ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, January 11, 2018

വഴിപാടുകളും മൂലമന്ത്രങ്ങളും



ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌.

വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.


ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌. നിവേദ്യം അപ്പവും, മോദകവും. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം. ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം.

ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍. ചൊല്ലേണ്ട മൂലമന്ത്രം 'ഓം ഗം ഗണപതയേ നമ:' നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.



ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌. ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍. 'ഓം നമോ നാരായണായ' (അഷ്‌ടാക്ഷരമന്ത്രം), 'ഓം നമോ ഭഗവതേ വാസുദേവായ' (ദ്വാദശാക്ഷരമന്ത്രം) എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍. ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.



ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌. ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌. ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ. ശിവന്റെ മൂലമന്ത്രമായ 'ഓം നമ:ശിവായ' നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.



ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ. പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം. നിത്യേന നൂറ്റെട്ടുപ്രാവശ്യം 'ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ, ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ' ചൊല്ലുക.



സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം. സരസ്വതീപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. ഫലം വിദ്യാഗുണം, 'ഓം ഹ്രീം ഹ്രീം സരസ്വത്യൈസ്വാഹാ' എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക. (ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)



ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം. ഓം ക്ലീം കൃഷ്‌ണായനമ:' എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.
മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും. ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌. ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ. പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍. 'ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:' എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.



ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌. പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം. 'ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:' എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.



ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ. പായസമാണ്‌ നിവേദ്യം. 'ഓം ഹ്രീം ഉമായൈ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.



ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍. 'ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.



ഭക്‌തഹനുമാന്‌ ഉഴുന്നുവട, കദളിപ്പഴം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം. ''ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:'' എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.



ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം. ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌. നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍. 'ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.



ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ. കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം. 'ഓം വചത്ഭുവേ നമ:' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.



നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. നൂറും പാലുമാണ്‌ അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം. ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം. 'ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:' എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും 'ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:' നാഗയക്ഷിക്കും ഉരുക്കഴിക്കുക.



മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം. മലര്‍പ്പൊടിയാണ്‌ നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.


കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌. നിവേദ്യം ത്രിമധരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.


വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌. വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.


നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.


ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും. രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം. അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.


നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.


പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌. ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.


വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌. കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.


ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം. നിവേദ്യം പായസം. വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.


പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌ സദ്‌ഫലം സുനിശ്‌ചയം


#ഭാരതീയചിന്തകൾ

No comments:

Post a Comment