ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, January 31, 2018

കാവടിയാട്ടം - ഹരിപ്പാട് ശ്രീസുബ്രമണ്യസാമി ക്ഷേത്രം

തൈപ്പൂയം എന്നതിനുള്ള ചിത്രം

ദക്ഷിണ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് തൈപ്പൂയത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവടിയാടുന്നത്. സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ് കാവടിയാട്ടം കുറഞ്ഞത് ഇരുപത്തിയൊന്ന് ദിവസത്തെയെങ്കിലും വ്രതശുദ്ധിയോടുകൂടിയാണ് കാവടി നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്നത് . വെളുപ്പിന് മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയോടൂകൂടിയാണ് കാവടിയാട്ടം ആരംഭിക്കുന്നത്. എണ്ണക്കാവടിക്ക് ശേഷം നെയ്യ്, തേന്‍, പാല്‍, പഞ്ചാമൃതം, ശര്‍ക്കര കാവടികള്‍ ആടും. ഉച്ചയ്ക്ക് ബ്രാഹ്മണ സമൂഹമഠത്തില്‍ നിന്നുള്ള കളഭക്കാവടിയും ആടും. കുങ്കുമം, ഭസ്മം, പനിനീര്‍, പുഷ്പം കാവടികളാണ് വൈകുന്നേരം ആടുന്നത്.
തമിഴ് പഞ്ചാംഗത്തില്‍ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ് ഭഗവാന്‍ അയയ്ക്കുന്നത്. പന്ത്രണ്ട് ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷം.

തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.
തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നു മാണ് വിശ്വാസം. തൈപൂയ ദിവസം രാവിലെ രണ്ടു മണി മുതല്‍ പാണ്ടിമേളം (പമ്പമേളം,നാദസ്വരം,ചെണ്ട തുടങ്ങിയവയുടെ അകമ്പടിയോടെ കാവടികള്‍ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് വന്നു തുടങ്ങും.രാവിലെ പത്തു മണിയോട് കൂടി ആദ്യ ഘട്ടം അവസാനിക്കും. വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങി പത്തുവരെ രണ്ടാം ഘട്ടം കാവടി വരവ് നടക്കും. ഏകദേശം മൂവായിരത്തോളം കാവടികളാണ് ഇവിടേയ്ക്ക് ഈ ദിവസം ആടി വരുന്നത്. തൃശൂര്‍കാര്‍ക്ക് പൂരം പോലെയോ,ആലുവാക്കാര്‍ക്ക് ശിവരാത്രി പോലെയോ അതിലധികമോ ആണ് ഹരിപ്പാടുകാര്‍ക്ക് തൈപ്പൂയം. ജാതി മത ഭേദമന്യേ എല്ലാ ഹരിപ്പാട്ടുകാരും ഒത്തുകൂടുന്ന മഹാമേള. ഹരിപ്പാട് ക്ഷേത്രം കഴിഞ്ഞാല്‍ കൂര്‍ക്കഞ്ചേരി, പെരുന്ന, ചെറിയനാട്,ഉദയനാപുരം, കിടങ്ങൂര്‍, പയ്യന്നൂര്‍, എളംകുന്നപ്പുഴ എന്നീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലേയും കാവടിയാട്ടങ്ങള്‍ പ്രശസ്തമാണ്.
കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട്ടുള്ളത്. വലിപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. ഏകദേശം ഏഴേക്കര്‍ വരുന്ന വിശാലമായ മതിലകത്തിനത്തിനു പുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവില്‍, വലിയ ആനക്കൊട്ടില്‍, മൂന്ന് ഭാഗത്തുമുള്ള ഗോപുരങ്ങള്‍,(വടക്ക് ചെറിയ രണ്ട് വാതിലുകള്‍ മാത്രമാണുള്ളത്.) നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങള്‍ ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിര്‍മ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.
ക്ഷേത്രത്തില്‍ രണ്ട് തന്ത്രിമാരുണ്ട്. അവര്‍ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോള്‍ ഒഴികെ). കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തിനടുത്തുള്ള പുല്ലൂര്‍ ഗ്രാമസഭയില്‍ നിന്നുള്ള പത്തിലത്തില്‍ പോറ്റിമാര്‍ക്കാണ് മേല്‍ശാന്തിയവകാശം. കീഴ്ശാന്തിമാര്‍ ദേവസ്വം നിയമനമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.

No comments:

Post a Comment