ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, December 26, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - പുലിവാഹനന്‍ (31)


ayaaapan

മഹിഷിയുടെ ശരീരം മറവുചെയ്തശേഷം ഭൂതനാഥന്‍ വാപരന്‍ എന്ന് പേരുള്ള ഭൂതത്തെ തന്റെ സമീപത്തേക്കു വിളിച്ചു. ശോഭനഗാത്രനായ മണികണ്ഠസ്വാമി വാപരനോടു പറഞ്ഞു: ഈസ്ഥലത്ത് ഒരു ആലയം പണികഴിപ്പിച്ച് ഭൂതവൃന്ദങ്ങളോടുകൂടി ഭവാന്‍ സന്തോഷപൂര്‍വം വസിക്കുക. പന്തളരാജനെ കണ്ട് ഞാന്‍ തിരികെവരുന്നതുവരെ  ഭക്തരെ സംരക്ഷിക്കുവാന്‍ ദുഷ്ടസത്വങ്ങളെ ഭൂതഗണങ്ങളോടൊരുമിച്ച് വേട്ടയാടി അമര്‍ച്ചചെയ്ത് ഇവിടെ വാസമുറപ്പിക്കുക. അലംഭാവമൊട്ടുമില്ലാതെ ഭക്തരെ സംരക്ഷിക്കുക.

വാപരനോട് ഇങ്ങനെ പറഞ്ഞശേഷം താപസകുലത്തെ ഒന്നാകെ കടാക്ഷിച്ച് പന്തളരാജധാനിയിലേക്ക് അന്തകാന്തകപുത്രനായ ഭൂതനാഥന്‍ പുറപ്പെട്ടു. ലോകത്തെ ഭരിക്കുന്ന നാഥനെ ചുമക്കുവാന്‍ തനിക്കുയോഗമുണ്ടായല്ലോ എന്ന സന്തോഷത്തോടെ ദേവേന്ദ്രന്‍ വ്യാഘ്രരൂപം ധരിച്ച് മണികണ്ഠനുമുന്നില്‍ നിന്നു. വ്യാഘ്രത്തിന്റെ പുറത്തേറി ഭഗവാന്‍ യാത്രയാരംഭിച്ചു.

ദേവവനിതകള്‍ പെണ്‍പുലികളായും ദേവന്മാര്‍ പുലിക്കുട്ടികളായും ഇന്ദ്രനോടൊപ്പംചേര്‍ന്നു പന്തളത്തേയ്ക്കു നടന്നു. മണികണ്ഠനും പുലിക്കൂട്ടവും പന്തളരാജധാനിയില്‍ എത്തി.

പുലികളെകണ്ടു പേടിച്ച് നഗരവാസികള്‍ ഭയഭീതരായി കോലാഹലശബ്ദത്തോടെ രക്ഷതേടിഅങ്ങുമിങ്ങും ഓടിത്തുടങ്ങി. മഹാരാജാവ് കുമാരനെ കാട്ടില്‍അയച്ചതുമൂലം ഇതാ നമുക്കു ഇപ്പോള്‍ നാട്ടിലും വസിക്കാനാവാത്ത അവസ്ഥയായിരിക്കുന്നു.

കാട്ടിലെ പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ട്ഒരുകേടും സംഭവിക്കാതെ ഇതാ മണികണ്ഠന്‍ വന്നിരിക്കുന്നു. ഇങ്ങനെ പറഞ്ഞു പലായനം ചെയ്യുന്ന പ്രജകളുടെ ശബ്ദംകേട്ട് രാജശേഖരരാജാവ് കൊട്ടാരത്തിന്റെ ഗോപുരവാതിലില്‍വന്നു നോക്കി. ഉഗ്രതയേറുന്ന ശാര്‍ദ്ദൂലത്തിന്റെ കഴുത്തിലേറി കയ്യില്‍ ചാപബാണങ്ങളോടും എണ്ണമറ്റ ഈറ്റപ്പുലികളോടും പുലിക്കുട്ടികളോടുംകൂടിവരുന്ന ശോഭന ഗാത്രനായ മണികണ്ഠനെ രാജാവ്കണ്ടു. ആനന്ദത്താല്‍ വിസ്മിതനായ മഹാരാജാവ്‌വൃക്ഷത്തെപ്പോലെ ചലിക്കാനാവാതെ നിന്നു.

പിതാവിനെ കണ്ട് ഭൂതനാഥന്‍ പെട്ടെന്നുതന്നെ പുലിപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തെ വന്ദിച്ചു പറഞ്ഞു: മഹാരാജാവേ, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ കാര്യം സാധിച്ചു പുലികളേയുംകൊണ്ട് ഇതാവന്നിരിക്കുന്നു.

ശീഘ്രംതന്നെ കിണ്ടിയുമായിവന്ന് പുലിപ്പാല്‍ കറന്നെടുത്ത് രാജ്ഞിക്കു നല്‍കാന്‍ ഭൃത്യന്മാരോട് ആജ്ഞാപിച്ചാലും. രാജ്ഞിയുടെഅസുഖം നിശ്ശേഷംമാറുന്നതാണ്. പാല്‍ ഉടന്‍ തന്നെ കറന്നെടുത്തില്ലെങ്കില്‍ പുലിക്കൂട്ടം വിശന്നുതളരും. ഇവയ്ക്ക് തിന്നാന്‍ എന്തെങ്കിലും നല്‍കുവാന്‍ നമുക്കു സാധിക്കുകയില്ല. പുലികള്‍കടിക്കും എന്നുവിചാരിച്ചു പാല്‍കറന്നെടുക്കാതിരിക്കരുത്.

ഞാന്‍ അവയെ പിടിച്ചു നിര്‍ത്തിക്കൊള്ളാം. ഈ വാക്കുകള്‍കേട്ടു ഭീതിയോടെ വിറച്ചുകൊണ്ട് ഗദ്ഗദപൂര്‍വ്വം മഹാരാജാവ് ഉത്തമപുരുഷനായ മണികണ്ഠസ്വാമിയോടു പറഞ്ഞു: എന്തിനായാണ് അവിടുന്ന് എന്നെ ഈ വിധമെല്ലാം പരീക്ഷിക്കുന്നത്? നിന്തിരുവടി ആരാണ്എന്ന് എന്നോടു അരുളിച്ചെയ്താലും. പുലിക്കൂട്ടത്തെ ഭവാന്‍ കൊണ്ടുവന്നതില്‍ എനിക്ക് അശേഷം അത്ഭുതമില്ല.

ദിവ്യമന്ത്രൗഷധങ്ങളാലും രത്‌നങ്ങളാലുമൊക്കെ ഇതു സാധിക്കുന്ന മനുഷ്യര്‍ പലരുമുണ്ട്എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലും നിന്തിരുവടിയുടെ തേജസ്സുപോലെ ദിവ്യമായതേജസ്സ്ആര്‍ക്കും മന്ത്രൗഷധങ്ങളാല്‍ നേടിയെടുക്കാനാവില്ല. ഇത്രനാളും ഇല്ലാതിരുന്ന ദിവ്യതേജസ്സ് അങ്ങയുടെ തിരുമുഖത്ത്ഇന്നുകാണുകയാല്‍ അങ്ങ് എന്റെ പുത്രനാണ് എന്നുള്ള ഭാവം ഇന്നുമുതല്‍ എനിക്കില്ല. സത്യനായ ജഗദീശ്വരനാണ് അങ്ങ ്എന്ന് ഞാന്‍ ഇന്നുമുതല്‍ ഓര്‍ക്കുന്നതാണ്.

ധന്യനായ ഭവാന്‍ ഇവിടെ നിന്നും വനത്തിലേക്ക് പോയ അന്നുമുതല്‍ എന്റെ പത്‌നിയുടെ രോഗവും ശമിച്ചു. അതിനാല്‍ ഇനി പുലിപ്പാല്‍ ആവശ്യമില്ല. ഈ പുലികളെ വന്ന വഴിയേതന്നെ വനത്തിലേക്കുവിട്ടാലും. അങ്ങയുടെ തത്വമെല്ലാം വിസ്തരിച്ച് ഉപദേശിച്ചുതന്ന് പന്തളരാജനായ എന്നെ മുക്തനാക്കിയാലും’.

ഇപ്രകാരം മണികണ്ഠനെ വന്ദിച്ച് രാജശേഖരനൃപന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവിടെ താപസോത്തമനായ അഗസ്ത്യന്‍ വന്നുചേര്‍ന്നു. കുംഭോത്ഭവനും ലോപാമുദ്രയുടെപതിയുമായ അഗസ്ത്യമഹര്‍ഷിയെ വിധിപ്രകാരം മഹാരാജാവ് പൂജിച്ചു.

മഹര്‍ഷിയുടെ പാദപത്മങ്ങളില്‍ പ്രണമിച്ച് അതീവ പരിഭ്രമത്തോടെ രാജശേഖരന്‍ ചോദിച്ചു. മഹാമുനേ, പന്തളരാജ്യത്തിന്റെ ഭാഗ്യലക്ഷ്മിയായ മണികണ്ഠകുമാരന്‍ ആരാണ് എന്നുള്ളത് ഇത്രയുംകാലമായിട്ടും ഞാന്‍ അറിഞ്ഞില്ല. അത് അറിയുവാനുള്ള യോഗ്യത എനിക്ക് ഇല്ല എന്നറിയാം.എങ്കിലും അങ്ങ് അതെനിക്ക് പറഞ്ഞു തരുവാന്‍ ദയയുണ്ടാകണം.

രാജാവിന്റെ ചോദ്യംകേട്ട് അഗസ്ത്യമഹര്‍ഷി ശ്രീപരമേശ്വരന്റെ തൃപ്പാദങ്ങള്‍ സ്മരിച്ചശേഷം മണികണ്ഠസ്വാമിയുടെ ജന്മലക്ഷ്യവും മറ്റും അദ്ദേഹത്തിനു പറഞ്ഞുകൊടുത്തു.

വിസ്മയാവഹമായ ഭൂതനാഥചരിതം കേട്ട് രാജശേഖരമഹാരാജാവ് ആനന്ദവിവശനായി. (ആറാം അദ്ധ്യായം സമാപിച്ചു)

രാജശേഖരമഹാരാജാവിന് ഭൂതനാഥനായ ഭഗവാന്‍ ഉപദേശിച്ചു നല്‍കിയ അദ്വൈതശാസ്ത്രത്തിന്റെ സംഗ്രഹമായ ‘ശ്രീഭൂതനാഥഗീത’യാണു ഭൂതനാഥോപാഖ്യാനത്തിലെ ഏഴുമുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദ്യം.


സുകേഷ് പി. ഡി.



No comments:

Post a Comment