൂര്യബന്ധം. സൂര്യന്റെ തേരാളിയായ അരുണന് ശേനി എന്ന പക്ഷിണിയില്‍ രണ്ടു മക്കളുണ്ടായിരുന്നു. അവരില്‍ ഒരാളാണ് ജടായു. രാമ പത്‌നിയെ രക്ഷിക്കാന്‍ രാവണനോട് ഒറ്റക്ക്് പൊരുതി ജീവന്‍ വെടിഞ്ഞ പക്ഷി. ജടായുവിന്റെ ജ്യേഷ്ഠന്‍ സമ്പാതിയാണ്. സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ട വാനരസംഘത്തിന് സീത ഇരിക്കുന്നിടത്തെപറ്റി കൃത്യമായ വിവരം നല്‍കുന്നുണ്ട് സമ്പാതി. അതിനുശേഷമായിരുന്നു ഹനുമാന്റെ ലങ്കയിലേക്കുള്ളകുതിപ്പ്. ചെറുപ്പത്തില്‍ സൂര്യ താപമേറ്റ് ചിറക് നഷ്ടമായ സമ്പാതിയ്ക്ക് അവ തിരിച്ചു കിട്ടുന്നുണ്ട്. എവിടേയും സൗരോര്‍ജത്തിന്റെം മിന്നലാട്ടം! ഏറ്റവുമൊടുവില്‍ രാമനെ സഹായിയ്ക്കാനെത്തുന്നതും സൂര്യസംഭവന്‍ എന്നു പറയാവുന്ന അഗസ്ത്യമഹര്‍ഷിയാണ്. നേരത്തെ പഞ്ചവടിയിയിലെത്തും മുമ്പ് കണ്ടപ്പോള്‍ത്തന്നെ ദീര്‍ഘദര്‍ശിയായ അദ്ദേഹം ശ്രീരാമന് വിശിഷ്ടമായ വില്ലും വാളും ആവനാഴിയും സമ്മാനിച്ചിട്ടുണ്ട്. യുദ്ധക്കളത്തിലോളം വന്ന് ഇപ്പോള്‍ ആദിത്യഹൃദയമന്ത്രവും ഉപദേശിക്കുന്നു. അതിലൂടെ സ്വയം സൂര്യനായി ജ്വലിച്ച ശ്രീരാമനു മുന്നില്‍ രാവണ രാത്രിഞ്ചര ശക്തികള്‍ക്കു നാശമടയാതെ വയ്യല്ലോ. ''തമസോ മാ ജ്യോതിര്‍ഗമയാ'' എന്ന മറ്റൊരു മന്ത്രത്തിന്റെയും ഫലപ്രാപ്തിയാണിത്. രാമായണ വായനയിലൂടെ, ആദിത്യ ഹൃദയ മന്ത്രോപാസനയിലൂടെ രാമതത്വാവബോധത്തിലൂടെ നമുക്കും ഓരോ സൂര്യനായി ജ്വലിക്കാന്‍ കഴിയണം. മലയാളത്തിന്റെ ആചാര്യനായ എഴുത്തച്ഛന്‍: സത്വ പ്രധാനായ തത്ത്വായതേ നമഃ സത്യ സ്വരൂപായ നിത്യം നമോ നമഃഎന്നിടത്താണ് ആദിത്യഹൃദയ മന്ത്രം അവസാനിപ്പിക്കുന്നത്. ഇതിലെ വിശേഷണങ്ങള്‍ സൂര്യനും രാമനും ഒരുപോലെ ചേരും സത്യ സന്ധവും സാത്വികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് നമുക്കും അവരെപ്പോലെ ജ്വലിക്കാന്‍ കഴിയും. അതാവും ശരിയായ സൗരോര്‍ജം. അതിനുമുന്നില്‍ ദുഷ്ട ശക്തികളെല്ലാം നശിച്ചു പോകുമെന്നു തീര്‍ച്ചയാണ്. രാമസംഘം അയോദ്ധ്യയ്ക്കു തിരിച്ച പുഷ്പകവിമാനത്തിനും ഏറെ സവിശേഷതയുണ്ട് നമ്മെ അത്യന്തം അമ്പരപ്പിക്കുന്ന ഒന്നാണത്. വിശ്വകര്‍മ്മാവ് സൗരോര്‍ജം കൊണ്ട് നിര്‍മ്മിച്ചതാണ് ആ വിമാനം. എന്നത്രേ കഥ. വേദകാലം മുതല്‍ ഭാരതീയ സംസ്‌കാരം ഉരുവിട്ടു വരുന്ന മറ്റൊരു മന്ത്രമുണ്ട്. സൂര്യ ഗായത്രി എന്നാണ് അതിന്റെ പേര്. വാല്‍മീകി രാമായമണം ആ മന്ത്രത്തിന്റെ വിപുലീകരണമാണെന്ന ഖ്യാതിയും ഇവിടെ സ്മരിക്കാം ഒപ്പം നമ്മുടെ ബുദ്ധിയേയും കര്‍മ്മങ്ഹളേയും പ്രചോദിപ്പിക്കുവാന്‍ ഉരുവിടുകയും ചെയ്യാം. ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി് ധിയോ യോന പ്രചോദയാല്‍ (തുടരും)  

No comments:

Post a Comment