ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, December 30, 2017

വിഭക്തിയെ തോല്പിച്ച ഭക്തി



ശ്രീകൃഷ്ണനു കുചേലന് എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം. പൂന്താനത്തിന്റെ ഒരുവരിയെങ്കിലും ചൊല്ലാതെയോ കേള്ക്കാതെയോ കേരളത്തിലെ ഒരു ഭക്തന്റെ ദിനം കടന്നുപോകില്ല എന്നുറപ്പ്.


ഭക്തി കൊണ്ട് കവിത്വം നേടിയ കവിയായാണ് നാം പൂന്താനത്തെ വിലയിരുത്തുന്നത്.


മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരില് അറിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ യഥര്ത്ഥപേര് വ്യക്തമല്ല. ദീര്ഘനാള് നീണ്ടു നിന്ന അനപത്യദു:ഖത്തിനൊടുവില് ഉണ്ണി പിറന്നപ്പോള് ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാല് അന്നപ്രാശനദിനത്തില് ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകള്ക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണന് മനസ്സില് കളിക്കുമ്പോള് മക്കളായി മറ്റുണ്ണികള് വേണ്ടെന്നുവെക്കുമ്പോള് ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയില്.


മേല്പത്തൂര് ഭട്ടതിരിപ്പാട് നാരായണീയം രചിച്ച അതേ കാലഘട്ടത്തിലാണ് പൂന്താനം ജ്ഞാനപ്പാനയും രചിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ ജ്ഞാനപ്പാന വായിച്ച് വേണ്ട തിരുത്തലുകള് നിര്ദേശിക്കാന് മേല്പത്തൂരിനെ സന്ദര്ശിച്ച പൂന്താനത്തെ സംസ്കൃതം പഠിച്ചിട്ട് എഴുതാന് പറഞ്ഞ് മേല്പത്തൂര് അപമാനിച്ചു. തുടര്ന്ന് രോഗബാധിതനായ മേല്പത്തൂരിനു മുമ്പില് ഒരു ബാലന്റെ രൂപത്തില് ഗുരുവായൂരപ്പന് പ്രത്യക്ഷനായി മേല്പത്തൂരിന്റെ വിഭക്തിയേക്കാള് പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്ചെയ്തതായി ഭക്തര് വിശ്വസിക്കുന്നു. ഗുരുവായൂരേക്കുള്ള യാത്രാമദ്ധ്യെ കള്ളന്മാര് ആക്രമിച്ച ഭക്തകവിയെ മങ്ങാട്ടച്ചന്റെ രൂപത്തില് വന്ന് ഗുരുവായൂരപ്പന് രക്ഷപ്പെടുത്തി എന്ന ഐതിഹ്യത്തിനും വിശ്വാസക്കാരേറെ.


ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന പൂന്താനത്തിന്റെ ജീവിതത്തെ ഭക്തിമാര്ഗ്ഗത്തിലൂടെയും ശാസ്ത്രീയതയിലൂടെയും സമീപിച്ച ചരിത്രകാരന്മാര് നിരവധിയാണ്. പക്ഷെ ജ്ഞാനപ്പാന മലയാളത്തിന്റെ ഭഗവദ്ഗീതയാണെന്നതില് ആര്ക്കും സംശയമില്ല.
അദ്ദേഹത്തിന്റേതെന്ന് സാഹിത്യലോകം അംഗീകരിച്ച 22 കൃതികളും അദ്ദേഹത്തിന് പച്ചമലയാളകവി എന്ന സ്ഥാനപ്പേര് ചാര്ത്തിക്കൊടുത്തു. ജ്ഞാനപ്പാനയ്ക്കു പുറമെ ശ്രീകൃഷ്ണകര്ണാമൃതം, സന്താനഗോപാലം, കുമാരഹരണം തുടങ്ങിയ കൃതികളും ഇന്നും ചര്ച്ച ചെയ്യപ്പെടുന്നു.
മാർച്ച് രണ്ടിന് വീണ്ടും ഒരു പൂന്താനം ദിനം കടന്നുവരുമ്പോള് അദ്ദേഹത്തിന്റെ അനശ്വരങ്ങളായ വരികള്ക്കൊപ്പം ആ മഹാനുഭാവനേയും നമുക്ക് സ്മരിക്കാം. പൂന്താനത്തിന്റെ ചിന്തകള് പതിനാറാം നൂറ്റാണ്ടിലെന്നതുപോലെ ഇന്നും പ്രസക്തമാണല്ലോ എന്നോര്ത്ത് ആശ്ചര്യപ്പെടാം.

No comments:

Post a Comment