ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, December 9, 2017

ക്ഷേത്രങ്ങള്‍ക്ക് എല്ലാവരും ധനസഹായം നല്‍കണം



ഭക്തര്‍ കൊടുത്ത പണം കൊണ്ട് ഇന്നേവരെ ഒരു ദൈവവും സമ്പന്നനായിട്ടില്ല. ഭക്തരുടെ കൈകൂലി വാങ്ങിക്കൊണ്ട് ഒരു ദൈവവും അവന് കാര്യസാധ്യം ചെയ്തു കൊടുത്തിട്ടുമില്ല. അതുകൊണ്ട് ആരും ഇനിമുതല്‍ ക്ഷേത്രങ്ങൾക്ക് വഴിപാടോ ദക്ഷിണയോ കൊടുക്കരുതെന്ന് ചില പരിഷ്കാരികളായ ആത്മീയവാദികള്‍ പറയുന്നുണ്ടത്രേ


എല്ലാവരും ക്ഷേത്രങ്ങൾക്ക് ധനസഹായം നല്‍കണം. നിങ്ങള്‍ നിറുത്തേണ്ടത് ക്ഷേത്രങ്ങളില്‍ കൊടുക്കുന്ന ദക്ഷിണയല്ല, മറിച്ച് ' ദക്ഷിണയും വഴിപാടും കൊടുത്തില്ലെങ്കില്‍ ദൈവം കോപിച്ചു കളയും, വഴിപാടു കഴിച്ചാല്‍ കാര്യം സാധിക്കും' എന്നൊക്കെയുള്ള ചിന്തകളാണ്.


ഓര്‍ക്കുക, "കായോ, ഇലയോ, പൂവോ, പഴമോ നീ ഭക്തിയോടു കൂടി എന്തു സമർപ്പിച്ചാലും ഞാന്‍ സ്വീകരിക്കു" എന്നു പറയുന്ന ദൈവത്തെയാണ് സനാതനധര്‍മ്മം പരിചയപ്പെടുത്തുന്നത്.

അല്ലാതെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പണം സമ്പാദിക്കുന്ന ബ്ലേഡ്കമ്പനിക്കാരനല്ല നമ്മുടെ ദൈവം.

പിന്നെ എന്തിനാണ് ക്ഷേത്രങ്ങൾക്ക് ധനസഹായം നല്കുന്നത്?


അത് അറിയാന്‍ നാം നമ്മുടെ ചരിത്രമൊന്ന് മറിച്ച് നോക്കണം. പണ്ട് രാജഭരണകാലത്ത് നികുതി പിരിക്കാനും, രാജ്യത്തിന്‍റെ ഖജനാവ് സൂക്ഷിക്കാനുമൊക്കെ ക്ഷേത്രങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദൈവസന്നിധിയില്‍ എല്ലാ ധനവും സമര്‍പ്പിച്ചുകൊണ്ട് ഒരു ഖജനാവു പോലെ ക്ഷേത്രങ്ങളെ പരിപാലിച്ചു പോന്നു.


അതുകൊണ്ടു തന്നെ വിദേശാക്രമണങ്ങളില്‍ ആദ്യം ആക്രമിക്കപ്പെട്ടതും അപഹരിക്കപ്പെട്ടതും ക്ഷേത്രങ്ങളാണ്. പാശ്ചാത്യരുടേയും, ടിപ്പുസുല്‍ത്താന്‍റേയുമൊക്കെ കാലഘട്ടത്തില്‍ തകർക്ക്പ്പെടുകയും അപഹരിക്കപ്പെടുകയും ചെയ്ത ക്ഷേത്രങ്ങൾക്ക് കണക്കില്ല.
ഭാരതീയ സംസ്കാരത്തിന്റെ അടിവേര് പറിച്ചിളക്കാന്‍ അവര്‍ ആദ്യം കൈ വച്ചതും ക്ഷേത്രങ്ങളില്‍ തന്നെ. പിന്നീട് രാജാവില്‍ നിന്ന് ഗവണ്മെന്റ് ഭരണം ഏറ്റെടുത്തപ്പോള്‍ രാജ്യാധികാര പരിധിയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും ഗവണ്മെന്റിന്‍റെ അധീനതയിലായി.


എന്നാല്‍ പണ്ടെ തന്നെ സ്വകാര്യ മത സംഘടനകള്‍ നടത്തി വന്നിരുന്ന പള്ളികളും മറ്റും ആ മതക്കാര്‍ തന്നെ നടത്തിക്കൊണ്ടു പോകണമെന്നും വന്നു. അതിന്‍റെ വരുമാനത്തില്‍ ഗവണ്മെന്‍റിന് അവര്‍ പങ്ക് കൊടുത്തില്ല. ഈ നിലപാട് ഇന്നും തുടരുന്നു.


എന്നാല്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം രാജഭരണകാലത്തെന്ന പോലെ ജാതിമതഭേദമന്യേ എല്ലാവര്ക്കുമായി ചിലവാക്കാന്‍ ഗവണ്മെന്‍റ് തീരുമാനിച്ചു.

അതുകൊണ്ട് ഓർക്കുക, നിങ്ങള്‍ ക്ഷേത്രങ്ങളില്‍ കൊടുക്കുന്ന കാണിക്ക എല്ലാവര്‍ക്കും എത്തിച്ചേരുന്നുണ്ടെന്ന്.

കുറച്ചൊക്കെ രാഷ്ട്രീയക്കാര്‍ അടിച്ചു മാറ്റുന്നുണ്ടാവും. എങ്കിലും നിങ്ങളുടെ ആത്മാര്‍ത്ഥമായ കാണിക്ക അത് അർഹതയുള്ളവരുടെ കൈകളില്‍ തന്നെ ദൈവം എത്തിക്കും എന്നു വിശ്വസിക്കുക.


ചരിത്രത്തില്‍ മറ്റൊന്നു കൂടി പറയാനുണ്ട്. ഭൂവവകാശ നിയമം. കൊയ്യുന്നവന് തന്നെ ഭൂമി സ്വന്തമാകും എന്ന നില വന്നതോടെ, ഇന്നലെ വരെ ആഡ്യന്മാരായിരുന്ന പല നമ്പൂതിരിമാരും, നായന്മാരും ഒറ്റ ദിവസം കൊണ്ട് നിർധനരായി.


മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യേണ്ടി വരുന്നതിലുള്ള അഭിമാനഭംഗമോര്‍ത്ത് അവരില്‍ പലരും ആത്മഹത്യ ചെയ്തു. ചിലര്‍ അഭിമാനം രക്ഷിക്കാന്‍ മതം മാറി.


എന്നാല്‍ കൊയ്ത ഭൂമി ചുളുവില്‍ കൈയ്യില്‍ കിട്ടിയ അന്യമതസ്ഥരും, ജാതിക്കാരുമൊക്കെ അന്ന് ആനന്ദിക്കുക മാത്രമല്ല. ഇന്നും ഗവണ്മെന്‍റിന്‍റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
അതേ സമയം നിര്‍ധനരാക്കപ്പെട്ട മേല്‍ജാതി തലമുറകള്‍ ഇന്നും വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതെ കഷ്ടപ്പെടുന്നു. എന്‍റെ കൂടെ പഠിച്ചിരുന്ന ഒരു നിര്‍ധന ബ്രാഹ്മണകുടുംബത്തിലെ സുഹൃത്ത് ഇതിന് തെളിവാണ്.


നിങ്ങളൊക്കെ കരുതും പോലെ ഗുരുവായൂരും, ശബരിമലയും മാത്രമല്ല ക്ഷേത്രങ്ങള്‍. ഒരു നേരത്തെ തിരി കത്തിക്കാനുള്ള വക പോലുമില്ലാത്ത എത്രയോ ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ പഴമയാര്‍ന്നവയും സംരക്ഷിക്കപ്പെടേണ്ടവയുമാണ്.


ഇവിടെയൊക്കെ കിട്ടുന്ന ദക്ഷിണയെ മാത്രം വിശ്വസിച്ച് ജീവിക്കുന്ന നമ്പൂതിരി കുടുംബങ്ങളുണ്ട്. നിങ്ങളുടെ ദക്ഷിണ ഇനിമുതല്‍ ഇവര്‍ക്ക് വേണ്ടിയുള്ളതാവട്ടെ.


ഇവിടെ ഒരു വിവേകാനന്ദ വചനം ഓര്‍ത്തു പോകുന്നു. "നിങ്ങളുടെ നാട്ടില്‍ സമത്വം വേണമെന്നുണ്ടെങ്കില്‍ താഴേക്കിടയിലുള്ളവനെ ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഉയര്‍ന്നവനെ താഴേക്ക് വലിച്ച് താഴ്ത്തുകയല്ല."
സുഹൃത്തുക്കളേ നമ്മുടെ ക്ഷേത്രങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അവയുടെ നല്ല നടത്തിപ്പിനു വേണ്ട ധനസഹായങ്ങളും നാം തന്നെ നല്‍കണം. എന്തെന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നമ്മുടെ പൈതൃകങ്ങളാണ്, നമ്മുടെ ആത്മീയദര്‍ശനങ്ങളാണ്, നമ്മുടെ ഗുരുവാണ്.


ക്ഷേത്രങ്ങളെ വഴിപാടു കേന്ദ്രങ്ങളെന്നതിനുപരി ആത്മീയവിദ്യാലയങ്ങളാക്കണം. നമ്മുടെ ആത്മീയ ഗ്രന്ഥങ്ങള്‍ അവിടെ പഠിപ്പിക്കണം. വരും തലമുറകള്‍ക്ക് ക്ഷേത്രമെന്തെന്ന് മനസ്സിലാക്കി കൊടുക്കണം.


ക്ഷേത്രങ്ങളേയും, ദൈവത്തേയും പുച്ഛിച്ചു തള്ളിക്കൊണ്ട് ചില ആധുനിക ആത്മീയവാദികള്‍ തങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ പറയുന്ന അസഭ്യങ്ങള്‍ക്കൊന്നും ചെവികൊടുക്കരുത്.


തന്‍റെ കൂട്ടര്‍ക്ക് ക്ഷേത്രം വേണമെന്നു പറഞ്ഞപ്പോള്‍ ഈഴവ ശിവന്‍റെ ക്ഷേത്രം പണിതു കൊടുത്ത നാരായണഗുരുവിനെ ഓര്‍ക്കുക. ക്ഷേത്രങ്ങള്‍ ഏറ്റവും വലിയ ആത്മീയ തത്വത്തിലേക്ക് നിങ്ങളെ എത്തിക്കും.


"ക്ഷേത്രത്തിലില്ല പരമേശ്വരമൂര്‍ത്തി ഗാത്രക്ഷേത്രത്തിലുണ്ട് ലവലേശമില്ല പാപം"


ഈ സത്യം അറിഞ്ഞു കഴിയുമ്പോള്‍ വീണ്ടും ക്ഷേത്രങ്ങള്‍ ആവശ്യമില്ലെന്ന് പറയരുത്. കാരണം നിങ്ങളെ ഈ അറിവിലേക്കെത്തിച്ചത് ഈ ക്ഷേത്രങ്ങളാണ് മറക്കരുത്.


ഞാന്‍ വീണ്ടും പറയട്ടെ, നമ്മുടെ ക്ഷേത്രങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.എന്തെന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ നമ്മുടെ പൈതൃകങ്ങളാണ്, നമ്മുടെ ആത്മീയദര്‍ശനങ്ങളാണ്, നമ്മുടെ ഗുരുവാണ്.


#ഭാരതീയചിന്തകൾ

No comments:

Post a Comment