ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, December 27, 2017

ഭൂതനാഥ ഗീതാപ്രാരംഭം - കലിയുഗവരദന്റെ മഹിമകളിലൂടെ # 32



sree-ayyappan





സൂതന്‍ പറഞ്ഞു: മണികണ്ഠന്റെ ജനനത്തേക്കുറിച്ചും അവതാരലക്ഷ്യത്തേക്കുറിച്ചും അഗസ്ത്യമഹര്‍ഷി പന്തളരാജാവിനോടു പറഞ്ഞു. മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് ഖേദവും, ഭീതിയും, സന്തോഷവും, ഭക്തിയും, ആദരവും, അത്ഭുതവും കലര്‍ന്ന മനസ്സോടെ രാജശേഖരമഹാരാജാവ് മണികണ്ഠന്റെ പാദങ്ങള്‍ വന്ദിച്ചു സ്തുതിച്ചു


വന്ദേ ഹരിഹരനന്ദന! ഹേമണി
കന്ധരാ! സ•യ! ചി•യ! സുന്ദര!
പുണ്യപൂര്‍ണ്ണ! പുരുഷോത്തമ! ശങ്കര!
പുണ്ഡരീകേക്ഷണ! ദേവ! ദയാനിധേ!



അവിടുന്ന് പന്തളരാജധാനിയില്‍ വസിക്കാന്‍ ആരംഭിച്ചതുമുതല്‍ നിന്തിരുവടിയുടെ പരമാര്‍ത്ഥം അറിയാതെ ഞാന്‍ എന്തെങ്കിലും ധിക്കാരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍അതെല്ലാം ദയാപൂര്‍വ്വം ക്ഷമിച്ചാലും. ദുഷ്ടനായ മന്ത്രി ചെയ്ത ദുഷ്പ്രവൃത്തികള്‍ ഒന്നാലോചിച്ചാല്‍ പൊറുക്കാവുന്നതല്ല. കഷ്ടം! എന്റെ ഭാര്യയേക്കൂടി വച്ചു കാപട്യവാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചത് ഓര്‍ക്കുമ്പോള്‍ മന്ത്രിയെ ശിക്ഷിക്കാതെ വിട്ടയയ്ക്കാനും എനിക്കുതോന്നുന്നില്ല. വിഭോ, അങ്ങയുടെ കല്‍പ്പനപോലെ എല്ലാംചെയ്യുന്നതിനാണ് എനിക്കുതാല്‍പര്യം. സുന്ദരാംഗനായ ഭഗവാനേ, അങ്ങയുടെ കൂടെവന്നിട്ടുള്ള ദേവവൃന്ദങ്ങളാകുന്ന പുലിക്കൂട്ടത്തെ തിരിച്ചയച്ചാലും. അല്ലെങ്കില്‍ നാട്ടുകാരെല്ലാം വല്ലാതെ ഭയന്നുവലയും. സര്‍വജ്ഞനും, സര്‍വേശനും, ശര്‍വാത്മജനുമായ ജഗല്‍പതേ, എന്റെ മനസ്സിലുള്ളതെല്ലാം അറിയുന്നവനാണ്അങ്ങ്. എന്റെ ഉള്ളില്‍ അല്‍പം പോലും ഗര്‍വ്ഉണ്ടാകാതെസര്‍വദാ എന്നെ കാത്തുരക്ഷിച്ചാലും.


ഇങ്ങനെയെല്ലാം പറഞ്ഞു ഭക്തിപൂര്‍വം ഭഗവാന്റെ പാദം വന്ദിച്ച് രാജാവ് നിലകൊണ്ടു. ഭൂതനാഥന്റെ നിര്‍ദ്ദേശാനുസാരം പുലിക്കൂട്ടം അപ്രത്യക്ഷമായി. ഈ കാഴ്ചകളെല്ലാം വീക്ഷിച്ച പ്രജകള്‍ വിസ്മയിച്ചു. പന്തളരാജനെ ആലിംഗനം ചെയ്ത് ദയാവാരിധിയായ ഭൂതേശന്‍ പറഞ്ഞു: ദേവകാര്യം സാധിക്കുന്നതിനായാണു ഞാന്‍ അങ്ങയുടെ കൊട്ടാരത്തില്‍ സന്തോഷപൂര്‍വം വസിച്ചത്. ഇഷ്ടമുള്ള വരംചോദിച്ചുകൊള്ളുക. ചാഞ്ചല്യം കൂടാതെ ഞാന്‍ നല്‍കുന്നതാണ്. മന്ത്രിയെ അങ്ങ് ഒരുകാലത്തും ശിക്ഷിക്കരുത്. മന്ഥരയേപ്പോലെ മന്ത്രിയേയും കൈകേയിയേപ്പോലെ പത്‌നിയേയും ദശരഥനേപ്പോലെ അങ്ങയേത്തന്നെയും രാമനേപ്പോലെ എന്നേയും കരുതുക. അല്ലയോ ഭൂമിപതേ, അങ്ങേയ്ക്ക് നല്ലതുവരുന്നതാണ്.


ഭൂതനാഥന്റെ വാക്കുകള്‍കേട്ട് സന്തോഷപൂര്‍വം കൈകള്‍കൂപ്പി രാജാവ് പറഞ്ഞു: നിന്തിരുവടിയുടെകാരുണ്യം എല്ലാകാലത്തും എന്നില്‍ ഉണ്ടായിരിക്കുന്നതിലും കവിഞ്ഞ ഒരാഗ്രഹവും എനിക്കു മനസ്സിലില്ല. എന്നിരിക്കിലും; ജനനമരണങ്ങളില്‍ നിന്ന് മുക്തനാവാനുള്ള വരം അവിടുന്ന് എനിക്കു നല്‍കിയാലും. എന്റെവംശത്തെ രക്ഷിക്കുവാനായി അവിടുന്ന് എന്നും എന്റെകൊട്ടാരത്തില്‍ വാഴണം. കാമവൈരിയുടെ നന്ദനനായ ദൈവമേ, ഇതല്ലാതെ എനിക്കൊരു ആഗ്രഹവുമില്ല.



രാജാവിന്റെവാക്കുകള്‍കേട്ട് ഭൂതനാഥന്‍ അരുള്‍ചെയ്തു: മഹാരാജാവേ,
ജനനമരണദുഃഖങ്ങള്‍ ഇല്ലാതെയാവാന്‍ കര്‍മ്മനാശം തന്നെ വേണം. അതിനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഭവാന്‍ കേള്‍ക്കുക. ഇത്രയും പറഞ്ഞ് അഗസ്ത്യമഹര്‍ഷിയെ കടാക്ഷിച്ച് ഭഗവാന്‍ നിന്നു. അതു കണ്ട് അഗസ്ത്യമഹര്‍ഷി മണികണ്ഠനോട് ആദരവോടെ പറഞ്ഞു: അവിടുന്നുതന്നെ ഇന്നു പന്തളരാജനു തത്ത്വോപദേശം ചെയ്യണം. ഭൂമിയില്‍ വസിക്കുന്നവര്‍ക്കെല്ലാം പ്രയോജനപ്രദമായ ഭൂതനാഥഗീതയായി അത്അറിയപ്പെടും. ഇങ്ങനെ പറഞ്ഞ് ഭൂതേശപാദങ്ങള്‍ പ്രണമിച്ച് അഗസ്ത്യന്‍ മറഞ്ഞു.



നേരം ഉച്ചയായതിനാല്‍ രാജാവും മറ്റുള്ളവരും കുളിച്ച് ശുദ്ധിവരുത്തി. തുടര്‍ന്ന് ബ്രാഹ്മണരോടൊരുമിച്ച് അര്‍ഘ്യാദികള്‍ നടത്തി ആദരപൂര്‍വ്വം മണികണ്ഠനു പാലും, പഴവും, പഞ്ചസാരയും, ഗുളവുമെല്ലാം രാജാവ് നിവേദിച്ചു. ആനന്ദമോടെ രാജശേഖരനൃപനും ഭക്ഷണം കഴിച്ചു.. സ്വര്‍ണ്ണ സിംഹാസനത്തില്‍ മണികണ്ഠനെ ഇരുത്തിയശേഷം ദണ്ഡനമസ്‌ക്കാരംചെയ്ത രാജാവും ബ്രാഹ്മണരും നിലത്തുവിരിച്ച പുലിത്തോലില്‍ ഇരുന്നു. മഹാരാജ്ഞിയും മന്ത്രിയും മണികണ്ഠനെ വന്ദിച്ച് ചിന്താകുലരായി കണ്ണീര്‍വാര്‍ത്തു നിന്നു. അവരെ കാരുണ്യപൂര്‍വം കടാക്ഷിച്ചുകൊണ്ട് മണികണ്ഠസ്വാമി പറഞ്ഞു: നിങ്ങള്‍ എന്തിനു കരയുന്നു?. എന്തുദുഃഖമാണു ഇപ്പോള്‍ നിങ്ങളെ അലട്ടുന്നത്? എന്നെ വധിക്കാന്‍ ശ്രമിച്ചിട്ടു ഫലിക്കാത്തതിനാലാണോ ഈ ദുഃഖം?. ദേവകാര്യാര്‍ത്ഥമായിട്ടായിരുന്നു നിങ്ങളുടെ പ്രവൃത്തി. അതിനാല്‍ നിങ്ങള്‍ക്കു യതൊരു പാപവുമില്ല. എന്നാല്‍ ഇനി മേലില്‍ ഇത്തരം ദുഷ്ചിന്തകള്‍ മനസ്സില്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. രാജ്ഞിയോടും മന്ത്രിയോടും ഇങ്ങനെ പറഞ്ഞശേഷം ഭൂതനാഥന്‍ മഹാരാജാവിന് ഉപദേശം നല്‍കുവാന്‍ ആരംഭിച്ചു.

No comments:

Post a Comment