ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, January 31, 2018

തൈപ്പൂയം ഇന്ന്


തമിഴരും മലയാളികളും ഉള്ളിടങ്ങളിലെല്ലാം ആഘോഷിക്കുന്ന തൈപ്പൂയ മഹോത്സവം ഇന്ന്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തെവിടെയും ഈ ദിവസം വിശ്വാസികള്‍ ആഘോഷഭരിതമാക്കും. ഏറെ ജനകീയമായ ഹൈന്ദവാഘോഷങ്ങളിലൊന്നാണ് തൈപ്പൂയം.

തമിഴ് പഞ്ചാംഗപ്രകാരം തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസം) പൂയം നാളാണ് തൈപ്പൂയം. പരമശിവന്റെ പുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്ന് വിശ്വസിച്ചു പോരുന്നു. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാളെന്ന വിശ്വാസവുമുണ്ട്.തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷമുണ്ട്. തൈ പിറന്താല്‍ വഴി പിറക്കും എന്ന് തമിഴ് പഴമൊഴി. തൈമാസം ശുഭാരംഭത്തിനു പറ്റിയതെന്നാണ് കരുതപ്പെടുന്നത്.

സുബ്രഹ്മണ്യന് ഭക്തന്‍ നല്‍കുന്ന കാവടി സമര്‍പ്പണമാണ് ആഘോഷത്തില്‍ മുഖ്യം. ഇഷ്ടസിദ്ധിക്ക് വിവിധ തരത്തില്‍ കാവടി വഴിപാട്. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി എന്നിങ്ങനെ നേര്‍ച്ചകള്‍ പലവിധം. ഒരാഴ്ചയാണ് പല പ്രമുഖ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം. പഴനിയില്‍ രഥോത്സവവും, മധുരയില്‍ തെപ്പരഥോത്സവവും. കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ സുബ്രഹ്മണ്യ പ്രീതി നത്തും.

താരകാസുരന്റെ ശല്യം സഹിക്കാതായപ്പോള്‍ ദേവന്മാരും മഹര്‍ഷിമാരും ശിവപാര്‍വതിമാരുടെ സഹായം തേടി. ശിവന്‍ താരകാസുര നിഗ്രഹത്തിന് മകന്‍ സുബ്രഹ്മണ്യനെ നിയോഗിച്ചു. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ് തൈപ്പൂയാഘോഷമെന്ന സങ്കല്‍പ്പവുമുണ്ട്.

No comments:

Post a Comment