ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, December 15, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – കര്‍പ്പൂരപ്രിയന്‍ (14)

karpurampriayan

അയ്യപ്പന്റെ പ്രസിദ്ധമായ മറ്റൊരു നാമമാണു കര്‍പ്പൂരപ്രിയന്‍. കര്‍പ്പൂരാരതിയും കര്‍പ്പൂരാഴിയും അയ്യപ്പനു പ്രിയങ്കരമായതുമൂലം ഭഗവാന്‍ കര്‍പ്പൂരപ്രിയന്‍ എന്നു പ്രസിദ്ധനായി. കര്‍പ്പൂരപ്രിയനേ ശരണമയ്യപ്പാ എന്നു നാം ശരണംവിളിക്കുകയും ചെയ്യുന്നു.


ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍
കൈകൂപ്പിത്തൊഴുതുരുകുമ്പോള്‍
പദ്മരാഗപ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും
കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍

വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ ശബരിമലയിലെ കര്‍പ്പൂരസുഗന്ധം പോലെതന്നെ ഭക്തര്‍ക്കു പ്രിയങ്കരവുമായിക്കഴിഞ്ഞു.


അയ്യപ്പന്‍മാര്‍ക്ക് ഒഴിവാക്കാനാവാത്ത പൂജാവസ്തുവാണു കര്‍പ്പൂരം. മാലയിടുന്നതുമുതല്‍ മലയാത്ര കഴിഞ്ഞു മാല അഴിക്കുന്നതുവരെയുള്ള എല്ലാ ചടങ്ങുകളിലും കര്‍പ്പൂരദീപം ആവശ്യമാണ്. ശാസ്താവിഗ്രഹത്തില്‍ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടുതൊഴുതു ശരണംവിളിച്ചു ഭക്തര്‍ മാലയിടുന്നു. തുടര്‍ന്ന് എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യക്കും കര്‍പ്പൂരദീപം കൊളുത്തി ശരണംവിളിച്ച് അയ്യപ്പനെ ആരാധിക്കണം. അയ്യപ്പനു മുന്നില്‍ സമര്‍പ്പിക്കാനായി ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു.


മലയാത്രയ്ക്കു കെട്ടുനിറച്ചുകഴിഞ്ഞാല്‍ കര്‍പ്പൂരാരതി നടത്തി ഗുരുസ്വാമി കെട്ടുതാങ്ങിതരുന്നു. പിന്നീട്‌ തേങ്ങയുടച്ച്‌ യാത്രയാരംഭിക്കുന്ന അയ്യപ്പന്മാര്‍ വഴിയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചുവന്ദിക്കുന്നു. വിശ്രമശേഷം കെട്ടുവീണ്ടും ശിരസ്സിലേറ്റുന്നതിനുമുന്‍പും ആരതി ചെയ്യാറുണ്ട്. പമ്പയില്‍ മലകയറുമ്പോഴും കര്‍പ്പൂരം കത്തിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഭക്തജനങ്ങളുടെ തിരക്കുമൂലവും സുരക്ഷാകാരണങ്ങളാലും പമ്പയിലും സന്നിധാനത്തും കര്‍പ്പൂരം കത്തിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ വഴിപാടുകളായി ഭക്തജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കുവിധേയരായി കര്‍പ്പൂരാഴി നടത്താറുണ്ട്.


അന്തസ്‌തേജോ ബഹിസ്‌തേജോഏകീകൃത്യാമിതപ്രഭം
ത്രിധാദേവൈ പരിഭ്രാമ്യ കളദീപം നിവേദയേത്
എന്ന്കര്‍പ്പൂരാരതി നടത്തുമ്പോഴും



അഗ്നിജിഹ്വാംമഹാജിഹ്വാം സപ്തജിഹ്വാം നമാമ്യഹം
ശാസ്തൃദേവമുഖംവന്ദേ വീതിഹോത്രം പ്രഭാകരം
എന്ന്കര്‍പ്പൂരാഴി പ്രദക്ഷിണം ചെയ്യുമ്പോഴുംജപിക്കേണ്ടതാണ്.



സന്നിധാനത്തു കൊടിമരത്തിനു സമീപം കര്‍പ്പൂരത്തറയില്‍ കര്‍പ്പൂരം സമര്‍പ്പിക്കുകയായിരുന്നു മുന്‍പ് പതിവ്. ഇന്നുകര്‍പ്പൂരത്തറയില്ല. തിരുമുറ്റത്തുണ്ടായിരുന്ന ആഴി പതിനെട്ടാം പടിക്കുതാഴേക്കു മാറ്റിയിരിക്കുന്നു. മാസപൂജകള്‍ക്കും മറ്റും നടതുറന്നാല്‍ ശ്രീകോവിലില്‍ നിന്നുംകൊളുത്തുന്ന ദീപം കൊണ്ടാണു ആഴിജ്വലിപ്പിക്കുന്നത്. നെയ്‌ത്തേങ്ങകളുടെ മുറികളും കര്‍പ്പൂരാദിസുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന്എരിയുന്ന ആഴിസന്നിധാനത്തെ സുഗന്ധപൂരിതമാക്കുന്നു.



കര്‍പ്പൂരശബ്ദത്തിന്റെ അര്‍ത്ഥം ധാരാളമായി സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നത്(കൃവിക്ഷേപേ പുരി ആപ്യായനേ) എന്നാണ്. ഘനസാരം, ഹിമവാലുകാ, ചന്ദ്രസംജ്ഞം, സിതാഭ്രം എന്നിങ്ങനെ സംസ്‌കൃത ഭാഷയില്‍ അറിയപ്പെടുന്ന കര്‍പ്പൂരം കര്‍പ്പൂരവൃക്ഷത്തില്‍ നിന്നാണുലഭിക്കുന്നത്. തണുപ്പു നല്‍കുന്നതും തിക്തരസത്തോടുകൂടിയതുമായ കര്‍പ്പൂരത്തിനു വാത, കഫ ജന്യരോഗങ്ങളെ ശമിപ്പിക്കുവാനുള്ളകഴിവുണ്ട്. അതിനാല്‍ ആയുര്‍വേദഔഷധങ്ങളില്‍ കര്‍പ്പൂരത്തിനും സ്ഥാനമുണ്ട്.കത്തിക്കുമ്പോള്‍ സുഗന്ധം പരത്തി ഒന്നുമവശേഷിപ്പിക്കാതെ (ഭസ്മം പോലും ഇല്ലാതെ)എരിഞ്ഞുതീരുന്നതാണു കര്‍പ്പൂരം.



അയ്യപ്പസന്നിധിയില്‍ നിന്നെരിയുന്ന കര്‍പ്പൂരനാളങ്ങള്‍ക്കു സമമാകണം ഭക്തരും. ഭഗവാനു മുന്നില്‍ജ്ഞാനാഗ്നിയില്‍ എരിഞ്ഞ് ശുദ്ധീകരിക്കപ്പെട്ട് ലോകത്തിനു സുഗന്ധം പരത്തിവേണം ഓരോ മനുഷ്യനും മടങ്ങേണ്ടത്. അപ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ധാരാളമായി സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കര്‍പ്പൂരമായിമാറുന്നു. ആ കര്‍പ്പൂരം ഭഗവാനു ഏറ്റവും പ്രിയങ്കരവുമാകുന്നു.




സുകേഷ് പി. ഡി.

No comments:

Post a Comment