ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, February 16, 2018

ഏകാന്ത യാത്ര - അമൃതവാണി

ആദ്ധ്യാത്മികതയുടെ വനത്തില്‍ ചിലപ്പോള്‍ നമുക്ക്‌ വഴിതെറ്റാന്‍ ഇടയുണ്ട്‌. അപ്പോഴും ശരിയായ വഴി കാട്ടിത്തരുന്നത്‌ ഗുരുവാണ്‌. മനസ്സ്‌ അതിന്റെ തമോഗുണം കൊണ്ടു മുന്നോട്ടുപോകാന്‍ മടികാണിച്ചെന്നിരിക്കും. കൂടുതല്‍ എളുപ്പമായി തോന്നുന്ന വഴികള്‍ തേടിയെന്നുവരും. ആദ്ധ്യാത്മികതയില്‍ കുറുക്കുവഴികളില്ല. നേരായ മാര്‍ഗത്തില്‍ കാലിടറുമ്പോള്‍, ഇനി ഒരടി മുന്നോട്ടു നടക്കാനാവില്ലെന്ന്‌ നിനയ്ക്കുമ്പോള്‍ പ്രോത്സാഹനം പകരുന്നതും ആശ്വാസമണയ്ക്കുന്നതും ഗുരുവല്ലാതെ മറ്റാരാണ്‌? അവിടുന്ന്‌ അടിക്കടി പകരുന്ന ആത്മവിശ്വാസവും, അവിടുത്തെ വാക്കുകള്‍ നല്‍കുന്ന പ്രചോദനവും ആ കാരുണ്യപൂര്‍ണമായ സ്നേഹം തുളുമ്പുന്ന, കടാക്ഷം ചൊരിയുന്ന പാഥേയവുമില്ലെങ്കില്‍ ആത്മീയതയുടെ ഏകാന്തയാത്ര തുടരാന്‍ ആരുമുണ്ടാവില്ല. മനസ്സിന്റെ ഇഷ്ടത്തിന്‌ വിടുകയാണെങ്കില്‍ ഒരിക്കലും ആരും ആ തണലില്ലാത്ത വഴിയിലൂടെ, വിശ്രമമില്ലാതെ, ലക്ഷ്യം കാണാതെ, ഒറ്റയ്ക്ക്‌ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കില്ല. ലോകസുഖങ്ങള്‍ നൂറുനൂറ്‌ പ്രലോഭനങ്ങളുമായി ഇരുവശത്തുനിന്ന്‌ മാടിവിളിക്കുമ്പോള്‍ എന്തിനാണീ കഷ്ടപ്പാടൊക്കെ സഹിക്കുന്നതെന്ന്‌ കരുതി പിന്മാറുന്നവരാണധികവും. അതാണ്‌ ഉപനിഷത്തിലും മറ്റും ഏതോ ചില ധീരന്മാര്‍ മാത്രമേ ഈ പാത താണ്ടിയിട്ടുള്ളൂ എന്ന്‌ പറഞ്ഞിരിക്കുന്നത്‌.


– മാതാ അമൃതാനന്ദമയീ ദേവി

No comments:

Post a Comment