ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 11, 2018

കർക്കടകം വരവായി കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?

മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്.   ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്.  ദഹനപ്രക്രിയ കുറവുള്ള മാസമാണ്.   ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്.   രണ്ടുനേരവും കുളി ആവശ്യമാണ്.   ക്ഷേത്രദർശനം നടത്തണം.   താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം.  

രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ.   11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാൻ. 

കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്.   ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്.   ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്.  രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം.   ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള് ചൊല്ലുന്നു.   ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു.   ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം.  ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്.   5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്.

ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്.   നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്.   ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു.   ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്.   ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്.  

ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്.   അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം.   പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി.   തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്.   വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്.

ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്.   സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും.   ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും.   വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്.   ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്.   ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല.  പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്.  നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു.   ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം.   യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.   വളരെ പണചിലവുമില്ല.   ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം.   ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു.   രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്.   മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.

ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഓം: നമോ: നാരായണായ.

No comments:

Post a Comment