ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, December 21, 2017

സുമിത്ര (സുമിത്രദേവി )



രാമായണത്തിലെ ഏറ്റവും വലിയ ഭാഗം ഏതെന്ന് ചോദിച്ചാൽ ഇതു പറയാം



അവഗണിക്കപ്പെട്ടവൾക്കാണ്‌ ഒരർത്ഥത്തിൽ ഭാഗ്യാതിരേകം വന്നത്‌. മറ്റുളളവർക്ക്‌ ഓരോ പുത്രന്മാരെ ലഭിച്ചപ്പോൾ സുമിത്രയ്‌ക്കു രണ്ടുപേരെ ലഭിക്കുകയുണ്ടായല്ലോ -

ലക്ഷ്‌മണനും ശത്രുഘ്‌നനും.


ശ്രീരാമനു പ്രിയപ്പെട്ടവനായി ലക്ഷ്‌മണൻ; ശത്രുഘ്‌നൻ ഭരതന്റെയും. തന്മൂലം രാമനെ കാട്ടിലയയ്‌ക്കുന്ന പ്രശ്‌നത്തിൽ കൗസല്യ ദുഃഖിക്കുമ്പൊഴും ഭരതൻ രാജാവാകുമല്ലോ എന്നോർത്തു കൈകേയി ആഹ്ലാദിക്കുമ്പൊഴും സുമിത്ര സന്തുലിതമായ മനസ്സിന്റെ ഉടമയായി നിന്നു.


സുമിത്ര എന്ന പേരും വളരെ അർത്ഥവത്തായിട്ടുണ്ട്‌. കൗസല്യയ്‌ക്കും കൈകേയിക്കും ഇടയിൽ, രാമനും ഭരതനും ഇടയിൽ, സൗമിത്രത്തിന്റെ അഥവാ സാഹോദര്യത്തിന്റെ പൊൻചരടാണവൾ.

കാടും നാടും സുമിത്രയ്‌ക്ക്‌ ഒരുപോലെയാണ്‌. സുഖവും ദുഃഖവും അവൾക്ക്‌ ഒരുപോലെയാണ്‌. ഒരു മകൻ (ലക്ഷ്‌മണൻ) കാട്ടിൽ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്‌നൻ നാട്ടിൽ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ വലുതായി ബാധിക്കുന്നില്ല.


സമത്വബുദ്ധിയും സന്തുലിതമായ മനസ്സും കൊണ്ട്‌ സുമിത്ര ഒരു തത്വചിന്തയുടെ ഔന്നത്യം കൈവരിച്ചതുപോലെ തോന്നാം. സൗമ്യവും ശാന്തവുമായ പ്രകൃതം അവളെ അധികനേരവും കൗസല്യയുടെ കൂടെ കഴിയാൻ പ്രേരിപ്പിച്ചു.


സുമിത്രയ്‌ക്കു രാമായണത്തിൽ രത്‌നശോഭ കൈവരുന്ന ഒരു സന്ദർഭമുണ്ട്‌. വനവാസത്തിനു പുറപ്പെട്ടു വന്ന സീതാരാമലക്ഷ്‌മണന്മാരെ ഓരോരുത്തരെയായി ആശ്ലേഷിച്ച്‌ അനുഗ്രഹിക്കുമ്പൊഴാണത്‌. ഒടുവിൽ സ്വപുത്രനായ ലക്ഷ്‌മണന്റെ മൂർദ്ധാവിൽ മുകർന്നു  സുമിത്ര പറയുന്ന വരികൾ ലോകപ്രശംസ നേടിയതാണ്‌.


“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം.”


“ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായ എന്നെപ്പോലെയും കണ്ടു സ്‌നേഹാദരങ്ങൾ നൽകണം. ഘോരവനത്തെ അയോദ്ധ്യയാണെന്നും കരുതിക്കൊളളുക. യാത്ര സുഖമാകട്ടെ! മകനേ, നീ പോയി വരിക!”


രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായ ശ്ലോകം ഇതാണെന്നു മഹാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സുമിത്രയുടെ നാവിലൂടെ വരുന്നതാണത്‌. ഈ ശ്ലോകത്തിനു തത്ത്വചിന്താപരമായും മറ്റും ഒട്ടേറെ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്‌.


പറയിപെറ്റ പന്തിരുകുലം എന്ന കഥയിലെ നായകൻ വരരുചി മഹർഷിയാണ്‌. വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിതസദസ്സിലെ ഏറ്റവും പ്രഗത്ഭനായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും കുഴക്കിയ ഒരു ചോദ്യത്തിന്റെ ഉത്തരമെന്ന നിലയിൽ, സുമിത്രയുടേതായ ഈ ശ്ലോകം കൂടുതൽ പ്രശസ്‌തി ആർജ്ജിക്കുകയുണ്ടായി.


രാമായണ രചനയ്‌ക്കുമുമ്പ്‌ വാല്‌മീകിമഹർഷിയിൽനിന്നു “മാനിഷാദ പ്രതിഷ്‌ഠാം‘ എന്നു തുടങ്ങുന്ന ഒറ്റശ്ലോകം ഉണ്ടായല്ലോ. അതുപോലെ രാമായണത്തിന്റെ മുഴുവൻ സത്തയായി ഒരു ശ്ലോകം പിന്നീടുണ്ടായി. അതു സുമിത്രയിലൂടെയാണ്‌.


പലരും സുമിത്രയുടെ മഹത്വം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. സുമിത്രാദേവി നൽകുന്ന സന്ദേശം നിസ്സംഗതയുടേതാണ്‌. സമസ്‌ത ലോകത്തിനും മാനസികാനന്ദം അനുഭവിക്കാനുളള സമതയുടെ ഏകമാർഗ്ഗമാണത്‌.


No comments:

Post a Comment