ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, January 10, 2018

ശ്രീകൃഷ്ണ കഥകൾ




മേഘൈർമേദുരമംബരം,വനഭൂവഃ ശ്യാമാസ്തമാലദ്രുമൈഃ
നക്തം ഭീരുരയം, ത്വമേവ തദിമം രാധേ, ഗൃഹം പ്രാപയ
ഇഥം നന്ദനിദേശശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജബ്രുമം
രാധാമാധവയോഃ ജയന്തി യമുനാകൂലേ രഹഃ കേളയഃ
(അഷ്ടപദി)


കാർമേഘങ്ങൾ ആകാശത്ത് ഉരുണ്ട് കൂടിയപ്പോൾ, സ്വതവേ അന്തിവെളിച്ചം കടന്നു വരാനനുവദിയ്ക്കാത്ത ഉയരം കൂടിയ തമാലവൃക്ഷങ്ങളുടെ ഇലകൾ തിങ്ങിയ നന്ദനവനത്തിലെ ആ സന്ധ്യ കടുത്ത ഇരുൾ നിറഞ്ഞതായിത്തീർന്നു. രാത്രിയുടെ ഇരുട്ട്  കൃഷ്ണന് ഭയമാണെന്നറിയാവുന്ന നന്ദഗോപർ, രാധയോട് കൃഷ്ണനെ സുരക്ഷിതമായി ഭവനത്തിൽ എത്തിയ്ക്കൂ എന്ന് ആവശ്യപ്പെട്ടു. ആ യാത്രയ്ക്കിടയിൽ അവർ രണ്ട് പേരും  യമുനാനദിക്കരയിലെ, വൃക്ഷച്ചുവട്ടിൽ എത്തി. അവിടെ വള്ളിപ്പടർപ്പുകൾ പടർന്ന് കയറിയ ഒരു വള്ളിക്കുടിലിൽ വച്ച് , രാധാകൃഷ്ണന്മാർ കൌമാരഭാവത്തെ സ്വീകരിച്ച്  അതിമനോഹരമായ രാസലീലകളാടി പരമപ്രേമത്തിൽ ലയിച്ചു.


ഭക്തമനസ്സുകളുടെ അവസ്ഥയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
തെളിഞ്ഞ ആകാശം ഭക്ത മനസ്സാണ്. 

ജ്ഞാനപ്രകാശം കടന്നു വരാൻ തടസ്സമായി കാമക്രോധാദികളായ വൻമരങ്ങൾ നമ്മുടെ ഉള്ളിലുണ്ട്. നമ്മള്‍ നിരന്തരമായ സാധനയിലൂടെ അല്പം ജ്ഞാനം ഉള്ളിൽ പ്രകാശിക്കുമ്പോൾ അഹങ്കാരമാകുന്ന ഇരുട്ട് ചിതാകാശത്തിൽ നിറഞ്ഞ് ജഞാന സൂര്യനെ മറയ്ക്കുന്നു. അജ്ഞാനം നീങ്ങി ജ്ഞാനത്തെ പ്രകാശിപ്പിക്കാൻ തുടങ്ങുന്ന സന്ധിഘട്ടമാണ് സന്ധ്യാസമയം . നന്ദഗോപർ എന്നാൽ ഗുരുഭൂതന്മാരായ ഋഷീശ്വരന്മാരാണ്. സദാ സർവ്വത്ര നിറഞ്ഞിരിക്കുന്നതും എന്നാൽ അത്യന്തം ഗോപ്യമായി ഇരിക്കുന്നതുമായ പരമാത്മാവിനെ അനുഭവിക്കുന്നവർ. 


ഭയം എന്നാല്‍ ആപത്താണ്. അഹങ്കാരമാകുന്ന ഇരുട്ട്  സച്ചിദാനന്ദമാകുന്ന കൃഷ്ണനെ മറയ്ക്കും.  അതുകൊണ്ട് കൃഷ്ണനെ പൂർണ്ണമായി അനുഭവിക്കാൻ പരമപ്രേമം കൂടിയേ കഴിയൂ എന്ന് അനുഭവിച്ചറിഞ്ഞ ഋഷീശ്വരന്മാർ ഭക്ത ഹൃദയങ്ങളിൽ കൃഷ്ണനോടൊപ്പം പരമപ്രേമത്തെ ചേർത്തു.  പരമ പ്രേമമാണ് രാധ. എത്ര അറിവു നേടിയാലും പരമപ്രേമമില്ലാതെ കൃഷ്ണാനുഭവം സാധ്യമല്ല. കൃഷ്ണപ്രേമം നിറഞ്ഞപ്പോൾ സാധനയ്ക്ക് തടസ്സമായി നിന്ന മനസ്സ് യമുനാനദിപോലെ ആർദ്രമായി . അഹങ്കാരത്തിന്റെ വള്ളിപ്പടർപ്പുകൾ പ്രേമനികുഞ്ജങ്ങളായി മാറി. ഉളളിൽ കൃഷ്ണാനുഭവത്തിന്റെ രാസാനുഭൂതി നിറഞ്ഞു.


എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ.


രാധേ കൃഷ്ണാ

സുദർശന രഘുനാഥ്
വനമാലി

No comments:

Post a Comment