ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, February 13, 2018

രൈവതകം - ദേവീ ഭാഗവതത്തിലെ ഒരു കഥ



        പണ്ട് ഋതവാക്ക് എന്നപേരില്‍ ഒരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിനു ഒരു പുത്രനുണ്ടായി. അദ്ദേഹം അവനുവേണ്ട ജാതകര്‍മ്മങ്ങളെല്ലാം യഥാവിധി നടത്തി. എന്നാല്‍ ആ പുത്രന്റെ ജനനം മുതല്‍ മുനിയ്ക്ക് ആകുലതകള്‍ ഒഴിഞ്ഞ നേരമില്ല എന്നതായി അവസ്ഥ. കുട്ടിയുടെ മാതാവിനെ രോഗവും മുനിയെ ക്രോധലോഭാദികളും പിടികൂടി. ഏതോ മുനിപുത്രന്റെ ഭാര്യയെ ഈ മകന്‍ കട്ടു കൊണ്ടുപോവുകയും ചെയ്തു. 


‘എന്റെ മകനിങ്ങിനെ ദുര്‍ബ്ബുദ്ധിയാകാന്‍ കാരണമെന്ത്’ എന്നദ്ദേഹം ചിന്തിച്ചു വിഷമിച്ചു. കുപുത്രനായി ഒരാള്‍ ഉള്ളതിനേക്കാള്‍ നല്ലത് അനപത്യതയാണെന്ന് മുനി വിഷണ്ണനായി ആത്മഗതം പറഞ്ഞു.


സ്വര്‍ഗ്ഗത്തില്‍ എത്തിയ പിതാമഹാന്മാരെ നരകത്തിലേയ്ക്ക് നയിക്കാന്‍ ഇങ്ങിനെ ഒരൊറ്റ പുത്രന്‍ മതി. ഇഹലോകത്തിലും അവന്‍ മാതാപിതാക്കളെ ദുഖിപ്പിക്കും. അവനെക്കൊണ്ട് യാതൊരുപകാരവുമില്ല. എന്നാല്‍ മാതാപിതാക്കന്മാര്‍ക്ക് സുഖവും അന്യന്മാര്‍ക്ക് ഉപകാരവും ചെയ്യുന്ന സദ്‌സന്താനങ്ങളുള്ളവര്‍ തികഞ്ഞ ഭാഗ്യവാന്മാര്‍ തന്നെയാണ്. കുപുത്രന്‍ കുലം മുടിക്കും. കീര്‍ത്തിയ്ക്ക് കളങ്കം വരുത്തും. ഇഹലോകത്തും പരലോകത്തും ദുഖമാണ് അവന്‍ നല്‍കുക. കുപുത്രന്‍ കുലവും, കുഭാര്യ ജന്മവും കുമിത്രം സുഖവും നശിപ്പിക്കും. കുഭുക്തിയാല്‍ അന്നത്തെ ദിവസം തന്നെ പോക്കാവും.



ദുഖിതനായ മുനി, ഗര്‍ഗ്ഗമുനിയോട് ഉപദേശമാരാഞ്ഞു. ‘അങ്ങ് ജ്യോതിശാസ്ത്രം അറിഞ്ഞവനാണല്ലോ. എന്താണെന്റെ പുത്രന്റെ ദുര്‍ന്നടത്തയ്ക്ക് കാരണം? ഞാന്‍ ബ്രഹ്മചര്യം വിധിയാംവണ്ണം ചെയ്ത് വിധിപോലെ വിവാഹിതനായതാണ്. ഗൃഹസ്ഥന്‍ ചെയ്യേണ്ട അനുഷ്ഠാനങ്ങള്‍ ഉചിതമായി ചെയ്യുന്നുമുണ്ട്. ഞാന്‍ പുത്രോല്‍പ്പാദനം ചെയ്തത് കാമം തീര്‍ക്കാനല്ല, മറിച്ച് നരകഭയം ഉള്ളതുകൊണ്ടാണ്. എന്നാല്‍ ഇങ്ങിനെയൊരു പുത്രന്‍ എനിക്കുണ്ടായത് എന്റെ കുറ്റമോ അതോ മാതൃദോഷമോ?’
ഗര്‍ഗ്ഗമുനി പറഞ്ഞു: ഇതില്‍ അങ്ങേയ്‌ക്കോ പത്‌നിക്കോ കുറ്റമില്ല. അവന്റെ ജനനം രേവതിയുടെ അന്ത്യത്തിലുള്ള ഗണ്ഡാന്തത്തിലായതാണ് ഈ ദുസ്വഭാവത്തിന്റെ കാരണം. ഈ ദുഃഖം നിവര്‍ത്തിക്കാന്‍ ഭഗവതിയെ ആരാധിക്കുക എന്നൊരു മാര്‍ഗ്ഗമേയുള്ളു.’



ഇതുകേട്ട ഋതവാക്ക് ക്രോധത്തോടെ രേവതിയെ ശപിച്ചു: ‘നീ ആകാശത്തുനിന്നും ഭൂമിയില്‍പ്പതിക്കട്ടെ! എല്ലാവരും കാണ്‍കെ രേവതി കുമുദാദ്രിയില്‍ പതിച്ചു. അന്നുമുതല്‍ ആ പര്‍വ്വതം കൂടുതല്‍ രമണീയമായിത്തീരുകയും രൈവതകം എന്നറിയപ്പെടുകയും ചെയ്തു.
 ഋതവാക്ക് ജഗദംബികയെ ഭജിച്ച് ദുഃഖനിവൃത്തി നേടി.

No comments:

Post a Comment