ഭൂലോക വൈകുണ്ഡം എന്ന ഖ്യാതി നേടിയ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നവർ ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരായിത്തീരുമെന്നാണ് വിശ്വാസം. സര്‍വ്വ പാപ നാശവും ദുരിതനിവാരണവും മഹാപുണ്യവുമാണ് ഭജനമിരിയ്ക്കുന്നതിന്റെ ഫലപ്രാപ്തിയെന്നാണ് ഐതിഹ്യം.
ഗുരുപവനപുരിയിൽ ഒരു ദിവസം മുതൽ ഒരു വര്ഷം വരെ ഭജനമിരിയ്ക്കുന്നവരുണ്ട്. മനഃശുദ്ധിവരുത്തി ഭഗവദ് സമര്‍പ്പണത്തോടെ രാത്രി രണ്ട് മണിയ്ക്കാണ് ഭജനം പാര്‍ക്കലിന് തുടക്കം.
ഈശ്വരധ്യാനത്തോടെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് നിര്‍മ്മാല്യദര്‍ശനം നടത്തി ഭഗവദ് നാമമന്ത്ര കീര്‍ത്തനാലാപനങ്ങളോരോന്നും ഉരുവിട്ട് കഴിയുന്നത്ര ക്ഷേത്രപ്രദക്ഷിണം ചെയ്ത് അവിടെതന്നെ കഴിച്ചുകൂട്ടണം. ക്ഷേത്രത്തിൽ നിന്നും ലഭിയ്ക്കുന്ന പഴം, പായസം, അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ. വൈകുന്നേരം നട തുറക്കുന്നതിനുമുന്‍പ് ദേഹശുദ്ധി വരുത്തി ക്ഷേത്രദര്ശനം നടത്തണം. തൃപ്പുക കഴിഞ്ഞ് കൊടിമരച്ചുവട്ടിൽ സര്‍വ്വപാപങ്ങളും ക്ഷമിച്ചുകൊള്ളണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദണ്ഡനമസ്‌കാരം നടത്തണം. ഭജനമിരിയ്ക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം. നിര്‍മ്മാല്യദര്‍ശനം നടത്തിയാല്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നും തൃപ്പുക സമയത്ത് ദര്‍ശനം നടത്തിയാൽ മോക്ഷപ്രാപ്തി കൈവരുമെന്നും വിശ്വാസമുണ്ട്.
അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് രാജാവ് സര്‍പ്പദംശനമേറ്റ് മരണമടഞ്ഞു. പിതാവിനെ ദംശിച്ച തക്ഷകനെന്ന സര്‍പ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സര്‍പ്പസത്രം നടത്തി. അനേകായിരം സര്‍പ്പങ്ങൾ യാഗാഗ്നിയിൽ പതിച്ച് ജീവന്‍ വെടിഞ്ഞു. തല്‍ഫലമായി ജനമേ ജയൻ കുഷ്ഠരോഗ ബാധിതനായി. രോഗശാന്തിയ്ക്ക് ഗുരുവായൂരിൽ ഭജനമിരിയ്ക്കാൻ ദത്താത്രേയ മഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് നാല് മാസം ഗുരുവായൂരില്‍ ഭജനമിരിയ്ക്കുകയും രോഗശാന്തി നേടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. ദുഃഖിതനായ രാജാവ് തീർഥയാത്രക്കിടയിൽ ഗുരുവായൂരിലെത്തി വളരെക്കാലം ഭജനമിരുന്നു. അങ്ങനെ പ്രവചനസമയം കടന്നുപോയി. ആപത്ത് കൂടാതെ രാജാവ് സ്വദേശത്ത് തിരിച്ചെത്തി ജ്യോതിഷ പണ്ഡിതനെകണ്ടു. പ്രവചനം തെറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ കാലിൽ സര്‍പ്പദംശനമേറ്റ അടയാളം കാണിച്ചു കൊടുത്തു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഭഗവദ് സന്നിധിയിലായതിനാല്‍ മരണത്തിൽ നിന്ന് മുക്തി നേടുകയാണുണ്ടായത്. പിന്നീട് പാണ്ഡ്യരാജാവ് ഭഗവദ് സന്നിധി പുനർനിര്‍മ്മിച്ചു നല്‍കിയെന്നാണ് ഐതിഹ്യം.
മേല്‍പുത്തൂർ നാരായണ ഭട്ടതിരിപ്പാട് വാതരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി ഗുരുവായൂരിൽ ഭജനമിരുന്ന് നാരായണീയ മഹദ്ഗ്രന്ഥം തയ്യാറാക്കി ഭഗവാനു സമര്‍പ്പിച്ച് രോഗമുക്തി നേടിയെന്നും ഐതിഹ്യമുണ്ട്.
മഹാഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗഭൂമിയിൽ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂർ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി.അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി.
ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ ശ്രീകൃഷ്ണന് ആ വിഗ്രഹം ദ്വാരകയില്‍ പൂജിയ്ക്കുവാന്‍ മഹാഭാഗ്യം ലഭിച്ചു. ദ്വാരക ജലാശയത്തില്‍ മുങ്ങിപ്പോകുമെന്നും അപ്പോൾ ആ ദേവവിഗ്രഹം ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിയ്ക്കണമെന്ന് ശ്രീകൃഷ്ണന്‍ ആത്മമിത്രമായ ഉദ്ധവരെ അറിയിച്ചു. പ്രളയസമയമടുത്തപ്പോള്‍ ഉദ്ധവന്‍ ദേവബിംബം ദേവഗുരുവായ ബൃഹസ്പതിയെ ഏല്പിച്ചു. ശ്രീ പരശുരാമന്റെ സഹായത്തോടെ ബൃഹസ്പതിയും വായുദേവനും കൂടി പ്രതിഷ്ഠയ്ക്കു കണ്ടെത്തിയ ഭൂപ്രദേശമാണ് ഗുരുവായൂർ.
കൈലാസനാഥനായ ശ്രീപരമേശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന മഹാപുണ്യഭൂമികൂടിയാണ് ഗുരുപവനപുരി. ഉദയസൂര്യകിരണങ്ങൾ ഭഗവദ്പാദത്തെ സ്പര്‍ശിക്കുന്ന രീതിയില്‍ ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പൂജാവിധികള്‍ ക്രമമായി ചിട്ടപ്പെടുത്തിയത്. അദ്വൈതാചാര്യന്‍ ശ്രീശങ്കരാചാര്യ സ്വാമികളാണ്. ദേവബിംബ-സ്ഥലനാമ-പ്രതിഷ്ഠാമാഹാത്മ്യംകൊണ്ട് മഹത്തരമാക്കിയ മഹാപുണ്യഭൂമികൂടിയാണിത്. കഠിനതപശക്തിയുള്ള മഹാഋഷിവര്യന്മാർ പ്രതിഷ്ഠ നടത്തിയ വിഗ്രഹത്തിന് ചൈതന്യവര്‍ദ്ധന വളരെ കൂടുതലായിരിക്കുമെന്നാണ് പണ്ഡിത പ്രമാണം. പന്ത്രണ്ട്ഭാവങ്ങളിൽ ഭഗവാൻ ദർശനം നല്‍കുന്നുവെന്നത് ഇവിടുത്തെമാത്രം പ്രത്യേകതയാണ്. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വളരെ പ്രധാനം. കൂടാതെ കുംഭമാസത്തിലെ പൂയ്യം നാളിലാരംഭിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവം, വൈശാഖം, അക്ഷയതൃതീയ, അഷ്ടമിരോഹിണി, ചിങ്ങമാസത്തിലെ തിരുവോണം, നവരാത്രി, കുചേലദിനം, മേല്പുത്തൂര്‍ദിനം, പൂന്താനദിനം, ഗീതാജയന്തി, കൃഷ്ണഗീതിദിനം എന്നിവ പ്രധാന ആഘോഷചടങ്ങുകളാണ്.

No comments:
Post a Comment