ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, December 14, 2017

ശ്രീകൃഷ്ണ കഥകൾ



ധര്‍മ്മപുത്രര്‍ നടത്തുന്ന രാജസൂയ യാഗത്തില്‍ അദ്ദേഹം ശ്രീകൃഷ്ണനെ ഇരുത്തി പൂജിക്കുമ്പോള്‍, ശിശുപാലന്‍ വളരെയധികം പരിഹാസത്തോടെ ശ്രീകൃഷ്ണനെ അധിക്ഷേപിക്കുന്നു.. ശ്രീകൃഷ്ണന്‍ പൂജ്യനല്ലെന്നും ഒക്കെ പറഞ്ഞ്.. ശിശുപാലന്റെ അഹങ്കാരത്തോടെയുള്ള കളിയാക്കല്‍ അതിരുകടക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ തന്നെ ശിശുപാലനെ വധിക്കുന്നു. ഇതുകണ്ട് ആഹ്ലാദഭരിതരായ ജനങ്ങള്‍ ‘ഹരേ..കൃഷ്ണാ’ എന്നു വിളിച്ച് ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ അവര്‍ അല്‍ഭുതകരമായ ഒരു കാഴ്ച്ച കാണാനിടയാകുന്നു.. ശിശുപാലന്റെ മൃതശരീരത്തില്‍ നിന്നും ഒരു തേജസ്സ് പോയി ശ്രീകൃഷ്ണനില്‍ ലയിക്കുന്നു!


ഇതുകണ്ട് ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനെ വാഴ്ത്തുന്നു. ‘അങ്ങ് എത്ര ദയവാനാണ്!’ തന്നെ നിന്ദിച്ചവനെപ്പോലും സ്വീകരിച്ചല്ലൊ എന്നോര്‍ത്ത് അല്‍ഭുതപ്പെടുന്നു. അപ്പോള്‍ അതുകണ്ടുനിന്ന നാരദമഹര്‍ഷി ശ്രീകൃഷ്ണ ഭക്തി പലതരമുണ്ടെന്നും.. ശ്രീകൃഷ്ണനെ ഏതുവിധേന സ്മരിച്ചാലും ഒടുവില്‍ ഉന്നതി ഉണ്ടാകും എന്നും ധര്‍മ്മപുത്രര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കുന്നു..


കംസന്‍ ഭയത്താല്‍ മുക്തിനേടി,
പ്രഹ്ലാദന്‍ ഭക്തിയാല്‍,
ക്രോധത്താല്‍ ഹിരണ്യകശിപു ,
പ്രേമത്താല്‍ ഗോപികമാര്‍..

അങ്ങിനെ പലപ്രകാരത്തിലും ഭഗവാനില്‍ ലയിക്കാനാകുമെന്ന് പറയുന്നു.
അവിടെ വച്ച് നാരദമുനി, പണ്ട് ഹിരണ്യകശിപു ഭഗവാനെ പ്രാപിച്ച കഥ പറയുന്നു.


മഹാവിഷ്ണുവിന്റെ ദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർ ഒരിക്കൽ സനകാദി മഹർഷിമാർ മഹാവിഷ്ണുവിനെ സന്ദർശിക്കാൻ വരുമ്പോൾ അകത്തേക്ക് കടത്തി വിടുന്നില്ല. കോപം കൊണ്ട സനകാദികൾ ജയവിജയന്മാരെ അസുരന്മാരായി ജനിക്കട്ടെ ഭവിക്കട്ടെ, എന്നു ശപിക്കുന്നു... ജയവിജയന്മാർ മഹവിഷ്ണുവിനോട് മാപ്പിരന്ന് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ മൂന്നു ജന്മത്തിലും നാരായണ വൈരികളായ അസുരന്മാരായി ജനിച്ച് എന്നാൽ തന്നെ കൊലചെയ്യപ്പെട്ട് ഒടുവിൽ എന്നിൽ വിലയിക്കും എന്ന് ശാപമോക്ഷം കൊടുക്കുന്നു..


ജയവിജയന്മാർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ദ്വിതീദേവിയുടെ ഗർഭത്തിൽ സന്ധ്യാസമയത്ത് ജനിക്കുന്നു.


തങ്ങളൊടെതിർക്കാൻ ആരുമില്ലെന്ന അഹംഭാവത്താൽ മതിമറന്ന് അവർ ജീവിക്കുന്നു..ഹിരണ്യാക്ഷൻ ഭൂമിയെ പാതാളത്തിലൊളിപ്പിച്ചു വയ്ക്കുന്നു.
ഭഗവാൻ പന്നിയായവതരിച്ച് ഹിരണ്യാക്ഷനെ കൊന്ന് ഭൂമിയെ സ്വതന്ത്രയാക്കുന്നു.


ഹിരണ്യകശിപു നാരായണവൈരിയായി നാരായണ ഭക്തനായ സ്വന്തം പുത്രൻ പ്രഹ്ളാദനെ വളരെ ക്രൂരമായും നികൃഷ്ടമായും ദ്രോഹിക്കുന്നതിൽ കോപാകുലനായി ഭഗവാൻ നരസിംഹമായവതരിച്ച് ഹിരണ്യകശിപുവിനെയും വധിക്കുന്നു.. അങ്ങനെ അന്ധമായ വിഷ്ണുവിരോധിയായിട്ടും ഹിരണ്യകശിപു ഭഗവാനെ പ്രാപിക്കുന്നു.

No comments:

Post a Comment