ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, November 16, 2018

ഭാരതീയരുടെ ഈശ്വരദര്‍ശന ശാസ്ത്രം

സനാതനധര്‍മ്മത്തെ മറ്റൊരു മതവുമായി താരതമ്യപ്പെടുത്തുവാന്‍ സാധ്യമല്ല. പ്രത്യേകിച്ചും ആത്മീയതയുടെയും ഈശ്വരവിശകലനത്തിന്റെയും കാര്യത്തില്‍. മറ്റെല്ലാ വൈദേശിക മതങ്ങള്‍ക്കും ഒരൊറ്റദൈവം, ഒരൊറ്റ ഗ്രന്ഥം, ഒരൊറ്റ പന്ഥാവ്. ഇവ നിര്‍ബന്ധമാണ്. ഭാരതീയ ഗ്രന്ഥങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചതില്‍ നിന്നും ഈ വ്യത്യാസങ്ങള്‍ മനസ്സിലാകും. അതുപോലെ ഈശ്വരസങ്കല്‍പവും ഭാരതീയ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
 വ്യക്തികളുടെ ചിന്താമണ്ഡലത്തിന്റെ കഴിവും, അനുഭൂതിയുടെ നിലവാരവും, അറിവിന്റെ അഗാധതയും ജ്ഞാനവിജ്ഞാനശാഖകളുെട പ്രായോഗിക പരിജ്ഞാനവും അനുസരിച്ചാണല്ലോ നാം ഒരു വിഷയത്തെക്കുറിച്ച് വ്യത്യസ്ത വ്യക്തികളോട് വിവരിക്കുന്നത്. ഒരേ വിഷയം ലോവര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഗ്രാജ്വേഷന്‍, ഡോക്ടറേറ്റ് എന്നീ നിലവാരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് വ്യത്യസ്ത രീതിയില്‍ വിവരിക്കുന്ന അതേ മാര്‍ഗ്ഗമാണ് ഭാരതീയര്‍ ഈശ്വര സങ്കല്‍പത്തെ വര്‍ണ്ണിക്കുന്നതിലും സ്വീകരിച്ചിരിക്കുന്നത്.
 സമഗ്രജ്ഞാനവും, അനുഭവസമ്പത്തും അതിഗഹനമായ ഉള്‍ക്കാഴ്ചയുമുള്ള വ്യക്തികള്‍ക്ക് അനുഭവയോഗ്യമാകുംവിധം ചിന്താമണ്ഡലത്തിലേക്ക് വരുത്തുവാന്‍ സാധിക്കുന്ന ഏറ്റവും ഉദാത്തമായ ഈശ്വര ചൈതന്യ വിവരണമാണ് ബ്രഹ്മ സങ്കല്‍പത്തിലൂടെ ഋഷിവര്യന്മാര്‍ മുമ്പോട്ടുവച്ചിരിക്കുന്നത്.
 അത്യാധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍ ബ്രഹ്മചൈതന്യം, ഊര്‍ജവും പ്രജ്ഞാനം എന്ന Consciounssse ഉം Selfawarensse ഉം ചേര്‍ന്നതാകുന്നു. സസ്യങ്ങളിലും ജന്തുക്കളിലുമുള്ള ഓരോ സൂക്ഷ്മകോശത്തിലും സ്വയം പ്രവര്‍ത്തിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ബയോകെമിക്കല്‍ രാസക്രിയാ പന്ഥാവിനാധാരമായ ചൈതന്യം ബ്രഹ്മചൈതന്യമാണ്. ഓരോ ആറ്റത്തിലും അതിവേഗത്തില്‍ കറങ്ങുന്ന ഇലക്ട്രോണുകളില്‍ വര്‍ത്തിക്കുന്ന ചൈതന്യംതന്നെയാണിത്. അവയ്ക്ക് കറങ്ങുവാനാവശ്യമായ ഊര്‍ജവും ദിശാബോധവും നല്‍കുന്നതുകൊണ്ടതിനെ ബ്രഹ്മചൈതന്യമെന്നു പറയുന്നു. അതുപോലെ മഹത്തായ പ്രപഞ്ചത്തിലെ ഭ്രമണ-പ്രദക്ഷിണ ദിശകളും അതിനാവശ്യമായ ഊര്‍ജവും ബ്രഹ്മചൈതന്യത്തില്‍ നിന്നാണെന്ന് ഭാരതീയര്‍ പറഞ്ഞത് അത്യാധുനിക ശാസ്ത്രം അടിവരയിട്ട് അംഗീകരിക്കുന്നു.
 അനുനിമിഷം ഉജ്ജ്വല പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സഗുണാവസ്ഥ (സഗുണബ്രഹ്മം) നിലനില്‍ക്കുമ്പോള്‍തന്നെ അവയെല്ലാം അനങ്ങാതെ, ചലിക്കാതെ ശാന്തമായി വര്‍ത്തിക്കുന്നതുപോലെ സസ്യങ്ങളിലും ഉറങ്ങുന്ന ജീവിയിലും ശാന്തമായ പ്രപഞ്ചത്തിലും നമുക്ക് കാണുവാന്‍ സാധിക്കുന്നു. ഈ ശാന്തമായ അവസ്ഥയാണ് ബ്രഹ്മത്തിന്റെ നിര്‍ഗുണാവസ്ഥ. സഗുണത്വം, നിര്‍ഗുണത്വം എന്നിങ്ങനെയുള്ളത് പരമോന്നതമായ രണ്ട് വസ്തുക്കളല്ല മറിച്ച് അവസ്ഥയാണ് എന്നോര്‍ക്കണം. അത്യാധുനിക ശാസ്ത്രം പഠിച്ച വ്യക്തിക്കും, അതിഗഹനമായ ആത്മീയാനുഭൂതി ലഭിച്ച വ്യക്തിക്കും ഈ രണ്ട് അവസ്ഥകളുള്ള ബ്രഹ്മചൈതന്യം അറിയുവാന്‍ എളുപ്പമാണ്. അപ്രകാരമുള്ളവരെയാണ് ബ്രഹ്മജ്ഞാനികള്‍ എന്നു പറയുന്നത്. ഇത് ഉപനിഷദ് വിവരണങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന അതിഗഹനമായ ഈശ്വരസങ്കല്‍പമാണ്. ഊര്‍ജതന്ത്രത്തിന്റെ പിന്‍ബലമുള്ള ഈശ്വരചൈതന്യം.
സാമാന്യ വിദ്യാഭ്യാസമുണ്ടെങ്കില്‍പ്പോലും സാധാരണക്കാരന്, ബ്രഹ്മചൈതന്യജ്ഞാനം എളുപ്പമല്ലാത്തതിനാല്‍ കൂടുതല്‍ എളുപ്പമായ ഒരു ഈശ്വരരൂപം ചിന്താമണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാണ് പ്രപഞ്ചപുരുഷ വിശ്വരൂപം. ഭഗവദ് ഗീതയിലും വേദങ്ങളിലും ഈ പ്രപഞ്ച പുരുഷസങ്കല്‍പ്പം നിറഞ്ഞുനില്‍ക്കുന്നു. നിരന്തരം സ്വചൈതന്യത്തോടെ പ്രവര്‍ത്തിക്കുന്ന വിശ്വരൂപത്തെ ദിവ്യമായ ജ്ഞാന (അറിവിന്റെ) ദൃഷ്ടികൊണ്ടു മാത്രം ദര്‍ശനയോഗ്യമാകുന്നതാണ്, സനാതനധര്‍മ്മത്തിലെ ഈശ്വരവിവരണത്തിന്റെ മറ്റൊരടിസ്ഥാനം.
മനുഷ്യനിലെതന്നെ ചൈതന്യാംശത്തെ എടുത്ത് ആധുനിക ശാസ്ത്രം വിവരിക്കുന്ന മന്ത്ര-ശംഖ-വാദ്യ-ശബ്ദം-ഊര്‍ജം; അഗ്നിയുടെ താപവും, പ്രകാശം, പുഷ്പ-പത്രങ്ങളുടെ രാസ ഊര്‍ജം എന്നിവ നല്‍കി ക്ഷേത്രത്തിലൊരു ബിംബം പ്രതിരൂപമായി പ്രതിഷ്ഠിച്ച് അതിന്റെ മുമ്പില്‍ വന്നു നില്‍ക്കുന്നവര്‍ക്ക് യഥേഷ്ടം, ഈ ഊര്‍ജാംശത്തെ പകര്‍ന്നുകൊടുത്തുകൊണ്ട് ശാരീരികവും മാനസികവുമായി 'ചൈതന്യവത്കരണം' നടത്തുന്ന കേന്ദ്രമായിട്ടാണ് സനാതനധര്‍മ്മത്തിന് ക്ഷേത്രപ്രതിഷ്ഠ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ പഞ്ച ജ്ഞാനേന്ദ്രിയങ്ങളേയും പഞ്ചകര്‍മ്മേന്ദ്രിയങ്ങളേയും ഊര്‍ജസ്വലമാക്കുന്നതാണ് ക്ഷേത്രം.
പ്രപഞ്ചപുരുഷന്റെ ഭാഗമായ സൗരയൂഥത്തിന്റെ ഭാഗമായ ഭൂമിയുടെ ഭാഗമായ പര്‍വ്വതത്തിന്റെ ഭാഗമായ ശിലയെടുത്ത് മിനുക്കിയും മിനുക്കാതെയും, രൂപം നല്‍കിയും നല്‍കാെതയും നാം ആരാധിക്കുമ്പോള്‍ അത് അന്ധവിശ്വാസമല്ല, ഊര്‍ജപ്രസരണ സ്രോതസ്സാണെന്ന് ആധുനിക പഠനംകൂടി തെളിയിച്ചപ്പോള്‍ സനാതനധര്‍മ്മത്തിന്റെ ആത്മീയതയ്ക്ക് ഊര്‍ജശാസ്ത്രത്തിന്റെ സമ്പൂര്‍ണ പിന്‍ബലം വന്നുചേരുന്നു.
വൃക്ഷങ്ങളും മൃഗങ്ങളും മലദേവതകളും ഭൂമിയും സൂര്യനും സര്‍വ്വചരാചരങ്ങളും പ്രപഞ്ചദ്രവ്യത്തിന്റെയും പ്രപഞ്ചചൈതന്യത്തിന്റെയും ഭാഗമായതിനാല്‍ അവയെല്ലാം നമ്മുടെ മുമ്പിലെ ഈശ്വരാംശമായിത്തീര്‍ന്നു. പ്രപഞ്ചം ഈശ്വരരൂപത്തില്‍ കാണുമ്പോള്‍ പ്രപഞ്ചഭാഗങ്ങളും ഈശ്വരാംശം നിറഞ്ഞതാണല്ലോ.
പുരാണകഥകളിലൂടെ വിവിധ പ്രപഞ്ചചൈതന്യാംശങ്ങള്‍ക്കും, സാമൂഹിക നന്മകളായ ശക്തി, വിദ്യ, ഐശ്വര്യം, വിനയം എന്നിവയ്ക്കുമെല്ലാം സാധാരണക്കാര്‍ക്ക് മാനസിക-ചിന്താമണ്ഡലത്തില്‍ പ്രാപ്യമാംവിധം ഋഷിവര്യന്മാര്‍ രൂപകല്‍പന നല്‍കി. വിദ്യയും ശക്തിയും സമ്പത്തും ഒരേ വ്യക്തിയില്‍ കാണുന്നത് സര്‍വ്വസാധാരണമല്ല. അവ പരസ്പരം ഒരുമിച്ചുചേരില്ല എന്നത് കഥാരൂപത്തില്‍ നമ്മെ കഥകളിലൂടെ ഓര്‍മ്മിപ്പിച്ചു.
ഈശ്വരന്റെ ഭാഗമായ മനുഷ്യനെ അവതാരങ്ങളായി (താഴേക്ക് ഇറങ്ങിവന്ന ജ്യോതിരൂപങ്ങള്‍) ഉയര്‍ത്തി ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതും എന്തെല്ലാമാണെന്ന് പരോക്ഷമായി കാണിക്കുന്നു. അവതാരവും മര്യാദാപുരുഷനുമായ ശ്രീരാമന്റെ ജീവിത സന്ദേശത്തിലൂടെ ശ്രീരാമചരിത്രത്തിലൂടെ നമ്മുടെ പൂ
ര്‍വ്വിക ഋഷിവര്യന്മാര്‍ ചെയ്തത്. അതാണ് മനുഷ്യനായ രാമനെ വാല്മീകി രാമായണത്തിലൂടെയും, ഈശ്വരനായ അവതാരത്തെ അധ്യാത്മരാമായണം എന്ന പുരാണഭാഗത്തിലൂടെയും വിവരിച്ചു. അതുപോലെ മനുഷ്യനായ ശ്രീകൃഷ്ണനെ പുരാണമായ ശ്രീമദ് ഭാഗവതത്തിലൂടെയും വിവരിച്ചപ്പോള്‍ മനുഷ്യനന്മയുടെ പന്ഥാവുകള്‍ കര്‍മ്മ-ധര്‍മ്മ-ഉപദേശത്തിലൂടെ ജനഹൃദയങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. ഇത്രയുമാണ് ഭാരതീയ ഈശ്വരസങ്കല്‍പ ജ്ഞാനത്തിന്റെ സംക്ഷിപ്തം.
(സയന്‍സ് ഓഫ് ലിവിങ് എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment