ചിന്താരഹിതമായ തലത്തില്‍ നിന്ന് ഒരുപടി താഴെ വന്നിട്ടാണ് മഹാത്മാക്കള്‍ ഇരുളില്‍ ഉഴലുന്നവരെ കൈപിടിച്ച് കരേറ്റുന്നത്. ഒരു പടിയെന്നല്ല, ഓരോത്തരുടെയും മനോനിലയ്‌ക്കൊത്തു പല പടി അവര്‍ ഇറങ്ങി വരണം. അവര്‍ക്കതിന്റെ ആവശ്യമില്ല, ആഗ്രഹവുമില്ല. അവര്‍ അനന്തതയുമായി ഒന്നായവരാണ്.
എതിരറ്റ ശുദ്ധബോധത്തില്‍ നില്‍ക്കുന്ന അവരീ ലോകത്തെക്കുറിച്ചെന്തിന് ചിന്തിക്കണം? ആരെയാണവര്‍ക്ക് തന്നില്‍ നിന്നന്യരായി കാണാനുള്ളത്? ആ ഐക്യത്തില്‍ വിചാരവും വികാരവുമൊന്നുമില്ല. അവിടെ കാരുണ്യമില്ല, കാഠിന്യവുമില്ല. ദുഃഖിക്കുന്ന മനുഷ്യരാശിക്ക് ആശ്രയമരുളുന്ന ഒരു മനസ്സ് അവര്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സ്‌നേഹവും കരുണയും ഇഴചേര്‍ത്ത് ഒരു മനസ്സ് അവര്‍ നെയ്‌തെടുക്കുകയാണ്. അവ പ്രകടമാക്കാനുതകുന്ന ശരീരവും അവരുടെ സ്വേച്ഛകൊണ്ട് ഉണ്ടാക്കിയതാണ്. കാരുണ്യത്തിന്റെ തേരിലേറിയാണ് മഹാത്മാക്കള്‍ സാധാരണ മനുഷ്യന്റെ ബോധതലത്തിലേക്കിറങ്ങിവരുന്നത്. എന്തിനാണ്, ആര്‍ക്കുവേണ്ടിയാണവരീ ചെയ്യുന്നത്? അത് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment