ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, January 1, 2018

വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍


ഭാരതത്തില്‍ പൗരാണിക കാലം മുതല്‍തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് അത്യധികം പ്രാധാന്യം കല്‍പിച്ചിരുന്നു. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക് വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. പുണ്യം, ആരോഗ്യം, ഐശ്വര്യം ഇവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദി കര്‍മങ്ങളാണ് വ്രതങ്ങള്‍. ശരീരത്തിനും മനസ്സിനും ഉത്തേജനം നല്‍കുന്നതാണ് എല്ലാ വ്രതങ്ങളും. ശാരീരികവും മാനസികവുമായ ശുചിത്വം, ആഹാര നിയന്ത്രണം, ഭഗവദ് പ്രാര്‍ത്ഥന, ക്ഷേത്രദര്‍ശനം തുടങ്ങിയവ എല്ലാ വ്രതങ്ങള്‍ക്കും ബാധകമാണ്. എല്ലാ വ്രതങ്ങളും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവത്സരം, പക്ഷം, തിഥി, മാസം, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് വ്രതങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത്.

നിത്യവ്രതങ്ങള്‍, നൈമിത്തിക വ്രതങ്ങള്‍, കാമ്യവ്രതങ്ങള്‍ എന്നിങ്ങനെയാണ്. വ്രതങ്ങള്‍ പുണ്യത്തിനായി അനുഷ്ഠിക്കുന്നവ നിത്യവ്രതങ്ങള്‍. ഉദാ: ഏകാദശി, പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നവ നൈമിത്തിക വ്രതങ്ങള്‍. ഉദാ: അമാവാസി വ്രതം. ആഗ്രഹ സാഫല്യത്തിനായി അനുഷ്ഠിക്കുന്നവ കാമ്യവ്രതങ്ങള്‍. ഉദാ: ഷഷ്ഠി വ്രതം, തിങ്കളാഴ്ച വ്രതം. വ്രതങ്ങള്‍ ഉപവാസമായോ, വെള്ളം മാത്രം കുടിച്ചോ, പഴങ്ങള്‍ കഴിച്ചോ, ഒരു നേരം ഭക്ഷണം കഴിച്ചോ, അരിയാഹാരം കഴിക്കാതെയോ എങ്ങനെ വേണമെങ്കിലും അനുഷ്ഠിക്കാം. ഏറ്റവും പ്രധാനം വ്രതങ്ങള്‍ നോല്‍ക്കുന്ന ആളിന്റെ ഭക്തി, ത്യാഗമനഃസ്ഥിതി ഇവയാണ്. വ്രതങ്ങള്‍ നോല്‍ക്കുന്നതിന് പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. വ്രതങ്ങള്‍ നമ്മുടെ ജീവിതത്തിന് അടുക്കും ചിട്ടയും ഏതു പരിതഃസ്ഥിതിയെയും തരണം ചെയ്യാനുള്ള ത്രാണി, ആരോഗ്യം, എല്ലാറ്റിനുമുപരി ജീവിത സംതൃപ്തി ഇവ പ്രദാനം ചെയ്യുന്നു. എല്ലാ വ്രതത്തിനും നാഥന്മാരായി ഓരോ ദേവതമാരുണ്ടായിരിക്കും. വ്രതങ്ങള്‍ വര്‍ഷത്തിലൊരിക്കലുള്ളത്, മാസത്തിലൊരിക്കലുള്ളത്, മാസത്തില്‍ രണ്ടുള്ളത്, ആഴ്ചയില്‍ ഒന്നുള്ളത് ഇങ്ങനെയെല്ലാമുണ്ട്. ഉപവാസവ്രതമെടുക്കുന്നതിന് തലേദിവസം അരി ആഹാരം ഒരു നേരമേ പാടുള്ളൂ.

ഏകാദശി വ്രതം
വ്രതങ്ങളില്‍ ശ്രേഷ്ഠമായ ഏകാദശിക്ക് വ്രതസംഖ്യയില്ല. വ്രതാനുഷ്ഠാനം ജീവിതാവസാനം വരെ പാലിക്കണം. പ്രതിപദം മുതല്‍ 11-ാമത്തെ തിഥി വരുന്ന ദിവസമാണ് ഏകാദശി. വെളുത്ത പക്ഷ ഏകാദശിയാണ് ഉത്തമം. ഏകാദശി ദിവസം അരിഭക്ഷണം കഴിക്കരുത്. ഉപവാസമായും ഏകാദശി എടുക്കാം. പിറ്റേന്ന് ദ്വാദശി ദിവസം തുളസിതീര്‍ത്ഥം സേവിച്ച് പാരണ വീടാം. മഹാവിഷ്ണു പ്രീതിക്കുവേണ്ടിയുള്ള വ്രതമാണ് ഏകാദശി. ഭാഗവതപാരായണം, വിഷ്ണു കീര്‍ത്തനങ്ങള്‍ എന്നിവ മുഖ്യമായും അനുഷ്ഠിക്കണം. ഏകാദശികളില്‍ മുഖ്യമായവ ഗുരുവായൂര്‍ ഏകാദശി എന്ന ഉത്ഥാന ഏകാദശി. ഭഗവാന്‍ നിദ്രയില്‍നിന്നുണരുന്ന, പാര്‍ത്ഥന്‍ കര്‍മത്തെക്കുറിച്ച് ബോധവാനാക്കിയ, വിശ്വരൂപം കാണിച്ചുകൊടുത്ത, വൃശ്ചികമാസത്തിലും, മാനവന് എല്ലാ സ്വര്‍ഗസുഖങ്ങളും അവസാനം മുക്തിയും ലഭിക്കുന്ന സ്വര്‍ഗവാതില്‍ ഏകാദശി ധനുമാസത്തിലും അനുഷ്ഠിക്കുന്നു.


ജന്മാഷ്ടമി വ്രതം
അമ്പാടിക്കണ്ണന്റെ പിറന്നാള്‍, ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും കൂടി വരുന്ന ദിവസം ഉപവാസവ്രതമാണ് അനുഷ്ഠിക്കേണ്ടത്. രാവിലെ കുളിച്ച് ശുദ്ധരായി ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം, ഭഗവത്കീര്‍ത്തനങ്ങള്‍ ഇവയോടുകൂടി രാത്രി അവതാരപൂജ കഴിഞ്ഞ് ഭഗവാനു നേദിച്ച കരിക്ക് ഒഴിച്ച് വ്രതം അവസാനിപ്പിക്കാം.


വിനായക ചതുര്‍ത്ഥി
വിഘ്‌നനായകന്റെ ജന്മദിനം ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ദശി ഉപവാസമായോ, ഒരു നേരം ഭക്ഷണമായോ വ്രതം അനുഷ്ഠിക്കാം. ഗണപതി ഹോമം വഴിപാട് ഗണേശ കീര്‍ത്തനങ്ങള്‍ ജപിക്കുക ഇവ നടത്തി, രാത്രി ചന്ദ്രനെ കാണാതെ കഴിച്ചുകൂട്ടണം. സര്‍വവിഘ്‌ന നിവാരണമാണ് ഫലം.


മഹാശിവരാത്രി വ്രതം
പ്രപഞ്ചനാശം ഒഴിവാക്കാന്‍ സ്വയം കാളകൂടവിഷം കഴിച്ച് ലോകരക്ഷകനായി വര്‍ത്തിക്കുന്ന നീലകണ്ഠനെ ഊണും ഉറക്കവും ഉപേക്ഷിച്ച് ഭക്തര്‍ ആരാധിക്കുന്ന പുണ്യദിനം. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയാണ് ശിവരാത്രി. ശിവരാത്രി വ്രതത്തിന് ഉപവാസമാണ് വേണ്ടത്. തലേന്ന് ഒരിക്കലെടുത്ത് ശിവരാത്രി ദിവസം ഉപവാസത്തോടുകൂടി കഴിയണം. 108 ശിവാലയങ്ങളില്‍ ഒന്നിലെങ്കിലുമോ, കഴിയുമെങ്കില്‍ ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നിലെങ്കിലുമോ പോവാന്‍ സാധിച്ചാല്‍ പുണ്യം. രാത്രി ശിവരാത്രി പൂജ കഴിഞ്ഞ് ഭഗവാനു നേദിച്ച കരിക്ക് കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. മഹാദേവനെ പ്രാര്‍ത്ഥിക്കാന്‍ ഓം നമഃശിവായ എന്ന് അഞ്ച് അക്ഷരവും, വെറും പച്ചവെള്ളവും, വെറും പച്ചില (കൂവളത്തില)യും മാത്രം മതി. ഭഗവാനോടുള്ള വിധേയത്വം, എല്ലാം സമര്‍പ്പിക്കാനുള്ള മനസ്സ് ഇവ ഉണ്ടെങ്കില്‍ സകലവിധ പാപങ്ങളില്‍നിന്നും മോചനവും ശിവലോകപ്രാപ്തിയും ലഭിക്കും.


തിരുവാതിര വ്രതം
ഉമാമഹേശ്വരപ്രീതിക്കായി എടുക്കുന്ന വ്രതമാണ് തിരുവാതിര. ശിവന്‍ ശക്തിയോടു ചേര്‍ന്ന ദിവസമാണ് തിരുവാതിര. പാര്‍വതീദേവി മഹാദേവനെ ഭര്‍ത്താവായി ലഭിക്കാന്‍ തിരുവാതിരവ്രതം നോറ്റിരുന്നു. അതിനെ അനുസ്മരിക്കാനാണ് എല്ലാ സ്ത്രീകളും (കന്യകമാരും, മംഗല്യവതികളും) തിരുവാതിര വ്രതം നോല്‍ക്കുന്നത്. തിരുവാതിര ഉറക്കമൊഴിക്കല്‍, തിരുവാതിരകളി, പാതിരാപ്പൂചൂടല്‍ ഇവയൊക്കെ ധനുമാസത്തിലെ തിരുവാതിരയ്ക്കാണ് അനുഷ്ഠിക്കുന്നത്. നെടുമംഗല്യ സന്തുഷ്ട ദാമ്പത്യം, സന്താനസൗഖ്യം, കുടുംബ ഭദ്രത ഇവയൊക്കെ തിരുവാതിര വ്രതത്തിന്റെ പുണ്യം, ധനുവിലെ തിരുവാതിര മുതല്‍ എല്ലാ മാസത്തിലെയും തിരുവാതിര വ്രതമെടുത്ത് അടുത്ത ധനുവിലെ തിരുവാതി വരെ വ്രതം നോറ്റാല്‍ കന്യകമാര്‍ക്ക് ഉത്തമനായ ഭര്‍ത്താവിനെയും ഉത്തമ കുടുംബജീവിതവും ലഭിക്കും. തിരുവാതിര വ്രതത്തിന് അരിയാഹാരം പാടില്ല. കിഴങ്ങുവര്‍ഗ്ഗങ്ങളെല്ലാം കൂടിയ ‘തിരുവാതിരപ്പുഴുക്ക്’ ആണ് പ്രധാന ആഹാരം. പഴം, കായ് വറുത്തത് ഇവയൊക്കെ തിരുവാതിര വിഭവങ്ങളാണ്. മകയിരം മക്കള്‍ക്കുവേണ്ടിയും പുണര്‍തം സഹോദരങ്ങള്‍ക്കുവേണ്ടിയും വ്രതം അനുഷ്ഠിക്കുന്നു.


നവരാത്രി വ്രതം
ദേവീപ്രീതിക്കായി എടുക്കുന്ന വ്രതമാണ് നവരാത്രി വ്രതം. അക്ഷരപൂജയുടെയും ശക്തിപൂജയുടെയും നാളുകളാണ് ഈ ഒമ്പത് ദിവസം. അശ്വിനമാസത്തിലെ പ്രതിപദയില്‍ ആരംഭിച്ച് ദശമി (വിജയദശമി)യില്‍ അവസാനിക്കുന്നു. അധര്‍മത്തെയും അജ്ഞാനത്തെയും ആസുരിക ശക്തികളെയും കീഴടക്കി ജ്ഞാനത്തിന്റെ തിരികൊളുത്തിയ ദിവസം വിജയദശമി ആയി. എല്ലാവരും ഇതിനെ അനുസ്മരിച്ച് നവരാത്രി വ്രതം നോല്‍ക്കുന്നു. ഒരു നേരം ഭക്ഷണമാണ് നവരാത്രിക്ക് വിധി. ദേവീക്ഷേത്ര ദര്‍ശനം, ദേവീ ഭാഗവത പാരായണം, ദേവീമാഹാത്മ്യപാരായണം എന്നിവ തീര്‍ച്ചയായും നടത്തേണ്ടതാണ്. ഉത്തരേന്ത്യയില്‍ ശക്തിപൂജയും കേരളത്തില്‍ സരസ്വതീപൂജയും കൂടുതലായി അനുഷ്ഠിക്കുന്നു. ദുഃഖങ്ങളെല്ലാമകന്ന് സുഖവും സന്തോഷവും ലഭിക്കാന്‍ എല്ലാവരും നവരാത്രി വ്രതം അനുഷ്ഠിച്ച് ദേവീപ്രീതി കൈവരുത്തേണ്ടതാണ്.


പൗര്‍ണമി
ദുര്‍ഗ്ഗാദേവിയുടെ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് പൗര്‍ണമി വ്രതം. കറുത്തവാവു കഴിഞ്ഞുവരുന്ന പതിനഞ്ചാമത്തെ തിഥി പൗര്‍ണമി അഥവാ വെളുത്തവാവ്. ചന്ദ്രന്‍ ഏറ്റവും ബലവാനായിരിക്കുന്ന ദിവസമാണ് പൗര്‍ണമി. ചന്ദ്രദശമാന്ദ്യം ഉള്ളവര്‍ പൗര്‍ണമിവ്രതം നോല്‍ക്കുന്നത് ഉത്തമമായിരിക്കും. ചന്ദ്രഗ്രഹം അതിന്റെ ക്ഷയാവസ്ഥയില്‍ ദേവിയെ പ്രാര്‍ത്ഥിച്ചാണ് ബലം കൈവരിക്കുന്നത്. ദേവിയെ പ്രാര്‍ത്ഥിച്ചാല്‍ മനോബലവും എല്ലാവിധ ജീവിത ഐശ്വര്യങ്ങളും ഉണ്ടാവും. പൗര്‍ണമി ഒരിക്കല്‍ ആയും ഉപവാസമായും മൗനവ്രതമായും എടുക്കാറുണ്ട്. രാത്രി അരിഭക്ഷണം കഴിക്കരുത്. സന്ധ്യകഴിഞ്ഞ് പൗര്‍ണമി പൂജയോടുകൂടി വ്രതം പൂര്‍ണമാകും. പൗര്‍ണമി ദിവസം സ്ത്രീകള്‍ ഒരുമിച്ചുചേര്‍ന്ന് വിളക്കുപൂജ നടത്തുന്നത് ഉത്തമമാണ്. പൗര്‍ണമി ദിവസം ചന്ദ്രോദയ സമയത്ത് ചെമ്പുപാത്രത്തില്‍ തേന്‍ ചേര്‍ത്ത പലഹാരങ്ങള്‍ ചന്ദ്രനര്‍പ്പിച്ചാല്‍ ചന്ദ്രന്‍ തൃപ്തനാകും.


അമാവാസി വ്രതം
പിതൃക്കള്‍ക്ക് പ്രധാനപ്പെട്ട ദിവസമാണ് അമാവാസി അഥവാ കറുത്തവാവ്. വെളുത്തവാവ് കഴിഞ്ഞു വരുന്ന 15-ാമത്തെ തിഥിയാണ് അമാവാസി. അമാവാസി ദിവസം രാവിലെ തന്നെ പിതൃതര്‍പ്പണം നടത്തണം. ഏറ്റവും പ്രധാനപ്പെട്ട അമാവാസി കര്‍ക്കടക മാസത്തിലെ അമാവാസി വ്രതമാണ്. അമാവാസി വ്രതമെടുക്കുന്നതിന് തലേന്ന് ഒരുനേരം ഭക്ഷണമേ പാടുള്ളൂ. പിതൃപ്രീതി, വംശാഭിവൃദ്ധി, ആരോഗ്യം, സമ്പത്ത് ഇവയൊക്കെ അമാവാസി വ്രതത്തിന്റെ പുണ്യമാണ്.


ഷഷ്ഠി വ്രതം
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷത്തിലെ ഷഷ്ഠി ആണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദയാല്‍പ്പരം ആറുനാഴിക ഷഷ്ഠി ഉള്ള ദിവസമാണ് ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠി ഉപവാസമാണ്. പഞ്ചമിനാള്‍ ഒരു നേരം ഭക്ഷണം കഴിച്ച് ഒരിക്കലെടുക്കണം. ഷഷ്ഠി നാള്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നിര്‍ബന്ധമായും നടത്തണം. ഉച്ചയ്ക്ക് ഷഷ്ഠി പൂജയ്ക്കുശേഷം ക്ഷേത്രത്തിലെ നൈവേദ്യച്ചോറ് കഴിച്ച് വ്രതം അവസാനിപ്പിക്കാം. ഷഷ്ഠിവ്രതം തുടങ്ങുന്നത് തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി ദിവസം ആയിരിക്കണം. ഷഷ്ഠി, എണ്ണം അനുസരിച്ച് എടുക്കാം (6, 12 എന്നിങ്ങനെ). തുടങ്ങുന്ന ദിവസത്തെ നിയമം അനുസരിച്ച് വേണം എല്ലാ ഷഷ്ഠിവ്രതവും അനുഷ്ഠിക്കേണ്ടത്. സുബ്രഹ്മണ്യ പ്രീതി, ഇഷ്ടകാര്യ സാധ്യം, സന്താനസൗഖ്യം, ത്വക്‌രോഗ ശാന്തി ഇവയൊക്കെ ഫലം.

No comments:

Post a Comment