ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, December 25, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : ആറാം അദ്ധ്യായം മഹിഷീമര്‍ദ്ദകന്‍ (29)

MAHISHI

സുന്ദരമഹിഷവുമായി പിരിയുന്ന മഹിഷി വീണ്ടും ദേവലോകം ആക്രമിക്കുന്നതും, ദേവന്മാരുടെ സ്തുതികേട്ട് ധര്‍മ്മശാസ്താവ് മഹിഷിയുടെ അഹങ്കാരം ശമിപ്പിക്കുന്നതും, മാളികപ്പുറത്തമ്മയുടെ ഉത്ഭവവും, പുലിക്കൂട്ടത്തോടൊപ്പം പന്തളരാജധാനിയിലെത്തിയ സ്വാമിയുടെ തത്വം രാജശേഖരമഹാരാജാവ് തിരിച്ചരിയുന്നതുമാണ് ആറാം അദ്ധ്യായത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.


സൂതന്‍ പറഞ്ഞു: പൊന്നമ്പലമേട്ടില്‍ ഭൂതനാഥസ്വാമി  വിശ്രമിക്കുന്ന അവസരത്തില്‍ മഹിഷി എന്തുചെയ്തുവെന്നുകേള്‍ക്കുക. സുന്ദരമഹിഷത്തോടൊപ്പം കാമകേളികളാടിമഹിഷി കഴിയാന്‍ ആരംഭിച്ചതോടെ രക്ഷിക്കാന്‍ ആരുമില്ലാതെ വലഞ്ഞ ദാനവന്മാര്‍ ഒത്തുചേര്‍ന്ന് ഒരുദിവസം മഹിഷിയുടെ മുന്നിലെത്തി.


അവര്‍ മഹിഷിയോടു പറഞ്ഞു: ധന്യയായ ഭവതിയെ മോഹിപ്പിക്കുവാന്‍ ദുര്‍ന്നയന്മാരായ ദേവകള്‍ നിര്‍മ്മിച്ചതാണ് ഈ സുന്ദരമഹിഷത്തെ. മഹിഷത്തെ കാമിച്ച് ഭൂതലത്തിലെ വനാന്തരങ്ങളില്‍ അലഞ്ഞുതിരിയുന്ന ഭവതിയെ കണ്ടിട്ട് ഞങ്ങള്‍ക്ക് അതിയായദുഃഖമുണ്ട്. ഇന്ദ്രാദിദേവന്മാര്‍ ഇപ്പോള്‍ ദേവലോകത്ത് സുഖിച്ചുവാഴുകയാണ്.


പാലാഴികടയാന്‍ സുരന്മാരോടൊരുമിച്ച് ഞങ്ങളും കഠിന പരിശ്രമംചെയ്തു. എന്നിട്ടും ഒരുതുള്ളി അമൃതുപോലും തരാതെ ഞങ്ങളെ പാതാളത്തിലേക്ക് ഓടിച്ചുവിട്ടു. ഞങ്ങളിനി എന്താണുചെയ്യേണ്ടത്? അമൃതപാനത്താല്‍ അതിശക്തരായിത്തീര്‍ന്ന അമരന്മാരോട് ഏറ്റുമുട്ടാന്‍ ഞങ്ങള്‍ അശക്തരായിരിക്കുന്നു. ദാനവന്മാര്‍ക്കെല്ലാം കഷ്ടകാലം വന്നുചേര്‍ന്നു കഴിഞ്ഞു.


ദാനവന്മാരുടെ വാക്കുകള്‍കേട്ട് മഹിഷികോപം കൊണ്ടുജ്വലിച്ചു. സുന്ദരമഹിഷത്തെ തല്‍ക്ഷണം ത്യജിച്ച മഹിഷി ബ്രഹ്മദേവന്റെ വരത്തേക്കുറിച്ച് ചിന്തിച്ചു. ആ വരത്തിന്റെ പ്രഭാവത്താല്‍ മുന്‍പുണ്ടായപോലെ എണ്ണമറ്റ മഹിഷീഗണം അവളുടെ ശരീരത്തില്‍ നിന്നും ആവിര്‍ഭവിച്ചു. ഇതേസമയം സുന്ദരമഹിഷം തന്റെ ദേഹം ത്യജിച്ച് തന്റെ ഉത്പത്തിക്കുകാരണമായ ത്രിമൂര്‍ത്തികളില്‍ ലയിച്ചു.


വന്‍പടയോടുകൂടി മഹിഷി ദേവലോകത്തിലെത്തി. ദാനവസേനയും മഹിഷസേനയും ഒത്തു പരമശക്തയായ മഹിഷി സ്വര്‍ഗ്ഗകവാടത്തിലെത്തി ഇടിമുഴക്കംപോലെ ഗംഭീരശബ്ദത്തില്‍ സിംഹനാദംചെയ്ത് ഇന്ദ്രനെ പോരിനു വിളിച്ചു  ദുര്‍മ്മതിയായ ഇന്ദ്രാ, നീ എന്നെ വഞ്ചിച്ച് അപഹരിച്ച നാകലോകം ഞാന്‍ തന്നെ വീണ്ടും അനുഭവിക്കുന്നതാണ്. എന്റെ പരാക്രമം നീ മുന്‍പേ കണ്ടറിഞ്ഞിട്ടുള്ളതാണ്. ദേവന്മാരായ നിങ്ങളുടെ അഹങ്കാരമാകുന്ന കാട്ടാനക്കൂട്ടത്തെ സംഹരിക്കുവാന്‍ സിംഹിയെപ്പോലേ ഒറ്റയ്ക്ക് ഞാന്‍ വന്നിതാ നില്‍ക്കുന്നു. ദുര്‍ന്നയന്മാരായ നിര്‍ജ്ജരകീടങ്ങളേ, എന്നോടു പോരിനായ്‌വരിക.


മഹിഷിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍കേട്ട് ക്ഷുഭിതരായ ദേവകള്‍ വന്‍സൈന്യത്തോടൊപ്പം അസുരപ്പടയെ നേരിട്ടു. യാതൊരു അസ്ത്രവും മഹിഷിയുടെ ശരീരത്തില്‍ഏല്‍ക്കുകയില്ല എന്നു കണ്ട് ദേവകള്‍ വിഷണ്ണരായി. അവളുടെ പരാക്രമത്തില്‍ വലഞ്ഞ ദേവകള്‍ ഹരിഹരപുത്രനായ ധര്‍മ്മശാസ്താവിന്റെ പാദപങ്കജങ്ങള്‍ സ്മരിച്ചു.


തങ്ങള്‍ക്കു ഭഗവാന്‍ മുന്‍പേ നല്‍കിയവരത്തെക്കുറിച്ച് ഓര്‍മ്മിച്ച അവര്‍ ഭക്തിപൂര്‍വം ശാസ്താവിനെ ഭജിക്കാനൊരുമ്പെട്ടു. ദക്ഷിണദിക്കിലെ പമ്പാനദിയുടെ തീരത്തുചെന്ന് അവര്‍ ദക്ഷാരിസുതനായ ശാസ്താവിനെ സ്തുതിച്ചുതുടങ്ങി


ഓം നമസ്‌തേ ഭഗവതേ, നാരായണായ നമോ
നമസ്‌തേ ഭഗവതേ, പാര്‍വ്വതീശായ നമഃ
ഘോരസംസാരാര്‍ണ്ണവതാരകായതേ നമഃ
താരകബ്രഹ്മരൂപധാരിണേ നമോ നമഃ
ഭൂതനാഥായ നമോ ബോധരൂപായ നമോ
പൂതരൂപായ നമോ പുണ്യപൂര്‍ണ്ണായ നമോ
ഓം എന്ന വര്‍ണ്ണത്രയമൊന്നായിവിളങ്ങീടു
മോങ്കാരരൂപായതേ നമസ്‌തേ നമസ്‌ക്കാരം
നമസ്‌തേ പകാരായസാദരം നമസ്‌ക്കാരം
നമസ്‌തേരേഫാന്തായസമസ്‌തേശായ നമഃ
നമസ്‌തേയകാരായ നമസ്‌തേഗോകാരായ
നമസ്‌തേ പകാരായ നമസ്‌തേതകാരായ
നമസ്‌തേരേഫാന്തായ നമസ്‌തേ നകാരായ
നമസ്‌തേമകാരായ നമസ്‌തേ നമോ നമഃ
നമസ്‌തേഹരിഹരനന്ദനായതേ നിത്യം
സമസ്തദുഃഖങ്ങളുമൊഴിച്ചുകൊള്ളേണമേ
വിശ്വകര്‍ത്താവേ! പരിപാലയജഗത്പതേ!
വിശ്വഭര്‍ത്താവേ! ജയവിശ്വഹര്‍ത്താവേ! ജയ
ജീവികള്‍ക്കെല്ലാമേകരൂപമാംജീവനാകും
ദേവദേവനാം ഭവാനെപ്പൊഴുംജയിച്ചാലും
ജന്മ•ദുഃഖങ്ങളെല്ലാംതീര്‍ത്തരുളീടുന്നൊരു
ധര്‍മ്മശാസ്താവേ! ജയിച്ചീടുകസദാകാലം
പന്തളഭൂമീശന്റെ പുണ്യപുഞ്ജമായീടും
സന്താനദൃമം പൂത്തുകായ്ച്ചു നിന്നീടും പോലെ
ചന്തംചിന്തീടുന്നൊരു നിന്തിരുപാദങ്ങളെ
ചിന്തചെയ്തീടുന്നോര്‍ക്കുസന്താപമുണ്ടാകുമോ?
(ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)



ഇങ്ങനെ സ്തുതിച്ച് ദേവവൃന്ദം ഭക്തിപരവശരായി നൃത്തംചെയ്തു. (ധര്‍മ്മശാസ്താവിന്റെ അഷ്ടാക്ഷര മന്ത്രമായ ഓം പരായഗോപ്‌ത്രേ നമഃ ഈ സ്തുതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു).


സ്തുതി സ്വീകരിച്ച ഭക്തവത്‌സലനും പുരുഷോത്തമനുമായ ഭൂതനാഥന്‍ ദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷനായി. ഭഗവാന്‍ അമരന്മാരോടു പറഞ്ഞു: നിങ്ങളാല്‍ സ്തുതിക്കപ്പെട്ട ഞാന്‍ ഇതാ വരദായകനായി വന്നിരിക്കുന്നു. നിങ്ങളുടെ ആഗ്രഹം അറിയിക്കുക.  ആര്യതാതനായ ഭൂതനായകസ്വാമി ഇങ്ങനെ കാരുണ്യാമൃതം ചൊരിഞ്ഞ് അരുളിച്ചെയ്തപ്പോള്‍ ദേവന്മാര്‍ ഭഗവാനെ വന്ദിച്ച് ഒന്നുംമിണ്ടാതെ വിഷാദമോടെ മൗനം പൂണ്ടു നിന്നു.



ആദിതേയന്മാരുടെ അവസ്ഥ മനസ്സിലാക്കിയ ഭൂതനാഥന്‍ ഇന്ദ്രനോടു പറഞ്ഞു : ദുര്‍മ്മദമേറിയ മഹിഷിയുടെ മദം നശിപ്പിച്ച് സ്വര്‍ഗ്ഗലോകം ഭവാനു ഞാന്‍ നല്‍കുന്നതാണ്. മാത്രമല്ല, മേലില്‍ ഇങ്ങനെയുള്ള ദുഃഖങ്ങളുണ്ടായാല്‍അവയും ഞാന്‍ തന്നെ പരിഹരിച്ചുതരുന്നതാണ്. നിങ്ങള്‍ചൊല്ലിയ ഈ സ്തുതി നിറഞ്ഞ ഭക്തിയോടെ ജപിക്കുന്നവരാരോ അവര്‍ ഉത്തമജ്ഞാനികളായി ഭവിക്കും. അവര്‍ക്ക്ഒരുകാലത്തും ദുഃഖമുണ്ടാവുകയില്ല.



മകരലഗ്നത്തിലേക്ക് സൂര്യന്‍ കടക്കുന്ന  വേളയിലോ മന്ദവാസരങ്ങളിലോ(ശനിയാഴ്ചകളിലോ) ഉള്ളില്‍ ഭക്തിയോടെ ഈ സ്‌തോത്രം ജപിക്കുന്നവന്‍ എനിക്കു പ്രിയങ്കരനാകും. ഇതുസത്യമാണ്.ഇങ്ങനെ അരുള്‍ചെയ്ത് ഭൂതവൃന്ദത്തോടൊപ്പം ഭൂതനാഥസ്വാമി സ്വര്‍ഗ്ഗലോകത്തിലെത്തി. ആയുധപാണിയായിവന്നുചേര്‍ന്ന ആര്യതാതനെക്കണ്ട് കോപിച്ച മഹിഷിതന്റെ ഉഗ്രമായശൃംഗങ്ങള്‍(കൊമ്പുകള്‍) കുലുക്കി യുദ്ധത്തിനു പുറപ്പെട്ടു.


കൊമ്പുകള്‍ കൊണ്ടു ഭൂതനാഥനെ ആക്രമിക്കാന്‍ ശ്രമിച്ച മഹിഷിയെ ഭൂതനാഥന്‍ കോപത്തോടെ കൊമ്പുകളില്‍ പിടിച്ചുയര്‍ത്തി ആകാശത്തു വട്ടംകറക്കി. കുട്ടികള്‍ വടി വട്ടംകറക്കി  കളിക്കുന്ന ലാഘവത്തോടെ ശാസ്താവ ്മഹിഷിയെ ചുഴറ്റിയശേഷം ഭൂമിയിലേക്ക് എറിഞ്ഞു. പമ്പാനദിയുടെ പടിഞ്ഞാറുഭാഗത്ത് അലസാനദിയുടെ(അഴുതയാറിന്റെ) തീരത്താണു മഹിഷി വന്നുവീണത്.


ഭൂമിയില്‍ നിന്നും മഹിഷി എഴുന്നേല്‍ക്കുന്നതിനു മുന്‍പേ മണികണ്ഠസ്വാമിമഹിഷിയുടെ ശരീരത്തിലേക്കു ചാടി അവളുടെ ഘോരശരീരത്തില്‍ കാല്‍പ്പാദങ്ങളാല്‍ പ്രഹരിച്ചു. മഹിഷീശരീരത്തില്‍ ഭൂതനാഥന്‍ നര്‍ത്തനം ചെയ്യുന്നതു കണ്ടദാനവന്മാര്‍ ഭീതരായി പലായനം ചെയ്തു. സ്വാമിയുടെ നിര്‍ദ്ദേശാനുസാരം ഭൂതഗണങ്ങള്‍ ദാനവന്മാരെ സംഹരിച്ചു തുടങ്ങി.


സുകേഷ് പി. ഡി.


No comments:

Post a Comment