ഡോ. ജയകൃഷ്ണൻ എഴുതുന്നു....
സന്തോഷവും സമൃദ്ധിയും എന്നും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മൾ അതിന്റെ പ്രതീകങ്ങളായി കൊണ്ടാടുന്ന ആചാരങ്ങളാണ് ഓരോ വിശേഷ ദിനങ്ങളായി അറിയപ്പെടുന്നത്.
സാധാരണയായി ഏതെങ്കിലും ആരാധനാമൂർത്തീ ഭാവങ്ങളുടെ ജന്മദിനമോ, അവതാര പുരുഷന്മാർ ദുഷ്ടനിഗ്രഹം ചെയ്തതിന്റെ ഓർമ്മക്കായോ ഒക്കെയാണ് ഹൈന്ദവർ ഇത്തരം ആചാരങ്ങൾ അനുഷ്ഠിച്ച് പോരാറുള്ളത്.... പക്ഷേ വിഷുവിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അങ്ങനെയൊന്നുമല്ല...
ഋതുഭേദങ്ങളുടെ അഥവാ കാലാവസ്ഥയുടെ അനുകൂലതയാൽ കാർഷിക സംസ്ക്കാരം അഭിവൃദ്ധി പ്രാപിക്കുന്ന മേട മാസക്കാലത്ത് പകലിന്റേയും രാത്രിയുടേയും ദൈർഘ്യം തുല്യമായി വരുന്ന ദിനമാണ് നാം വിഷു ആഘോഷിക്കുന്നത്. ഈ അർത്ഥം സൂചിപ്പിക്കുന്ന വിഷുവം എന്ന പദത്തിൽ നിന്നാണ് വിഷു എന്ന പദം ഉത്ഭവിച്ചത്.
ഓണം, തിരുവാതിര, ശിവരാത്രി, ദീപാവലി, പൂരങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ ആഘോഷങ്ങൾ എല്ലാം നക്ഷത്രം നോക്കി ആഘോഷിക്കുന്നതു കൊണ്ട് ക്രിസ്തുവർഷ കലണ്ടറുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ വർഷവും വ്യത്യസ്ത തിയതികളിൽ ആയിരിക്കും പ്രസ്തുത ദിനം വരുന്നത്. പക്ഷേ നക്ഷത്രം നോക്കാതെ മേടം ഒന്ന് എന്ന തിയതി നോക്കി ആഘോഷിക്കുന്നതിനാൽ വിഷു പതിവായി വരുന്നത് ഏപ്രിൽ 14 ന് തന്നെ ആയിരിക്കും.....
സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമ സമയം അസ്തമയത്തിന് ശേഷം വരുന്ന വർഷങ്ങളിൽ മാത്രം വിഷു ഏപ്രിൽ 15ന് ആയിരിക്കും.
ചിലർ ഇത് പുതുവർഷമായി ആഘോഷിക്കുന്നു . പുതിയ വർഷം മുഴുവൻ സമ്പൽ സമൃദ്ധമാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ആദ്യ ദിനത്തിലെ ആദ്യ കാഴ്ച സമൃദ്ധിയുടെ പ്രതീകമായ പദാർത്ഥങ്ങൾ തന്നെ ആകണമെന്ന ഉദ്ദേശത്തോട് കൂടിയാണ് നാം വിഷുക്കണി കാണുന്നത്.
വിഷുവിന് പ്രധാനം വിഷുക്കണിയും കണിയിൽ പ്രധാനം കൊന്നപ്പൂവും തന്നെയാണ്.
നമ്മുടെ ജീവൻ നിലനിൽക്കുന്നതിന്റെ കാരണം, നമ്മുടെ ജീവിത ലക്ഷ്യം കൂടിയായ ആഹാരം തന്നെയാണ്. കേരളീയർ പ്രധാനമായി അരി ഭക്ഷണപ്രിയർ ആയതിനാലാണ് ഉണക്കലരി കണി കാണുന്നത്. കൂടെ നമ്മുടെ ഇഷ്ട്ട വിഭവങ്ങളായ ചക്ക, മാങ്ങ, തേങ്ങ, നാരങ്ങ, ഓറഞ്ച്, ആപ്പിൾ, പഴം തുടങ്ങി എല്ലാ ഫലമൂലാദികളും പച്ചക്കറികളും കണി കാണാവുന്നതാണ്. ഇതെല്ലാം നമുക്ക് കനിഞ്ഞു തരുന്ന പ്രകൃതിയെ സ്മരിക്കാനും അതിന്റെ മനോഹാരിത ആസ്വദിക്കാനുമായി വിഷുക്കാലത്ത് മാത്രം പൂക്കുന്ന കർണ്ണികാര പുഷ്പങ്ങൾ അഥവാ കണിക്കൊന്ന പൂവുകൾ വിഷുക്കണിക്ക് മനോഹാരിത പകരുന്നു.
ഭക്ഷണം കഴിഞ്ഞാൽ പിന്നെ അത്യാവശ്യം വേണ്ടത് വസ്ത്രമാണ്. അതിനാൽ നല്ല പുത്തൻ വസ്ത്രവും കണികാണേണ്ടതാണ്.
ഭക്ഷണവും വസ്ത്രവും അടക്കം എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ സമ്പത്ത് നോട്ടുകൾ, സ്വർണ്ണ നാണയങ്ങൾ, മറ്റ് ലോഹ നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങി പല രൂപത്തിൽ കണി കാണണം.
സർവ്വ ധനാത് പ്രധാനമായ വിദ്യാധനം വരും വർഷത്തിലും പൂർവ്വാധികം സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെ പഴയ കാലത്ത് താളിയോല ഗ്രന്ഥങ്ങൾ കണി കണ്ടിരുന്നു. ഇന്നിപ്പോൾ താളിയോല ഇല്ലെങ്കിലും, സ്വന്തം മേഖല സംബന്ധിച്ച പാഠ പുസ്തകങ്ങൾ, ഭാഗവതാദി പുരാണ കൃതികൾ എന്നിവ കണി കാണേണ്ടത് ആവശ്യമാണ്.
അന്നം, വസ്ത്രം, ജ്ഞാനം, ധനം എല്ലാം ആയാൽ പോരല്ലോ.... ഇതെല്ലാം വേണ്ട സമയത്ത് വേണ്ട അളവിൽ ലഭിക്കാനും പ്രയോഗിക്കാനുമുള്ള ഒരു യോഗം വേണ്ടേ....? ആ യോഗമാണ് അനുഗ്രഹം. അതിന്റെ പ്രതീകമായി,
ഒരിക്കൽ പോലും കരയുകയോ തളരുകയോ കോപിക്കുകയോ ചെയ്യാതിരുന്ന പോസിറ്റീവ് എനർജി മാത്രം പകർന്നു തന്ന, എല്ലായ്പ്പോഴും ചിരിച്ച മുഖത്തോട് കൂടിയ സുന്ദരനായ നമ്മുടെ ഭഗവാൻ ശ്രീകൃഷ്ണന്റെ രൂപം കണികാണുന്നു. ആ കൃഷ്ണൻ മറ്റാരുമല്ല നമ്മൾ തന്നെയാണ് എന്ന അദ്വൈത സിദ്ധാന്തത്തിന്റെ പ്രതീകമായി
തൊട്ടപ്പുറത്തു തന്നെ കണ്ണാടിയും വേണം എന്നത് വിഷുക്കണി എന്ന ആചാരത്തെ യുക്തിഭദ്രമാക്കുന്നു.
കൂടാതെ നമുക്ക് ഐശ്വര്യം പകർന്നു തരുന്ന നമ്മുടെ കർമ്മ മേഖലയുമായി ബന്ധപ്പെട്ട എന്ത് വസ്തുവാണെങ്കിലും അതായത് എഴുത്തുകാർക്ക് പേന പോലെ, നർത്തകിക്ക് ചിലങ്ക പോലെ, ഗായകർക്ക് ശ്രുതിപ്പെട്ടി പോലെ, ഫോട്ടോഗ്രാഫർമാർക്ക് ക്യാമറ പോലെ, ഡ്രൈവർമാർക്ക് വാഹനത്തിന്റെ താക്കോൽ പോലെ അങ്ങനെ നമ്മുടെ എെശ്വര്യത്തിന് കാരണമായ എല്ലാ വസ്തുക്കളും നമുക്ക് കണികാണാവുന്നതാണ്.
നമ്മൾ ഉണ്ടാക്കിയ സമ്പത്ത് നമുക്ക് മാത്രം അനുഭവിക്കാനുള്ളതല്ല അത് നമ്മുടെ പിൻതലമുറക്കാർക്കും, നമ്മളെ ആശ്രയിച്ചു കഴിയുന്നവർക്കും അർഹമായ അളവിൽ പങ്കുവെക്കണം എന്ന മഹത്തായ ആശയമാണ് *വിഷുകൈനീട്ടം* എന്ന ആചാരത്തിലൂടെ നാം നിലനിർത്തുന്നത്. ഈ ആചാരം സ്വാർത്ഥന്മാർക്കുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ഓണത്തിന്റെ പോലെ തന്നെ വിഷുവിനും വിഷുക്കോടി, വിഷു സദ്യ തുടങ്ങിയവ ഒക്കെ വേണമെന്നാണ് പറയുന്നത്. പിന്നെ ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ ശബ്ദത്തിന്റേയും പ്രകാശവർണ്ണങ്ങളുടേയും സാന്നിദ്ധ്യം അനിവാര്യമായതിനാൽ പടക്കങ്ങൾ പൊട്ടിക്കുന്ന രീതിയും നിലവിലുണ്ട്. പക്ഷേ അത് ഒരു മത്സരമായി കണ്ട് സാമ്പത്തിക ദുർവ്യയവും, പാരിസ്ഥിതിക ഉപദ്രവവും സൃഷ്ടിക്കരുതെന്ന കാര്യം നാം മറന്നു പോകരുത്.....
ജ്യോതിഷത്തിന്റെ അടിസ്ഥാന ഘടകമായ പന്ത്രണ്ട് രാശികളിൽ പ്രഥമമായ മേടരാശിയുടെ ആരംഭം എന്ന നിലയിൽ വിഷു ദിവസത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ആ വർഷത്തെ പൊതുവായ ഫലങ്ങളും മറ്റും ജോത്സ്യന്മാർ പ്രവചിക്കുന്നതും അതുകൊണ്ടാണ്.
വ്യാപകമായി ഇല്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷുവിനോടനുബന്ധിച്ച് വിഷുവേലകൾ നടത്താറുണ്ട്. അതുപോലെ സദ്യക്കു പകരം വിഷുക്കഞ്ഞി കുടിക്കുന്ന സമ്പ്രദായവും പലയിടത്തും കണ്ടു വരുന്നു.
വിഷു എന്ന പേരിൽ കേരളത്തിൽ മാത്രമേ ആഘോഷിക്കുന്നുള്ളൂ എങ്കിലും വർഷപ്പിറപ്പ് എന്ന പേരിൽ തമിഴ്നാട്ടിലും ഈ ആഘോഷം നിലനിൽക്കുന്നു. അവിടെ കൊന്നപ്പൂ ഇല്ല എന്ന വ്യത്യാസം മാത്രം....
ഈ പുതുവർഷത്തിൽ
മാനസികമായും ധാർമ്മികമായും സാമ്പത്തികമായും എല്ലാ മലയാളികൾക്കും ഉയർച്ച മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ....
കടപ്പാട് .. ജയകൃഷ്ണൻ.
No comments:
Post a Comment