പ്രശസ്തമായ നീലംപേരൂർ പൂരം പടയണി
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടു താലൂക്കിലെ ഒരു പുരാതന ക്ഷേത്രമാണ് നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രം.
ആദ്യകാലത്ത് ബുദ്ധവിഹാരമായിരുന്ന ഈ ക്ഷേത്രം പിൽക്കാലത്ത് ഹൈന്ദവക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. ഇന്നും ബുദ്ധമതത്തിന്റെ സ്വാധീനമാണ് ഈ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ കൂടുതലും കാണപ്പെടുന്നത്. കേരളത്തിലെ പ്രശസ്ത ഉൽസവമായ നീലംപേരൂർ പടയണി ഇവിടെയാണു നടക്കുന്നത്.
ചരിത്രം
ബുദ്ധമത സംസ്കാരത്തിന്റെ വേരുകൾക്ക് സാക്ഷ്യം വഹിക്കുന്ന നീലംപേരൂർ ക്ഷേത്രത്തിന് 1700-ഓളം വർഷങ്ങളുടെ പഴക്കമുണ്ട് . ബുദ്ധമതത്തിന്റെ സുവർണ്ണ കാലഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന ക്രി.വ. 250-300 കാലഘട്ടത്തിൽ പണികഴിക്കപ്പെട്ടതാണു ഈ ക്ഷേത്രം. ബാണവർമ്മ അഥവാ ചേരമാൻപെരുമാൾ എന്നറിയപ്പെടുന്ന കേരളം ഭരിച്ചിരുന്ന ചക്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനനാളുകൾ നീലംപേരൂരായിരുന്നു ചിലവഴിച്ചതെന്നു ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ബുദ്ധമതത്തെ അളവറ്റു സ്നേഹിച്ചതിന്റെ പേരിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഒത്തിരി എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് ബുദ്ധമതവും ഹിന്ദുമതവും തമ്മിൽ സംവാദത്തിനുള്ള വേദിയൊരുങ്ങുകയും ഇതുപോലെ ഒരു നിബന്ധനയും വച്ചു. അതായത് "ഹിന്ദുസമൂഹം സംവാദത്തിൽ പരാജയപ്പെടുകയാണെങ്കിൽ അവരെല്ലാവരും ബുദ്ധമത അനുയായികളാവണമെന്നും അഥവാ തിരിച്ചു അവർ വിജയിക്കുകയാണെങ്കിൽ രാജാവു സിംഹാസനം ത്യജിച്ചു നാട് വിടണമെന്നും."
പക്ഷേ ഹിന്ദുസമൂഹം ദക്ഷിണഭാരതത്തിലെ 6 പ്രശസ്ത പണ്ഡിതന്മാരെ അണിനിരത്തുകയും ബുദ്ധ സന്യാസികൾ സംവാദത്തിൽ പരാജയപ്പെടുകയും ചെയ്തു.
അവസാനം നിബന്ധന അനുസരിച്ച് രാജാവ് സിംഹാസന നിഷ്കാസിതനാവുകയും ഒരു ബുദ്ധമത സന്യാസിയായി നീലം പേരൂരിൽ എത്തിച്ചേരുകയും ചെയ്തുവെന്നു ചരിത്രം. അദ്ദേഹം ഇവിടെ വന്നു ഒരു ബുദ്ധവിഹാരം പണികഴിപ്പിക്കുകയും വർഷങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലാകെ ബുദ്ധമതത്തിന്റെ ശക്തി ക്ഷയിക്കുകയും ഹിന്ദുമതം ശക്തി പ്രാപിപ്പിക്കുകയും ചെയ്ത സമയത്ത് ആ ബുദ്ധവിഹാരം ദേവീ ക്ഷേത്രമായി തീരുകയും ചെയ്തെന്നുമാണു ചരിത്രം.
ചേരമാൻപെരുമാൾ നീലംപേരൂരിൽ വരുന്നതിനു മുമ്പുതന്നെ ഇപ്പൊൾ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തിനു തൊട്ടു പുറക് വശത്തായി ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നത്രെ. "പത്തില്ലത്തില് പോറ്റിമാര്" എന്നറിയപ്പെടുന്ന ബ്രാഹ്മണ കുടുംബത്തിന്റെ അധീനതയിലായിരുന്നു ആ ക്ഷേത്രം.
ചേരമാൻപെരുമാളിന്റെ വരവോടെ നിരാശപൂണ്ട പത്തില്ലത്തിൽ ബ്രാഹ്മണ കുടുംബങ്ങൾ അവിടെയുള്ള ശിവചൈതന്യം ആവാഹിച്ച് ചങ്ങനാശ്ശേരിയിലുള്ള വാഴപ്പള്ളിയിലേക്കു കൊണ്ടുപോകുകയും അവിടെ ശിവക്ഷേത്രത്തിൽ ലയിപ്പിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. പെരുമാൾ തന്റെ പരദേവത ആയ തൃശ്ശൂരിലെ പെരിഞ്ഞനത്ത് ഭഗവതിയെ, നീലം പേരൂരിൽ കൊണ്ടുവന്നു കുടിയിരിത്തിയതായാണ് ഐതിഹ്യം.
പ്രതിഷ്ഠ
കമുകിൽ ചാരി നിൽക്കുന്ന വനദുർഗ്ഗയുടെ രൂപത്തിലാണു ദേവീ പ്രതിഷ്ഠ. കൂടാതെ തെക്കു കിഴക്കു മൂലയിൽ നാഗരാജാവും ശ്രീകോവിലിനു വെളിയിൽ ഗണപതി, ശിവൻ, ധർമ്മശാസ്താവ്, മഹാവിഷ്ണു, രക്ഷസ്സ് എന്നീ ഉപദേവന്മാരെയും പ്രത്യേകം ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. കൊല്ലപ്പള്ളീമഠത്തിലെ നമ്പൂതിരിമാരാണു ഇവിടെ ശാന്തി ചെയ്യുന്നത്.
പൂജ വഴിപാടുകള്
ദിവസവും രണ്ടു നേരവും പൂജകൾ. വിശേഷാൽ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ഇവിടെ പതിവുണ്ട്. ഇങ്ങനേയും ഒരു കഥ പ്രചാരത്തിലുണ്ട്. അതായത് തിരുവിതാംകൂര് മഹാരാജാവിന്റെ പേരിലായിരുന്നു ദിവസവും ആദ്യത്തെ പൂജ വഴിപാടായി കഴിച്ചിരുന്നതെന്നും രാജഭരണം അവസാനിച്ചതോടുകൂടി ആ പതിവ് നില്ക്കുകയും ചെയ്തതായി. മറ്റുക്ഷേത്രങ്ങളിൽ നിന്നു വിഭിന്നമായി കരിക്കിൻ വെള്ളത്തിൽ കൂട്ടു പായസമാണു പ്രധാന വഴിപാട്.
#ഭാരതീയചിന്തകൾ
No comments:
Post a Comment