ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 18, 2018

നവരാത്രി ഉത്സവത്തിന്റെ രഹസ്യാര്‍ഥങ്ങള്‍

പ്രയോജനമില്ലാത്തതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. അവ കാലത്തിന്റെ കുത്തൊഴുക്കില്‍ പാടേ ഇല്ലാതായിത്തീരും. എന്നാല്‍, അനാദികാലമായി നടന്നുവരുന്ന നവരാത്രി ഇന്നും ഭാരതത്തില്‍ നിലനില്‍ക്കുന്നു. നവരാത്രി ഒരു ഉത്സവമായാണ് നാം  കൊണ്ടാടുന്നത്. 'ഉത്സവം' എന്നാല്‍ ഉന്നതിയിലേക്കുള്ള പോക്കാണ്. ഔന്നത്യത്തില്‍ വിരാജിക്കുന്ന ഒരു സമൂഹത്തിന്റെ ചിഹ്നമാണ് ഉത്സവങ്ങള്‍. ആരോഗ്യം, ധനം, വിദ്യ, ബുദ്ധി എന്നീ കാര്യങ്ങളിലുള്ള ഔന്നത്യമെന്ന് അര്‍ഥം. ദുര്‍ബലത മരണംതന്നെയാണ്. ദൗര്‍ബല്യത്തെ മറികടക്കാനും ആത്മവിശ്വാസത്തെ സമാര്‍ജിക്കാനുമാണ് സാധന അഥവാ തപസ്സ് എന്ന കാഴ്ചപ്പാട് ഋഷിമാര്‍ മുന്നോട്ടുവെച്ചത്. അത്തരം തപസ്സിനുള്ള വേദിയാണ് ഉത്സവങ്ങള്‍. അത്തരമൊരു ഉത്സവമാണ് നവരാത്രിയും. ശരത്കാല ആരംഭത്തിലെ ആദ്യത്തെ ഒന്‍പതു ദിവസമാണ് നവരാത്രി. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പതു ദിവസങ്ങള്‍.


ജപ-ഹോമസ്വാധ്യായനിരതമായ സാധാനാപദ്ധതി നവരാത്രി ഉത്സവത്തിന്റെ പ്രധാന അംഗമാണ്. അതാകട്ടെ ഗുരു-ഗണപതി-സരസ്വതി എന്നീ മൂന്നു തത്ത്വങ്ങളില്‍ അധിഷ്ഠിതവുമാണ്. സാധനയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഈ ത്രിത്ത്വങ്ങളെ നാം നേരായ രീതിയില്‍ത്തന്നെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. 


ഗുരുതത്ത്വം
ഇന്നു നമ്മുടെ കേരളത്തില്‍ തീര്‍ത്തും ഇല്ലാതായ ഒന്നാണ് ഗുരുത്വം. അധ്യാപകനും ഗുരുവും രണ്ടാണ്. ഏതെങ്കിലും ഒരു വിഷയത്തെ പഠിപ്പിച്ചു തരുന്ന വ്യക്തിയാണ് അധ്യാപകന്‍, എന്നാല്‍ ഗുരുവാകട്ടെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അനുഭവത്തില്‍ വന്ന തത്ത്വങ്ങളെ തന്റെ ശിഷ്യനും അനുഭവവേദ്യമാക്കിക്കൊടുത്ത് അവനെ ആധ്യാത്മികോന്നതിയിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന ആളാണ്. നമ്മില്‍ പലരും പറയാറുണ്ട് 'മാതാ പിതാ ഗുരു ദൈവം' എന്ന്. അതായത് അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്ന്.
ആധ്യാത്മികമായ ജന്മം നല്‍കി, രണ്ടാമതും ജനിച്ചവനാക്കി ഒരുവനെ മാറ്റുന്ന ഗുരു അമ്മയേക്കാളും അച്ഛനേക്കാളും ആദരണീയനാണെന്നാണ് ഋഷിമാരുടെ അഭിപ്രായം. ഗുരുതത്ത്വത്തിന്റെ പ്രകടഭാവമാണ് ഓരോ ഗുരുവും. ഗുരു അപരിമേയനാണ്. ഒരുവന് വികസിക്കാനുള്ള അനന്തമായ സാധ്യതകളാണത്. ഓരോ ശിഷ്യന്റെയും കഴിവുകളും ദൗര്‍ബല്യങ്ങളും എന്തെന്ന് ഗുരുവിനേ അറിയൂ. അതുകൊണ്ട് തന്നെ ഓരോരുത്തരോടുമുള്ള ഗുരുവിന്റെ ഉപദേശങ്ങളും സമ്പര്‍ക്കരീതിയും ഓരോപോലെയായിരിക്കണമെന്നില്ല. എന്നാല്‍, തന്റെ ഗുരു ഇന്നതാണ്; അഥവാ താന്‍ ഗ്രഹിക്കുന്നതിനപ്പുറത്തേക്ക് ഗുരുവിന്റെ വ്യാപ്തി 
ഇല്ല എന്ന് ഒരു വ്യക്തി മനസ്സില്‍ അറിയാതെയെങ്കിലും ആ തത്ത്വത്തെ പരിമിതപ്പെടുത്തുന്ന പക്ഷം അതവന്റെ സര്‍വതോന്മുഖമായ വികാസത്തിന് തടസ്സമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുവിന്റെ അപരിമേയത്വത്തെ ഉള്‍ക്കൊള്ളേണ്ടത് ആത്മോന്നതിക്ക് വളരെ അത്യാവശ്യമാണ്. സമര്‍പ്പണഭാവമാണ് ഇതിന് അടിസ്ഥാനമായി വേണ്ടത്.


ഗണപതിതത്ത്വം
ഗുരുതത്ത്വം കഴിഞ്ഞാല്‍ പിന്നെയുള്ളത് ഗണപതിതത്ത്വമാണ്. ഏതൊരു വ്യക്തിയുടെയും പുരോഗമനത്തിനും ഉന്നതിക്കും തടസ്സങ്ങളുണ്ടാകാം. ഈ തടസ്സങ്ങള്‍ ഏറിയ കൂറും സ്വയം സൃഷ്ടിക്കുന്നവയായിരിക്കും. നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞുകൂടുന്ന പലതരത്തിലുള്ള ചിന്തകളും കണ്ടെത്തലുകളും നമുക്കുതന്നെ തടസ്സമായിവരാം. അത് അപകര്‍ഷതാബോധമാകാം, താന്‍പോരിമയുമാകാം. നമുക്ക് തടസ്സമായി അതുമാറും. ഈ തടസ്സങ്ങള്‍ ഇല്ലാതാകാന്‍ നാം
 തന്നെ പരിശ്രമിക്കണം. അതിനു സഹായിക്കുന്ന ഈശ്വരശക്തിയാണ് മഹാഗണപതി. ഗണപതി ദേവതയായുള്ള മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്, യജുര്‍വേദത്തിലുമുണ്ട്. ഈ പ്രപഞ്ചമൊന്നാകെ വ്യാപിച്ചിട്ടുള്ള മഹാഗണപതി പ്രപഞ്ചത്തെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്നുവെന്നാണ് യജുര്‍വേദം പറയുന്നത്. 
ഈ ബ്രഹ്മാണ്ഡത്തെ ഗര്‍ഭത്തില്‍ ധരിക്കുന്നതിനാ
ല്‍ ഗണപതിക്ക് കുടവയറുണ്ടായി. നിധിപതിയായതിനാല്‍ ആനത്തലയും. ആന ഏതു ചെറിയൊരു മൊട്ടുസൂചിപോലും തുമ്പിക്കൈകൊണ്ട് പെറുക്കി എടുക്കും. ഏതു ചെറിയ ശബ്ദംപോലും ആനച്ചെവി പിടിച്ചെടുക്കും. എന്നാല്‍ കണ്ണാകട്ടെ വളരെ ചെറിയതും. കാരണം സ്വയം ഉള്ളിലേക്ക് നോക്കാന്‍ എല്ലാവരും തയാറാകണം. ഏതു ചെറിയ കാര്യങ്ങളെയും ഒപ്പി എടുക്കാന്‍ ഗണപതി ഉപാസകന്‍ പ്രാപ്തനാകണം. ഇത്തരത്തിലുള്ള സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തില്‍, ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവന്റെയും ജീവിതരീതിയെ പാടേ മാറ്റിമറിക്കാന്‍ ഗണപതിയിലൂടെ ഹരിശ്രീ കുറിച്ചേ മതിയാകൂവെന്ന് പ്രാചീന ഗുരുക്കന്‍മാര്‍ പറഞ്ഞു. 


സരസ്വതീതത്ത്വം
ഗണപതിതത്ത്വം കഴിഞ്ഞാല്‍ പിന്നെ സരസ്വതീതത്ത്വത്തെയാണ് ഉപാസകന്‍ ഉള്‍ക്കൊള്ളേണ്ടത്. 
നമുക്ക് സമസ്ത വിദ്യകളും നേടാന്‍ സഹായിക്കുന്ന ഈശ്വരന്റെ ശക്തിതന്നെയാണ് ഇവിടെ സരസ്വതി. വേദങ്ങളില്‍ ഈശ്വരശക്തിയായ സരസ്വതിയെ വാണീപ്രചോദനത്തിന്റെ സ്രോതസ്സായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ജ്ഞാനവാരിധി എന്നുതന്നെ ഈ ശക്തിയെ വിശേഷിപ്പിക്കുന്നു. ശാസ്ത്രസാങ്കേതികതകളെല്ലാം ആര്‍ജിക്കുന്നതിന് ഈശ്വരന്റെ ജ്ഞാനശക്തി പ്രചോദനമാകട്ടെ എന്ന പ്രാര്‍ഥനയാണ് ആയുധപൂ
ജയില്‍ സരസ്വതി കടന്നുവരാന്‍ കാരണം. ഉപാസനയുടെ ദിവ്യലോകങ്ങളെ പ്രതീകവല്‍കരിക്കുന്നതാണ് സരസ്വതിയുടെ കൈയിലെ വീണ. 
ഋഗ്വേദത്തിന്റെ ശാംഖായന ആരണ്യകത്തിലുള്ള പ്രസ്താവന ഇങ്ങനെയാണ്.

''അഥേയം ദൈവീവീണാ ഭവതി,
തദനുകൃതിരസൗ മാനുഷീവീണാ ഭവതി''

മനുഷ്യശരീരത്തിന്റെ തലയ്ക്ക് സമാനമാണ് വീണയുടെ ശിരോഭാഗം. അതിനൊരു പിന്‍വശമുണ്ട്. മനു
ഷ്യന് നട്ടെല്ലും. വീണയ്ക്ക് ഉദരമുണ്ട് മനുഷ്യനുള്ളതുപോലെ. മുഖവും മൂക്കും കണ്ണും ഉള്ളതുപോലെ വീണയ്ക്ക് സുഷിരങ്ങളുണ്ട്. കമ്പികള്‍ക്ക് സമാനമായി നട്ടെല്ലിനുള്ളിലുള്ള ഇഡ, സുഷുമ്ന, പിംഗളനാഡികളും. ശരീരത്തിലെ ഏഴു നാഡീകേന്ദ്രങ്ങള്‍ യഥാക്രമം, സ, രി, ഗ, മ, പ, ധ, നി എന്നീ സപ്തസ്വരങ്ങളാണ്. അതായത് ഉപാസക ശരീരത്തെയും ഉപാസനയുടെ തലങ്ങളെയുമാണ് സാരസ്വതവീണ പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരനായാല്‍പോലും ഈ രീതിയില്‍ സരസ്വതിയെ ഉപാസിക്കുമ്പോള്‍ അയാളില്‍ ദൈവീവീണ പ്രവര്‍ത്തനമാരംഭിക്കുന്നു. അവന്റെ വാക്കുകള്‍ ദൈവീവാക് ആയി പരിണമിക്കുന്നു. വാക്കും പ്രവൃത്തിയുമെല്ലാം സാരസ്വതസംഗീതമായി മാറുന്നു.
ഇങ്ങനെ മൂന്നു തത്ത്വങ്ങളെ, ഗുരു-ഗണപതി-സരസ്വതി എന്നീ ത്രിത്വങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഉപാസന ആരംഭിക്കുവാനും ഉപാസകര്‍ക്ക് തങ്ങളുടെ ഉപാസന പുഷ്ടിപ്പെടുത്തുവാനും അതിലൂടെ വേദങ്ങളില്‍ പറയുന്ന ഭൗതികവും ആധ്യാത്മികവുമായ അഭിവൃദ്ധി നേടാനുമുള്ള സമയമാണ് നവരാത്രിദിനങ്ങള്‍.

ആചാര്യശ്രീ രാജേഷ്

No comments:

Post a Comment