ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, February 18, 2018

മരണമണി - അമൃതവാണി

മനഃസാക്ഷിയെ തീരെ മറക്കുന്നതാണപകടം. ഗുരുത്വമെന്ന മൂന്നക്ഷരം പോയാല്‍ എല്ലാം പോയി. ഹൃദയത്തില്‍ ഒരു മൂലയ്ക്ക്‌ പ്രതിഷ്ഠിച്ച ഗുരുവിന്റെ മൂര്‍ത്തിയെ എപ്പോഴുമില്ലെങ്കില്‍ ഇടയ്ക്കെങ്കിലും ഒന്നു നോക്കുന്നുണ്ടെന്ന്‌ വന്നാല്‍ അത്രയ്ക്ക്‌ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌; രക്ഷയ്ക്ക്‌ സാധ്യതയുണ്ട്‌. എന്നാല്‍ അഹങ്കാരത്തിനത്‌ സഹിക്കുകയില്ല. ഗുരുവിന്റെ നേര്‍ത്ത സ്വരം കേള്‍ക്കുമ്പോള്‍ പോലും തന്റെ മരണമണി മുഴങ്ങുന്നതായിട്ടാണ്‌ അഹങ്കാരത്തിന്‌ തോന്നുന്നത്‌. അതുകൊണ്ട്‌ ഏതുവിധത്തിലും മനഃസാക്ഷിയുടെ ശബ്ദത്തിന്‌ ചെവി കൊടുക്കാതിരിക്കാന്‍ അഹങ്കാരം നമ്മെ പ്രേരിപ്പിക്കും. ആദ്യമാദ്യം മനഃസാക്ഷിയുടെ മുന്നറിയിപ്പ്‌ നമ്മള്‍ കേട്ടാലും കേട്ടില്ലെന്ന്‌ നടിക്കും. പിന്നെപ്പിന്നെ തീരെ കേള്‍ക്കാതെയാകും. ഗുരു ഒരിക്കലല്ല, നൂറുതവണ നമുക്ക്‌ പല രീതിയിലും സൂചനകള്‍ തരാതിരിക്കില്ല.
എന്നാല്‍ നമ്മള്‍ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍, ഗുരുവിന്‌ നേരെ വാതില്‍ തീര്‍ത്തും കൊട്ടിയടച്ചാല്‍ അദ്ദേഹമെന്തുചെയ്യും? അഹങ്കാരം തെളിക്കുന്ന വഴി വിശാലമാണ്‌, ആകര്‍ഷകമാണ്‌. അതുവഴി യാത്ര ചെയ്യാനെളുപ്പമാണ്‌. അതിന്റെ അന്ത്യം മരണമാണെങ്കില്‍ക്കൂടി. മറിച്ച്‌ ഗുരുവിന്റെ വഴി കുറച്ചുക്ലേശകരമാണ്‌, ഏകാന്തമാണ്‌, ധീരന്മാര്‍ക്കു മാത്രമുള്ളതാണ്‌. ഇച്ഛാശക്തിയും പ്രയത്നവും കൂടാതെ ആര്‍ക്കും ആ പാതയില്‍ മുന്നേറാനൊക്കില്ല.



– മാതാ അമൃതാനന്ദമയീദേവി

No comments:

Post a Comment