ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, January 12, 2019

ഹരേ കൃഷ്ണാ




ഒരു തവണ കൃഷ്ണനും അർജുനനും പുറത്തേക്കിറങ്ങി നടക്കുന്ന വഴിയിൽ നിർദ്ധനനായ ഒരു ബ്രാഹ്മണൻ ഭിക്ഷയെടുക്കുന്നതു കണ്ടു. അർജുനന് ആ ബ്രാഹ്മണനെക്കണ്ടു ദയ തോന്നി ഒരു സ്വർണ്ണ മുദ്ര  ചെപ്പിലാക്കി അദ്ദേഹത്തിനു കൊടുത്തു. ഇതു വാങ്ങി പ്രസന്നനായി ഭാവിസൌഖ്യത്തെ സ്വപ്നം കണ്ട് അയാൾ വീട്ടിലേക്കു മടങ്ങി. എന്നാൽ അവന്റെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ആ ചെപ്പ് കൊള്ളയടിച്ചു.. ബ്രാഹ്മണൻ ദു:ഖിച്ച് വീണ്ടും ഭിക്ഷക്കായി നടന്നു. 


അടുത്ത ദിവസം വീണ്ടും അർജുനനെക്കണ്ടു. ബ്രാഹ്മണനെ കണ്ടു ഇതെന്തു പറ്റിയെന്നു ചോദിച്ചു.. തലേ ദിവസം നടന്ന സംഭവങ്ങൾ വിവരിച്ചു. അദ്ദേഹത്തിന്റെ വ്യഥ കണ്ടു വീണ്ടും അർജുനൻ ഒരു മുല്യമുള്ള ഒരു മണി അയാൾക്കു നൽകി. ബ്രാഹ്മണൻ അതെടുത്ത് വീട്ടിൽ കൊണ്ടുപോയി. വീട്ടിലെ വളരെ പഴയ ഒരു കുടത്തിൽ കള്ളന്മാർ കാണാതിരിക്കാൻ ഒളിച്ചു വച്ചു. എന്നാൽ ദൌർഭാഗ്യമെന്നു പറയട്ടെ ക്ഷീണം കാരണം അയാൾ ഉറങ്ങിപ്പോയി. ഈ സമയത്തു തന്നെ ബ്രാഹ്മണന്റെ ഭാര്യ  നദിയിലേക്ക് ഒരു കുടമെടുത്ത്  വെള്ളമെടുക്കാൻ പോയി. എന്നാൽ വഴിയിൽ വച്ച് ആ കുടം പൊട്ടിപ്പോയി.അവർ ഉടനെ തിരിച്ച് വന്ന് മണി ഒളിച്ചു വച്ച ആ പഴയ കുടവും എടുത്ത് നദിയിൽ വെള്ളമെടുക്കാൻ പോയി വെള്ളത്തിൽ കുടം മുക്കിയപ്പോൾ മണി വെള്ളത്തിലേക്ക് ആഴ്ന്നു വീണു പോയി. ഈ വിവരമറിഞ്ഞ ബ്രാഹ്മണൻ തന്റെ ദൌർഭാഗ്യം ആലോചിച്ച് വീണ്ടും വിഷമിച്ച് ഭിക്ഷക്കായി ഇറങ്ങി. 



അർജുനനും കൃഷ്ണനും വീണ്ടും ഈ ദരിദ്ര്യ ബ്രാഹ്മണന്റെ അവസ്ഥ കണ്ട് കാരണം അന്വേഷിച്ചു. എല്ലാ വസ്തുതകളും അറിഞ്ഞ് അർജുനൻ ഹതാശനായി മനസ്സിൽ ഈ ബ്രാഹ്മണന്റെ ദൌർഭാഗ്യത്തെ പറ്റി ഓർത്ത് വിഷമിച്ചു. ഇവിടെയാണ് ഭഗവാന്റെ ലീല ആരംഭിക്കുന്നത് .ഭഗവാൻ ആ ബ്രാഹ്മണന് രണ്ടു പൈസ ദാനമായി നൽകി. അപ്പോൾ അർജുനൻ ചോദിച്ചു. പ്രഭൂ ഞാൻ നൽകിയ സ്വർണ്ണ മുദ്രയും വിലപിടിപ്പുള്ള മണിയും ഈ നിർഭാഗ്യവാന് പ്രയോജനപ്പെട്ടില്ല. ഈ രണ്ടു പൈസ കൊണ്ട് അയാൾ എന്തു ചെയ്യാനാണ്. ഇതു കേട്ട് ഭഗവാൻ ചിരിച്ചു. ബ്രാഹ്മണനെ ശ്രദ്ധിക്കാൻ പറഞ്ഞു. രണ്ടു പൈസയും വാങ്ങി ബ്രാഹ്മണൻ വഴിയിൽ  വച്ച് വിചാരിച്ചു. ഈ രണ്ടു പൈസ കൊണ്ട് ഭക്ഷണത്തിനു പോലും തികയില്ല. പിന്നെ ഭഗവാൻ എന്തുകൊണ്ടാണ് ഇതു തന്നത്? 


പ്രഭുവിന്റെ ലീല എന്താണാവോ?ഇങ്ങിനെ വിചാരിച്ച് ഒരു മത്സ്യക്കാരന്റെ കയ്യിലെ മത്സ്യത്തിന്റെ മേൽ അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞു.ആ മത്സ്യം ജീവനുവേണ്ടി അയാളുടെ കൈകളിൽ പിടയുന്നുണ്ടായിരുന്നു. ആ മീനിനോട് ദയ തോന്നി ബ്രാഹ്മണൻ തന്റെ കയ്യിലെ രണ്ടു പൈസ കൊടുത്ത് ആ മീനിനെ വാങ്ങി.അതിന്റെ പ്രാണനെ രക്ഷിക്കാൻ തന്റെ കമണ്ഡലുവിലെ ജലത്തിൽ ഇട്ടു .അതിൽ സ്ഥലം പോരാഞ്ഞ് അതിനെ നദിയിൽ കൊണ്ടുപോയി ഒഴുക്കി. അപ്പോൾ ആ മത്സ്യത്തിന്റെ മുഖത്തു നിന്നും എന്തോ പുറത്തുവന്നു. നോക്കിയപ്പോൾ കുടത്തിലിട്ടു വച്ച മണിയായിരുന്നു. ബ്രാഹ്മണൻ സന്തോഷിച്ച് കിട്ടിപ്പോയി കിട്ടിപ്പോയി എന്നുറക്കെ  വിളിച്ചു പറഞ്ഞു .ആ സമയം ഭാഗ്യവശാൽ തന്റെ സ്വർണ്ണ മുദ്ര കൊള്ളയടിച്ച കള്ളൻ ഒളിച്ചും പാത്തും അവിടെയുണ്ടായിരുന്നു. 


ബ്രാഹ്മണന്റെ ഒച്ച കേട്ടപ്പോൾ കള്ളനു ആളെ മനസ്സിലായി. തന്നെയാണ്  പിടി കിട്ടിയതെന്നു പറയുന്നതെന്നു കരുതി. താൻ മറ്റുള്ളവരാൽ പിടിക്കപ്പെടുമെന്നു തെറ്റിദ്ധരിച്ച് ബ്രാഹ്മണന്നോട് തെറ്റുപറഞ്ഞ് ക്ഷമ ചോദിച്ച് താനെടുത്ത ആസ്വർണ്ണ മുദ്ര ബ്രാഹ്മണന്നു തന്നെ തിരിച്ചു ഏൽപിച്ചു അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതു കണ്ടു അർജുനൻ അതിശയിച്ചു. പ്രഭുവിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. ഭഗവാനെ ഇതെന്തു ലീലയാണെന്നു ചോദിച്ചു. അങ്ങയുടെ രണ്ടു പൈസ കൊണ്ട് നഷ്ടപ്പെട്ട ഭാഗ്യം  മുഴുവൻ ബ്രാഹ്മണനു ലഭിച്ചതെങ്ങിനെ. അത് ഭുതമായിരിക്കുന്നു എന്നു പറഞ്ഞു. 



കൃഷ്ണൻ പറഞ്ഞു, ആദ്യം നീ സ്വർണ്ണ മുദ്ര കൊടുത്തപ്പോഴും മണി കൊടുത്തപ്പോഴും അയാളുടെ മനസ്സിൽ തന്റെ സുഖമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ രണ്ടു പൈസ കൊടുക്കുമ്പോൾ അന്യജീവന്റെ പ്രാണനിൽ ദയാലുത്വമാണയാൾക്കു ഉണ്ടായിരുന്നത്. അതു കൊണ്ട് അർജുനാ സത്യമെന്തെന്നാൽ എപ്പോഴാണോ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ച് അവർക്കു നന്മ ചെയ്യുന്നത് അപ്പോഴാണ് ഈശ്വരൻ നമുക്ക് ഭാഗ്യത്തെ കൊണ്ടുവന്നു തരുന്നത് .അന്യരുടെ ദു:ഖത്തിൽ നന്മ കൊതിക്കുന്ന ജീവന്റെ കൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും' ഇതാണ് ഈ കഥയിൽ നിന്നും പഠിക്കേണ്ട പാഠം.


ഹരേ കൃഷ്ണ ഹരേ കൃഷ്ണ

No comments:

Post a Comment