ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, January 9, 2018

കര്‍ണ്ണ വധം - പുരാണകഥകൾ


യുദ്ധത്തിന്റെ പതിനേഴാം ദിവസം കര്‍ണ്ണന്‍ ശല്യര്‍ സജ്ജമാക്കിയ തേരില്‍ കയറി. തലേ രാത്രിയില്‍ കണ്ട ദുസ്വപ്നങ്ങള്‍ ഒരു നിമിഷം മനസ്സില്‍ മിന്നി മാഞ്ഞു. എല്ലാം അടുത്തു വന്നിരിയ്ക്കുന്നു. വിധിയെ തടുക്കാനാര്‍ക്കുമാവില്ല. അര്‍ജ്ജുനാസ്ത്രത്തെ തടുക്കുവാന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ആകെ അവശേഷിച്ചിരുന്ന നാഗാസ്ത്രം അഭിമന്ത്രിക്കുമ്പോള്‍ മറവിയില്‍ നിന്ന് മന്ത്രം ചികഞ്ഞെടുക്കാന്‍ കര്‍ണ്ണന്‍ ഏറെ പണിപ്പെട്ടു.  . നാഗാസ്ത്രമന്ത്രം ജപിച്ചപ്പോൾ അർജ്ജുനന്റെ പൂർവ്വശത്രുവായ അശ്വസേനനാഗമാണ് പ്രകടമായത് . ഖാണ്ഡവ ദാഹത്തിൽ തന്റെ മാതാവിനെ വധിച്ച അർജ്ജുനനോട് അശ്വസേനന് തീരാത്ത പകയുണ്ടായിരുന്നു . കർണ്ണന്റെ അസ്ത്രത്തോടൊപ്പം നാഗവും അർജ്ജുനന്റെ കഴുത്തറുക്കാനായി പാഞ്ഞു കയറി .



 നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു . വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് കർണ്ണന്റെ നാഗാസ്ത്രം മുന്നേറി .അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് " അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു " എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി . എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു . ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു . ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത് . ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു . 



കിരീടം കത്തിക്കരിഞ്ഞു പൊടിയായി നിലംപതിച്ചു. തുടർന്ന് യുദ്ധം തുടർന്നെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ ബ്രഹ്‌മാസ്‌ത്രം വേണ്ടവിധം തോന്നുകയുണ്ടായില്ല .


രഥചക്രം ഉയര്‍ത്താനുള്ള ശ്രമത്തില്‍ തേരില്‍ നിന്നിറങ്ങിയ കര്‍ണ്ണന്‍  അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും , ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും പറഞ്ഞു .


ആകെ പതറി, നീതിയ്ക്ക് വേണ്ടി കേണ കര്‍ണ്ണന് മുന്‍പില്‍ കൃഷ്ണന്‍ അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത അനീതികള്‍ ഒന്നൊന്നായി നിരത്തി.
ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം ? ഭീമനെ വിഷച്ചോറൂട്ടിയപ്പോഴും, ദുര്യോധനനോട് ചേർന്ന് അരക്കില്ലത്തിലിട്ടു പാണ്ഡവരെ കത്തിക്കാൻ ശ്രമിച്ചപ്പോഴും, രജസ്വലയായ കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും , ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു , പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു ? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത് ?  കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി .



മറുപടിയില്ലാതെ തൊഴു കയ്യുയര്‍ത്തിയ കര്ണ്ണന് നേരെ കൃഷ്ണന്റെ ഉപദേശമനുസരിച്ചു യമദണ്ഡം പോലെ ഭയങ്കരവും , വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു . അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി " എന്ന് ആശംസിച്ചു . " ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ , ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു . ആ അസ്ത്രം രഥമുയർത്തുന്ന കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി . മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു . കര്‍ണ്ണന്‍ മരിച്ചു. ആ സൂര്യ തേജസ്സ് മന്ദമായി ഭൂമിയില്‍ നിന്നുയര്‍ന്ന് ആകാശത്ത് വിലയം പ്രാപിച്ചു. സൂര്യ രശ്മികള്‍ ശീതികരങ്ങളായി. ആര്‍ക്കും സഹിയ്ക്കാന്‍ കഴിഞ്ഞില്ല ആ യുഗ പ്രഭാവന്റെ അന്ത്യം. 

No comments:

Post a Comment