ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, November 7, 2018

ബ്രഹ്മജ്ഞാനിയുടെ നിലയെ പ്രശംസിക്കുന്നു

തദേതദൃചാഭ്യുക്തം 
ഏഷ നിത്യോ മഹിമാ ബ്രാഹ്മണസ്യ...
ഇതാണ് ബ്രഹ്മജ്ഞാനിയുടെ നിത്യമായ മഹത്വം. അത് കര്‍മംകൊണ്ട് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ആ മഹത്വത്തിന്റെ സ്വരൂപത്തെ അറിയുന്നവനാകണം. അതിനെ അറിഞ്ഞാല്‍ പുണ്യപാപ രൂപത്തിലുള്ള കര്‍മങ്ങളില്‍ കുടുങ്ങിപ്പോകില്ല.
അതിനാല്‍ ഇങ്ങനെ അറിയുന്നയാള്‍ ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിച്ചയാളും മനസംയമനം സാധിച്ചവനും എല്ലാ ഏഷണകളില്‍ നിന്ന് മുക്തനും ദ്വന്ദ്വങ്ങളെ സഹിക്കുന്നവനും ഏകാഗ്രതയോടു കൂടിയവനുമായി തന്നില്‍ തന്നെ ആത്മാവിനെ കാണുന്നു.
 ആത്മജ്ഞാനി എല്ലാത്തിനേയും ആത്മാവായി കാണുന്നു. പാപം ഇദ്ദേഹത്തെ ബാധിക്കുന്നില്ല. ഇയാള്‍ എല്ലാ പാപങ്ങളേയും അതിക്രമിക്കുന്നു. പാപം ഇദ്ദേഹത്തെ തപിപ്പിക്കുന്നില്ല. എല്ലാ പാപങ്ങളേയും നശിപ്പിക്കുന്നു. അയാള്‍ പാപമില്ലാത്തവനും മാലിന്യമില്ലാത്തവനും സംശയം നീങ്ങിയവനുമായ യഥാര്‍ഥ ബ്രാഹ്മണനായിത്തീരുന്നു.
ബ്രഹ്മമാകുന്ന ലോകം ഇതാണ്. രാജാവേ, അതിനെ നേടാനുള്ള ഉപദേശം മുഴുവന്‍ നല്‍കിയിരിക്കുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇത് കേട്ട ജനകന്‍ അങ്ങേക്ക് ഞാന്‍ വിദേഹരാജ്യത്തെ തന്നെ തരുന്നു. ദാസ്യവേലയ്ക്കായി ഞാന്‍ എന്നെയും കൂടെ തരുന്നുവെന്ന് പറഞ്ഞു.
 ബ്രഹ്മസാക്ഷാത്കാരത്തെ നേടിയ ബ്രഹ്മജ്ഞാനിയുടെ നിലയെയാണ് ഇവിടെ വിവരിക്കുന്നത്. ജ്ഞാനിയുടെ ദൃഷ്ടിയില്‍ പുണ്യവും സംസാര കാരണമാകയാല്‍ പാപമാണ്. പുണ്യ പാപങ്ങളോ ധര്‍മ അധര്‍മങ്ങളോ ഇല്ലാത്തയാളായിരിക്കും ബ്രഹ്മജ്ഞാനി. സത്യത്തെ അറിഞ്ഞതിനാല്‍ അയാള്‍ക്ക് സംശയങ്ങളൊന്നുമില്ല. അങ്ങനെയുള്ള ബ്രഹ്മജ്ഞാനിയെയാണ് ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നത്. യാജ്ഞവല്‍ക്യന്റെ ഉപദേശത്താല്‍ കൃതകൃത്യനായതിനാലാണ് ജനകന്‍ തന്നെയും തന്റെ രാജ്യത്തേയും ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നത്.
സ വാ ഏഷ മഹാനജ...
ഈ മഹത്തും ജന്മമില്ലാത്തവനുമായ ആത്മാവ് അന്നത്തെ കഴിക്കുന്നവനും കര്‍മഫലത്തെ ദാനം ചെയ്യുന്നവനുമാണ്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ എല്ലാ കര്‍മഫലങ്ങളേയും നേടുന്നു.
ആത്മാവ് എല്ലാ ജീവജാലങ്ങളിലുമിരിക്കുന്നതിനാല്‍ എല്ലാ അന്നങ്ങളെയും കഴിക്കുന്നവനാകുന്നു. എല്ലാ കര്‍മഫലങ്ങളേയും കിട്ടുന്നു. ദൃഷ്ടമായ ഫലത്തെ ആഗ്രഹിക്കുന്നവര്‍ ഈ ഗുണത്തോടെ ഉപാസിച്ചാല്‍ ഭൗതികസമ്പത്ത് ലഭിക്കും. അദൃഷ്ടഫലവുമായി ബന്ധപ്പെട്ടാണ് ഉപാസനയെങ്കില്‍ സര്‍വാത്മഭാവത്തേയും കൈവരിക്കുന്നു.
സ വാ ഏഷ മഹാനജ ആത്മാളജരോ ളമരോ ളമൃതോളഭയോ ബ്രഹ്മ;
അഭയം വൈ ബ്രഹ്മ; അഭയം ഹി വൈ ബ്രഹ്മ ഭവതി യ ഏവം വേദ.
ഈ മഹത്തും അജവും ജരയില്ലാത്തതും മരണമില്ലാത്തതും നിത്യവും അഭയവുമായ ആത്മാവാണ് ബ്രഹ്മം. ഭയമില്ലാത്തതാണ് ബ്രഹ്മം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ തീര്‍ച്ചയായും അഭയമായ ബ്രഹ്മമായിത്തീരുന്നു.
ആത്മാവിനെ ഇവിടെ വിശേഷിപ്പിച്ചതെല്ലാം സാധാരണ ഭൗതിക വസ്തുക്കള്‍ക്കുള്ള ജനനം മുതല്‍ മരണം വരെയുള്ള ആറ് വികാരങ്ങളെ നിഷേധിക്കുന്നതാണ്. അറിവില്ലായ്മയെ തുടര്‍ന്ന് രണ്ട് എന്ന തോന്നലുണ്ടാകുമ്പോഴാണ് ഭയം വരുന്നത്. കേവലം ഒന്നു മാത്രമായ അദ്വയ ബ്രഹ്മത്തില്‍ ഭയകാരണങ്ങളൊന്നും തന്നെ ഇല്ലാത്തതിനാലാണ് അഭയം എന്ന് പറഞ്ഞത്. നേരത്തെ പറഞ്ഞ കാര്യങ്ങളെയെല്ലാം ചുരുക്കി പറഞ്ഞിരിക്കുകയാണ് ഇവിടെ. ഇതോടെ നാലാം ബ്രാഹ്മണം അവസാനിച്ചു.



No comments:

Post a Comment