ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, March 19, 2018

ദേവമേളയിലെ  വൈകുണ്ഡദർശനവും  !

മഹത്തായ പാരമ്പര്യത്തിന്റെ ഒരുബാക്കിപത്രം ആണ് ഇന്നത്തെ പെരുവനം - ആറാട്ടുപുഴ പൂരങ്ങൾ . ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം എന്തോ ചില ദുർനിമിത്തങ്ങൾ കണ്ടത് കൊണ്ട് ഒരു ദിവസത്തെ പൂരം ആക്കി മാറ്റിയതാണ് ഇന്ന് കാണുന്ന പെരുവനം പൂരം  . പഞ്ചാരിയുടെയും, നെറ്റിപട്ടത്തിന്റെയും പരീക്ഷണ വിജയങ്ങളുടെ അവകാശം പെരുവനത്തിനു സ്വന്തം. പ്രസിദ്ധമായ പെരുവനം പൂരത്തിന്റെ ആറാട്ട്‌ ആണ് ആറാട്ടുപുഴയിൽ നടന്നിരുന്നത്.അത്  കാലത്തിന്റെ മാറ്റത്തിൽ ദേവമേളയായി രൂപാന്തരപെട്ട് ഒന്നും കൂടി പ്രസിദ്ധിയാർജ്ജിച്ചു  .അതിന്റെ സ്മരണ നില നിറുത്തുന്നതിനായി  ഇരുപത്തിയെട്ടു ദിവസം മുമ്പ്  ചേർപ്പ്‌ ഭഗവതിക്ഷേത്രത്തിൽ  കൊടിമരം നാട്ടി പിറ്റേദിവസം  തിരുവിള്ളക്കാവ് ക്ഷേത്രത്തിൽ  പൂരത്തിന് കൊടികയറുന്നു.  തൃപ്രയാർ തേവരുടെയും , ചേർപ്പ്‌ ഭഗവതിയുടെയും , ഊരകം അമ്മതിരുവടിയുടെയും മീന മകീരത്തിലെ പൂരം പുറപ്പാടോട് കൂടി തുടങ്ങുന്ന പത്തു ദിവസത്തെ പൂരക്കാലം ആയി പഴയ പെരുവനം പൂരം ചുരുങ്ങി എങ്കിലും അത് പഴയകാല പ്രൗഡിയോടെ തന്നെ നിൽക്കുന്നു.

ശാന്തത കളിയാടി നിൽക്കുന്ന അതികൂറ്റൻ ക്ഷേത്രമതിൽക്കകം, വിസ്മയിപ്പിക്കുന്ന വിളക്കുംമാടം , രാജകീയപ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ക്ഷേത്രം  അതിലേറെ ശാന്തനായ ഇരട്ടയപ്പൻ . അതാണ്‌ പെരുവനം ക്ഷേത്രം .  തികഞ്ഞ ആനകൾ, അതിമാനോഹരങ്ങൾ ആയ ആന ചമയങ്ങൾ, അതിലേറെ തികഞ്ഞ മേളക്കാര് , , മുല്ല മൊട്ട് പോലെ പ്രകാശിക്കുന്ന പന്തങ്ങൾ പൂരത്തിന് മാത്രം ആയി നിർമ്മിച്ചതാണോ എന്ന് തോന്നിക്കുന്ന ഇടവഴി , പ്രൗഡമായിട്ടുള്ള സദസ്സ് , ഇതെല്ലം പെരുവനത്ത് മാത്രം കാണുന്ന ഒരു പൂര കാഴ്ച . വലിയ ആർഭാടങ്ങൾ ഇല്ലാതെ  ഇത്രയും ലളിതമായിട്ടുള്ളതും അതിമനോഹരം ആയ ഒരു  ഒരു പൂരം വേറെയുണ്ടോ എന്ന് തന്നെ സംശയം  .

ഒരു കാലത്ത് മത്സരത്തിനും തമ്മിൽ തമ്മിൽ ഉള്ള വടം വലിക്കും കേളികേട്ട പൂരം കൂടി ആയിരുന്നു. നിബന്ധനകളും നിയമങ്ങളും , അതിലേറെ മത്സരവും ഉള്ളതാണ് പെരുവനം പൂരം.  നെട്ടിശ്ശേരി ശാസ്താവ് വന്നു കയറിയാൽ പിന്നെ ആർക്ക് വേണമെങ്കിലും ചെന്ന് കയറാം , ചേർപ്പ്‌ ഭഗവതി വന്ന് ഇറങ്ങുന്നതിനു മുൻപ് എല്ലാവരും ഇറങ്ങുകയും ചെയ്യണം എന്ന നിബന്ധനയോടെ ആണ് പൂരം തുടങ്ങുന്നതും അവസാനിക്കുന്നതും. വൈകീട്ട് നാല് മണിയോടെ ക്ഷാരിക്കൽ ഭഗവതിയുടെ പഞ്ചാരിയോടെ പെരുവനം പൂരം തുടങ്ങുന്നു . അത് കഴിയുമ്പോഴേക്കും മതിൽക്കകത്ത്‌ ആറാട്ട്‌ പുഴ ശാസ്താവിന്റെ  മേളത്തിന് .കാലമിടുന്നു. പാണ്ടി തുടങ്ങി അവർ നടവഴിയിലേക്ക് ഇറങ്ങുമ്പോൾ മറ്റേ അറ്റത്തു ചാത്തക്കുടം ശാസ്താവ്,തെട്ടിപ്പാൾ ഭഗവതിയുമായി കൂട്ട് ചേർന്ന് പഞ്ചാരി തുടങ്ങുന്നു. ആദ്യം ആറാട്ട്‌ പുഴയുടെയും, പിന്നെ ചാത്തകുടത്തിന്റെയും മേളം അവസാനിക്കുന്നു . ഇതിനടയിൽ ദേവി ദേവന്മാർ മേളങ്ങൾക്ക് ഇടയിലൂടെ കയറി പോകുന്നതും ഇറങ്ങി പോകുന്നതും കാണാം. പിന്നെ  ചാത്തക്കുടം ശാസ്താവുമായി ചേർന്ന് അമ്മതിരുവടിയുടെ പൂരം. തന്റെ പൂരം കഴിഞ്ഞ  ചാത്തക്കുടം ശാസ്താവ്  തൊട്ടിപ്പാൾ ഭഗവതിയെ ഇരട്ടയപ്പന്റെ അടുത്ത് കൊണ്ടാക്കി തിരിച്ചു വന്ന്  കൂട്ട് നിന്നിട്ടേ അമ്മതിരുവടിക്ക് പൂരം തുടങ്ങാനും നടവഴിയിലേക്ക് കയറാനും പാടുള്ളൂ. പിന്നെ അമ്മതിരുവടിയുടെ  പഞ്ചാരി . ഈ മേളം പകുതി ആവുമ്പോൾ മതികകത്ത് നെട്ടിശ്ശേരി ശാസ്താവിന്റെ നേതൃത്ത്വത്തിൽ പതിനൊന്നു ദേവിദേവന്മാർ കൂട്ടി എഴുന്നെള്ളിച്ചു പഞ്ചാരിയോടെ പെരുവനം വിളക്ക് . ഇതേ സമയം ചേർപ്പ്‌ ഭഗവതി പഞ്ചവാദ്യവും ആയി പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തിയിട്ടുണ്ടാകും . ചേർപ്പ്‌ പഞ്ചവാദ്യം കഴിഞ്ഞ് അകത്തു വരുമ്പോഴേക്കും മറ്റുള്ളവർ ഇറങ്ങിക്കോളണം. ചേർപ്പ്‌ ഭഗവതി നടവഴിയിൽ പഞ്ചാരി കലാശിപ്പിക്കുന്നത് കാണാൻ തലേന്നു  ആറാട്ട്‌പുഴ ശാസ്താവിന്റെ  മേളത്തിന്  കാലം ഇടുന്നത് കണ്ടു ഉറങ്ങാൻ പോയ സുര്യഭഗവാൻ ഉറക്കച്ചുവടുമായി അങ്ങ് ദൂരെ വന്നുനിൽക്കുന്നുണ്ടാകും.

ഏതു പഞ്ചാരി ആണ് കേമം എന്ന് പറയാൻ  പറ്റാത്ത അത്ര അതിഗംഭീരങ്ങളായ പഞ്ചാരികൾ ആണ് പെരുവനം നടവഴിയിലേത്  . ഇനി ഇതിനേക്കാൾ മറികടക്കുന്നതാണോ നടവഴിയിലെ ആറാട്ട്‌പുഴ ശാസ്താവിന്റെ   ആ  ഒരു പാണ്ടിമേളം എന്നും പറയാൻ വിഷമം ആണ് . എല്ലാം കണ്ടു തീരുമാനിക്കുക തന്നെ വേണം പ്രസിദ്ധങ്ങളായ ആനകൾ തന്നെ ആണ് അവിടെ അണിനിരന്നിരുന്നതും ഇപ്പോൾ നിരക്കുന്നതും . പെരുവനം നടവഴിയിൽ മേളം കൊട്ടിയാലെ  മേളക്കാരൻ ആവുള്ളു .പെരുവനം നടവഴിയിൽ മേള പ്രമാണി ആയാൽ മാത്രേ മേളപ്രമാണിയായി അഗീരിക്കുകയുള്ളൂ. .  മഹാരഥന്മാർ ആയ മേളപ്രമാണിമാർ നിറഞ്ഞാടിയ നടവഴി കൂടി ആണ് പെരുവനം നടവഴി ...

പെരുവനം പൂരത്തിന്റെ ആറാട്ട്‌ എവിടെവേണം എന്നുള്ള പിടിക്ക പറമ്പിൽ ശങ്കരനോട് ചോദിക്കാൻ പോകുന്നു എന്ന സങ്കൽപ്പത്തിൽ ഉള്ള  പിടിക്കപറമ്പ് പൂരവും ആനയോട്ടവും  അത് കഴിഞ്ഞ് ദേവമേള എങ്ങനെ അതിഗംഭീരമാക്കണം ,അതിനു ആരോയൊക്കെ ക്ഷണിക്കണം എന്നുള്ള കൂടിയാലോചനയും എന്ന സങ്കൽപ്പത്തിലുള്ള തറക്കൽ പൂരത്തിനും മാറ്റങ്ങൾ ഒന്നും ഇല്ല്യാതെ നടന്നു വരുന്നു .

തൃപ്രയാർ തേവരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് ദേവമേള എന്ന സങ്കൽപ്പത്തിലുള്ള   ആറാട്ടുപുഴ പൂരം. ഭൂലോകവൈകുണ്ഡദർശനം എന്നാണു ഈ കൂട്ടിയെഴുന്നെള്ളിപ്പ് അറിയപ്പെടുന്നത്.ആറാട്ടുപുഴ പൂരം ചരിത്ര പ്രസിദ്ധം ആയത് തന്നെ ഇതുകൊണ്ടാണ് . . തൃപ്രയാർ തേവർക്ക് ആണ് ദേവമേളയുടെ നെടുനായകത്വം.ശ്രീരാമ സങ്കൽപ്പത്തിൽ ആണ് തൃപ്രയാർ തേവരുടെ പ്രതിഷ്ഠ.അതും മഹാരാജാവായിട്ടുള്ള ശ്രീരാമന്റെ.അവിടുത്തെ നിത്യനിതാനപൂജയും മറ്റുള്ള ചടങ്ങുകളും എഴുന്നെള്ളിപ്പും എല്ലാം ഒരു മഹാരാജാവിനു വേണ്ട  രാജകീയപ്രൗഡിയോടെ ആണ്. തേവരുടെ പൂരം പുറപ്പാടും ദേവമേളക്കുള്ള അദ്ധേഹത്തിന്റെ വരവും രാജകീയപ്രൗഡിയിൽ തന്നെ ആണ് .

മീന മാസത്തിലെ മകീരം നാളിൽ ആണ് പൂരത്തിനുള്ള തേവരുടെ പുറപ്പാട് . അതും കർക്കടകം രാശിയിൽ . , വേണ്ടപെട്ടവർ എല്ലാവരും എത്തിയോ , ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടോ, സങ്കടക്കാര് ആരെങ്കിലും ഉണ്ടോ എന്നൊക്കെ വിളിച്ചു ചോദിച്ചിട്ടാണ് പാണി കൊട്ടുക .അതുണ്ടെങ്കിൽ അത് മാറ്റിയിട്ടേ പാണി കൊട്ടുള്ളൂ എന്നാണ് പറയുന്നത് . പാണി കൊട്ടി മന്ധപത്തിൽ ഇറക്കി വച്ച് , ബ്രാഹ്മണിയമ്മ പാട്ട്. അത് കഴിഞ്ഞ് മണ്ഡപത്തിൽ പറ . അതിവിശേഷം ആണ് ആ സമയത്ത് മണ്ഡപത്തിൽ പറ നിറക്കുന്നത് . പിന്നെ പ്രസിദ്ധമായ പുറപ്പാട് , രണ്ടു നേരവും ആറാട്ട്‌ പല സ്ഥലങ്ങളിൽ , അതിനിടയിൽ കൃഷിയുമായി ബന്ധപെട്ട ചില കാര്യങ്ങൾ ഒക്കെയായി അങ്ങിനെ പൂരം വരെ .പിന്നെ ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് എത്തി കൂട്ടി എഴുന്നിള്ളിപ്പും ആറാട്ടും കഴിഞ്ഞ് അടുത്ത പൂരം തിയതി അറിയിച്ച് തൃപ്രയാറിൽ മടങ്ങി ചെന്ന് അവിടെ ഉത്രം വിളക്കോടെ സമാപനം .

.  സന്ധ്യ മുതൽ പാടത്ത്പഞ്ചാരിയോടെ ആദ്യം ആറാട്ടുപുഴ ശാസ്താവിന്റെ പൂരം. പിന്നെ ചെറിയ ഒരു വെടികെട്ട്.അതുകഴിഞ്ഞ് തൊട്ടിപ്പാൾ ഭഗവതിയെ കൂട്ടിയുള്ള ചാത്തകുടം ശാസ്താവിന്റെ പഞ്ചാരി, നെട്ടിശ്ശേരി ശാസ്താവിന്റെ പാണ്ടി, എടക്കുന്നി ഭഗവതിയുടെ പഞ്ചാരി, അന്തിക്കാട് ഭഗവതിയും, ചൂരക്കോട് ഭഗവതിയും ചേർന്നുള്ള പഞ്ചാരി, പൂനിലാർക്കാവ് ഭഗവതിയും,ചാലക്കുടി പിഷാരിക്കൽ ഭഗവതിയും,കടുപ്പശ്ശേരി ഭഗവതിയും ചേർന്നുള്ള പഞ്ചാരി.കോടന്നൂർ,നാംങ്കുളം,ചക്കംകുളം,ചിറ്റിചാത്തകുടം,മേടംകുളം,കല്ലേലി ശാസ്താക്കന്മാരുടെയും,അയ്‌കുന്ന്,തൈക്കാട്ടുശ്ശേരി ഭഗവതിമാരുടെയും നിയമപ്രകാരം ഉള്ള കയറ്റിറക്കങ്ങൾ, ഇതിനടിയിൽ വിഷഹാരിണിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതി പുഴയിൽ പോയി ആറാടി വന്നാൽ പിന്നെ മറ്റുള്ള ഭഗവതിമാർ ഓരോരുത്തരായി പോയി ആറാട്ട്‌.തേവര് വരുമ്പോഴേക്കും ഇതെല്ലം കഴിഞ്ഞിരിക്കും.

 
തൃപ്രയാർ തേവർ തന്റെ ഗുരുവിനെ കാണാൻ വരികയാണ് എന്നുള്ള ഒരു സങ്കല്പം കൂടി ദേവമേളക്കുണ്ട്. ഗുരു കാത്തു നിൽക്കുന്ന വിവരം അറിഞ്ഞത് കൊണ്ട് ആവാം തേവര് തൃപ്രയാറു നിന്ന് ശരവേഗത്തിൽ ആണ് വരിക . ഗുരുവിനെ അധികം കാത്തു നിറുത്താതിരിക്കാനും,മറ്റുള്ളവർ തന്നെ കാത്തു നിൽക്കുകയാണ്‌ എന്നുള്ള വ്യഗ്രതയും ആവാം ഇതിനു പിന്നിൽ ..

ആറാട്ടുപുഴ ശാസ്താവിന്റെ പ്രതിഷ്ഠ  വസിഷ്ഠ ഗുരു എന്ന സങ്കൽപ്പത്തിൽ ആണ് . ശ്രീരാമന്റെ  ഗുരു കൂടി ആണല്ലോ വസിഷ്ഠ മഹർഷി.പൂരത്തിന്റെ ആതിതേഥെയനും കൂടിയായ ആറാട്ടുപുഴ ശാസ്താവ് ശിഷ്യനും, മഹാരാജാവും ആയ ശ്രീരാമനെ സ്വീകരിക്കാൻ എന്ന സങ്കൽപ്പത്തിൽ ആണ് തന്റെ പൂരം കഴിഞ്ഞാൽ നിലപാട് തറക്കൽ നിൽക്കുന്നത്. അതിനടിയിൽ ആറാട്ടുപുഴ ശാസ്താവും , ചാത്തകുടം ശാസ്താവും എടക്കുന്നി ഭഗവതിയും കൂടി തേവര് ആറാട്ടുപുഴയിൽ എത്താറായി എന്ന് എല്ലാവരെയും അറിയിക്കുന്ന പട്ടിണി ശംഖു്എന്ന ചടങ്ങ് ഒരു ചെറിയ കൂട്ടി എഴുന്നെള്ളിപ്പ് രൂപത്തിൽ നടക്കും പിന്നെ എടക്കുന്നി ഭഗവതിയെ സാക്ഷിയാക്കി നിലപാട് നിൽക്കാൻ ചാത്തകുടം ശാസ്താവിനെ ഏൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ്അകത്തു പോകും.  എടക്കുന്നിയുടെ ഉപചാരവും അവിടെ കഴിയും പിന്നെ ആറാട്ട്‌ കഴിഞ്ഞ് സ്വദേശത്തേക്ക് .

തേവർ കൈതവളപ്പിൽ എത്തിയാൽ ആദ്യം ആയിരത്തിയൊന്നു കതിനാവെടികൾ മുഴങ്ങും. അത് കഴിഞ്ഞാൽ കൂട്ടിയെഴുന്നെള്ളിപ്പിനുളള ഒരുക്കങ്ങൾ തുടങ്ങുകയായി. സർവ്വശക്തയും ഭൂമിദേവിയും ആയ ചേർപ്പ്‌ ഭഗവതി നാല്പതോളം ആനകളുടെ അകമ്പടിയോടെ തൃപ്രയാർ തേവരുടെ വലതും, രാജരാജേശ്വരിയും ലക്ഷ്മി ദേവിയും ആയ ഊരകത്തമ്മതിരുവടി, പൂരത്തിന്റെ മുഴുവൻ ചുമതലയും ഉള്ള അതിശക്തനായ ചാത്തകുടം ശാസ്താവിന്റെ കൂടെ അത്രതന്നെ ആനകളുമായി തൃപ്രയാർ തേവരുടെ ഇടതുമായി നിരന്നാൽ കൂട്ടിയെഴുന്നെള്ളിപ്പ് തുടങ്ങായി. പിന്നെ ചേർപ്പിന്റെയും ഊരകത്തിന്റെയും മേള പ്രമാണിമാർ പാണ്ടി മേളത്തിന് കാലമിടുന്നു. മുത്തു കുടകൾ നിവർത്തി വെഞ്ചാമരവും ആലവട്ടവും വീശി പാണ്ടി മേളത്തിന്റെ നാദധാരയിൽ , എൺപതോളം ആനകൾ നിരന്നു നിൽക്കുന്നതിന് മുകളിലേക്ക് ഉദയസൂര്യൻ തന്റെ പൊൻകിരണങ്ങൾ വാരി വിതറുന്നത് അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ്. അടിവച്ചടിവച്ച് താളത്തിൽ മുന്നേറി പാടവരമ്പ് അവസാനിക്കുന്നിടത്ത് നിന്ന് ദേവിദേവന്മാർ ആറാട്ട്‌ കടവിലേക്ക് നീങ്ങുന്നു .

മുപ്പത്തിമുക്കോടി ദേവതകളും, അവരുടെ ഭൂതഗണങ്ങളും. യക്ഷികളും, ഗന്ധർവ്വന്മാരും, പിതൃക്കളും, പിതാമഹന്മാരും മനുഷ്യ മഹാസമുദ്രത്തോടൊപ്പം സാക്ഷിയായിട്ടുള്ള ഈ കൂട്ടിയെഴുന്നെള്ളിപ്പ് വന്നു കണ്ടിട്ടാണ്" ഇതാണ് സാക്ഷാൽ വൈകുണ്ഡം"എന്ന്  വില്വമഗലം സ്വാമിയാർ പറഞ്ഞത്.

തേവര് ആറാട്ട്‌ കഴിഞ്ഞു വരുമ്പോഴേക്കും മറ്റുള്ള ദേവിദേവന്മാർ ആറാട്ടുപുഴ ശാസ്താവിനോട് യാത്ര പറഞ്ഞു പോകും തേവര് വന്ന് അടുത്ത കൊല്ലം പൂരം നടത്തേണ്ട തിയ്യതി അറിയിച്ചാൽ ആറാട്ടുപുഴ ശാസ്താവ് എഴുകണ്ടം വരെ അനുഗമിച്ച്തേവരെ യാത്രയാക്കുന്നതോടെ ദേവമേളക്ക് തിരശീല വീഴും.

തേവരുടെ കൂട്ടി എഴുന്നെള്ളിപ്പ് കാണുന്നത് വൈകുണ്ഡദർശനത്തിനു സമാനമാണ് എന്നും   പ്രദക്ഷിണം വച്ച് തൊഴുന്നത് സമസ്ത പാപപരിഹാരത്തിന് ഉപകരിക്കുമെന്നും പറയപെടുന്നു .

പെരുവനം പൂരം  2018 മാർച്ച്‌ 26

ആറാട്ടുപുഴ പൂരം  2018 മാർച്ച്‌  29

No comments:

Post a Comment